ചേമഞ്ചേരി: കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം കഥാരചനയില്‍ ഒന്നാം സ്ഥാനം ലഭിച്ച കൊളത്തൂര്‍ ഗുരുവരാനന്ദ മെമ്മോറിയല്‍ എച്ച്.എസ്.എസിലെ പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായ എ. കാവ്യശ്രീയും സമകാലിക സംഭവങ്ങളോട് പുലര്‍ത്തുന്നത് ഉറച്ച നിലപാടുകള്‍. എഴുത്തുകാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ളെന്നും അവരെ സ്വതന്ത്രമായി സമൂഹത്തില്‍ ഇടപെടാന്‍ അനുവദിക്കണമെന്നുമാണ് കാവ്യശ്രീയുടെ പക്ഷം. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ഏതെങ്കിലും ഒരു വിഭാഗത്തിന്‍െറ താല്‍പര്യത്തിനനുസരിച്ച് മാത്രമാവണമെന്ന് ശഠിക്കുന്നത് നീതിയല്ളെന്നും കാവ്യശ്രീ പറയുന്നു. എം.ടിക്കും കമലിനുമെതിരായ സംഘ്പരിവാര്‍ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് കാവ്യശ്രീയുടെ പ്രതികരണം.
യുവജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഭയപ്പെടുന്നുവെന്നും കാവ്യശ്രീ പറയുന്നു. ‘സൈബര്‍ ലോകത്ത് മഴപെയ്യുമ്പോള്‍’ എന്ന വിഷയത്തില്‍ എഴുതിയ ‘ഹാക്കിങ്’ എന്ന കഥയാണ് കാവ്യശ്രീയെ ഒന്നാം സ്ഥാനത്തിന് അര്‍ഹയാക്കിയത്. കഥയിലാണ് സമ്മാനം ലഭിച്ചതെങ്കിലും കവിതയാണ് കാവ്യശ്രീയുടെ മാധ്യമം. കുട്ടിക്കാലം മുതലേ നല്ല വായനയുള്ള കാവ്യശ്രീയെ തുണച്ചത് പിതാവ് എ. സുരേഷ്കുമാറിന്‍െറ പുസ്തക ശേഖരമാണ്.
കഥാകൃത്തുക്കളില്‍ ഏറ്റവും ഇഷ്ടം മാധവിക്കുട്ടിയെ. മാധവിക്കുട്ടിയുടെ സമ്പൂര്‍ണ കൃതികള്‍ രണ്ട് വാല്യവും ഇതിനകം കാവ്യശ്രീ വായിച്ചു തീര്‍ന്നു. സന്തോഷ് ഏച്ചിക്കാനം, അംബിക സുതന്‍ മാങ്ങാട് മുതലായവരാണ് പുതുതലമുറയിലെ പ്രിയ കഥാകൃത്തുക്കള്‍. കൊളത്തൂര്‍ ഹൈസ്കൂളില്‍ തന്നെ മലയാളം പഠിപ്പിച്ച സരിത ടീച്ചറും അച്ഛന്‍െറ സുഹൃത്ത് ഡോ. സോമന്‍ കടലൂരുമാണ് എഴുത്തിലേക്ക് തന്നെ കൊണ്ടുവന്നതെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ തന്നതെന്നും കാവ്യശ്രീ പറയുന്നു.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ ഫെല്ളോഷിപ്പ്, ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടന ഏര്‍പ്പെടുത്തിയ ഹബീബ് മാസ്റ്റര്‍ സംസ്ഥാന തല പുരസ്കാരം എന്നിവ നേടിയിട്ടുണ്ട് ഈ കഥാകാരി.
ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്താം ക്ളാസ് വിദ്യാര്‍ഥിനിയായിരിക്കെ ഓര്‍മപ്പീലികള്‍ എന്ന കവിത സമാഹാരം പ്ളാവില ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. കൊളത്തൂര്‍ എച്ച്.എസ്.എസിലെ അധ്യാപിക സി.കെ. ദീപ്തിയാണ് കാവ്യശ്രീയുടെ മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.