മൂന്നാംനാളും ജനപ്രളയം

കൗമാരകല മനംനിറഞ്ഞാസ്വദിക്കാന്‍  മൂന്നാംനാളിലും കണ്ണൂരിന്‍െറ നഗരവേദികളിലേക്ക് ജനപ്രവാഹം.   കാണികളെ വിരുന്നൂട്ടാന്‍ 20 വേദികളിലും കൗമാരപ്രതിഭകള്‍ മത്സരിച്ചു. അതേസമയം, അപ്പീലുമായി 2500ഓളം കുട്ടികള്‍ അധികമത്തെിയതോടെ സമയക്രമം താളംതെറ്റി. പുലരുംവരെ നീണ്ട മത്സരങ്ങള്‍ക്കൊടുവില്‍  ഛര്‍ദിച്ചും തളര്‍ന്നുവീണും കഷ്ടപ്പെടുന്ന കുട്ടികളുടെ ദയനീയ ചിത്രമാണ് വേദിക്കു പിന്നില്‍ കണ്ടത്.  
കലയുടെ ഉറവ പൊട്ടാതിരുന്ന സെന്‍റ് മൈക്കിള്‍സിലെ ‘മണിമലയാറി’ല്‍ കഥ-കവിത രചനാ മത്സരങ്ങള്‍ നടന്നു. ചാലിയാറില്‍ ബാന്‍ഡ്മേളത്തിന്‍െറ പ്രകമ്പനമായിരുന്നു.  ‘നിള’യില്‍ കേരളനടനത്തിന് ആയിരങ്ങള്‍ സാക്ഷിയായി. സെന്‍റ് മൈക്കിള്‍സിലെ ‘പെരിയാറി’ല്‍ നാടകത്തിന് പുലര്‍ച്ചയോടെയാണ് തിരശ്ശീല വീണത്. മന്ത്രി സി. രവീന്ദ്രനാഥ് അംഗസേവകരില്ലാതെ ആള്‍ക്കൂട്ടത്തിലൊരുവനായത് നാടകസദസ്സില്‍ നാട്യങ്ങളില്ലാത്ത കാഴ്ചയായി. തര്‍ക്കങ്ങളില്ലാതെ തുടങ്ങിയ നാടകം ചിലത് പതിവുരീതികള്‍ തുടര്‍ന്നപ്പോള്‍ ഭൂരിഭാഗവും പുതിയകാലത്തെ അടയാളപ്പെടുത്തി.  പമ്പയില്‍ മാര്‍ഗംകളിയും കല്ലായിയില്‍ ഗിത്താറും കവ്വായിയില്‍ മൃദംഗവും ഭവാനിയില്‍ പ്രസംഗവും പല്ലനയില്‍ ഗാനാലാപനവും നെയ്യാറില്‍ മാപ്പിളപ്പാട്ടും പാമ്പാറില്‍ കഥകളിയും കടലുണ്ടിയില്‍ പദ്യവും മീനച്ചിലില്‍ കഥാരചനയും കരമനയില്‍ കവിതാരചനയുമായിരുന്നു. എഴുത്തിലും അഭിനയത്തിലും ആലാപനത്തിലും പ്രതിഭകള്‍ കഴിവ് മാറ്റുരച്ച മത്സരങ്ങളായിരുന്നു എങ്ങും. രചനയില്‍ പുതിയ ശൈലികളും ഭാവനകളും വിരിഞ്ഞു. കാലത്തിനനുസരിച്ച് മാറാതെ ന്യൂജനറേഷന്‍ കുട്ടികളും പതിവ് ശൈലി ആവര്‍ത്തിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ മിമിക്രി വേദി നിരാശയുടേതായി. എങ്കിലും വന്‍ ജനാവലിയാണ് മിമിക്രി കാണാനത്തെിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മാര്‍ഗംകളി മികച്ച നിലവാരമാണ് പുലര്‍ത്തിയത്.

Tags:    
News Summary - school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.