ക്വലാലംപൂർ: കുപ്രസിദ്ധമായ ഗ്വാണ്ടാനമോ തടവറയിൽ 18 വർഷം കഴിഞ്ഞശേഷം മോചിതരായി രണ്ട് മലേഷ്യൻ പൗരന്മാർ നാടണഞ്ഞു. മുഹമ്മദ് ഫാരിക് അമീൻ, മുഹമ്മദ് നാസിർ എന്നിവരാണ് ക്വാലാലംപൂരിലെത്തിയത്. 200ലേറെ പേർ കൊല്ലപ്പെട്ട 2002ലെ ബാലി സ്ഫോടനത്തിൽ പ്രതി ചേർക്കപ്പെട്ടാണ് തടവിലായത്.
ബാലി സ്ഫോടനത്തിലെ മുഖ്യ സൂത്രധാരനായ എൻസെപ് നൂർജമാനെതിരെ ഇരുവരും സാക്ഷി പറഞ്ഞതായി പെന്റഗൺ അറിയിച്ചു. നൂർജമാൻ ഗ്വാണ്ടാനമോയിൽ കസ്റ്റഡിയിൽ തുടരുകയാണ്. 17 വർഷമായി കുറ്റപത്രം നൽകാതെ ഗ്വാണ്ടാനമോയിൽ തടവിലാക്കപ്പെട്ട കെനിയക്കാരൻ മുഹമ്മദ് അബ്ദുൽ മാലിക് ബജാബുവിനെ ചൊവ്വാഴ്ച മോചിപ്പിച്ചിരുന്നു. ക്യൂബയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ അമേരിക്കയുടെ കീഴിൽ ഗ്വാണ്ടാനമോ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഗ്വാണ്ടാനമോ ബേ തടവറ മനുഷ്യാവകാശ ലംഘനത്തിന് പേരുകേട്ടതാണ്. അന്താരാഷ്ട്രതലത്തിൽ ചീത്തപ്പേരുണ്ടായതിനെ തുടർന്ന് തടവറ പൂട്ടാൻ യു.എസ് ഭരണകൂടം നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി തടവുകാരെ മോചിപ്പിച്ചുവരികയാണ്. 27 തടവുകാർ മാത്രമേ ഗ്വാണ്ടാനമോയിൽ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.