യു.എസിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; മൃതദേഹത്തിന് സമീപം തോക്ക് കണ്ടെടുത്തു

വാഷിങ്ടൺ: യു.എസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹത. ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക(40), നാലുവയസുള്ള ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് പൊലീസ് ഇവർ താമസിക്കുന്ന വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടികളെ കിടപ്പുമുറിയിലും ആനന്ദിനെയും ആലീസിനെയും ബാത്റൂമിലുമാണ് കണ്ടെത്തിയത്. ആനന്ദിന്റെയും ആലീസിന്റെയും ശരീരത്തിൽ വെടിയേറ്റതിന്റെ അടയാളങ്ങളുണ്ടായിരുന്നു.

ഇവരുടെ മൃതദേഹത്തിനു സമീപം തോക്കും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കാലിഫോർണിയ പൊലീസ് അറിയിച്ചു. അതേസമയം വീട്ടിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. 2020ലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്ന വീട് 17 കോടി രൂപക്ക് വാങ്ങിയത്.

ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെ ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയിരുന്നു. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഏഴു വര്‍ഷം മുന്‍പാണ് കുടുംബം അമേരിക്കയിലേക്കു പോയത്. കുട്ടികള്‍ അമേരിക്കയിലാണ് ജനിച്ചത്.

Tags:    
News Summary - Indian family found dead with gunshot wounds at their US Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.