എഡിസൺ (ന്യു ജേഴ്‌സി): അമേരിക്ക സന്ദർശിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും രാജ്യസഭാ എം.പിയും സുപ്രീംകോടതി അഭിഭാഷകനുമായ ഹാരിസ് ബീരാനും അമേരിക്കൻ പ്രവാസി സമൂഹം സ്വീകരണം നൽകി. റോയൽ ആൽബർട്ട് പാലസിൽ നടന്ന സ്വീകരണത്തിൽ ഫൊക്കാന, ഫോമാ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, വേൾഡ് മലയാളി കൗൺസിൽ തുടങ്ങി വിവിധ മേഖലകളിൽ നിന്നുമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി), മലയാളി മുസ്ലിംസ് ഓഫ് ന്യു ജേഴ്‌സി (എം.എം.എൻ.ജെ), നന്മ എന്നീ സംഘടനകളാണ് സ്വീകരണം സംഘടിപ്പിച്ചത്.
പ്രവാസം എന്നത് കേരളീയ ജീവിതത്തിന്റെ ഭാഗമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ, എന്നാണ് നാട്ടിൽ തിരിച്ചെത്തുന്നതെന്ന് ചിന്തിച്ചാണ് ഓരോ പ്രവാസിയും കഴിയുന്നത്. അതിന് അപവാദമാണ് അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രാവാസികൾ. ഇവിടെ തന്നെ തുടരാനാണ് അവർ ആഗ്രഹിക്കുന്നത്. സ്വപ്നസാക്ഷാത്കാരത്തിന് അവസരമൊരുക്കുന്ന മണ്ണായതുകൊണ്ടാണ് അമേരിക്കയിൽ കുടിയേറിയ പ്രവാസികൾ സന്തോഷത്തോടെ അവിടെ തന്നെ തുടരുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഭക്ഷണം, വസ്ത്രം, ഭാഷ എന്നിവയിലെ വൈവിധ്യമാണ് ഇന്ത്യ എന്ന രാജ്യത്തെ അത്ഭുതമാക്കി നിർത്തുന്നതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. ആ വൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. അമേരിക്കൻ പൗരത്വം സ്വീകരിച്ചെങ്കിൽപോലും നാട്ടിൽ ഏത് ദുരിതം വന്നാലും ഏറ്റവുംകൂടുതൽ സഹായം ലഭിക്കുന്നത് അമേരിക്കൻ മലയാളികളിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.സി.സി യു.എസ് പ്രസിഡന്റ് യു.എ. നസീർ അധ്യക്ഷത വഹിച്ചു. റിട്ട. ഡി.ജി.പി ടോമിൻ തച്ചങ്കരി, ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ് ഡയോസിസ് മെത്രാപ്പോലീത്ത സഖറിയാ മോർ നിക്കോളാവോസ്, ഐ.ഓ.സി. ചെയർമാൻ ജോർജ് എബ്രഹാം, ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, നമ വൈസ് പ്രസിഡന്റ് ഡോ സക്കീർ ഹുസ്സൈൻ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ബോബി ബാൽ, ജോർജ് ജോസഫ്, മുൻ ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ, അസ്‌ലം ഹമീദ്, കെ.എം.സി.സി യു.എ.ഇ സെക്രട്ടറി അൻവർ നഹ എന്നിവർ സംസാരിച്ചു. സുൽഫിക്കർ ഹബീബ്, താഹാ മുഹമ്മദ് എന്നിവർ മോഡറേറ്റ് ചെയ്തു. ഇൻതിയാസ് സ്വാഗതവും ഷെമി അന്ത്രു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.