ശ്രീനഗർ/ചിറ്റൂർ (പാലക്കാട്): ജമ്മു-കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പാലക്കാട് ചിറ്റൂർ സ്വദേശികളായ ഷമാഞ്ചിറ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഗ് നേഷ് (23) എന്നിവരാണ് മരിച്ച മലയാളികൾ. എസ്.യു.വിയുടെ ഡ്രൈവറും ശ്രീനഗറുകാരനുമായ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാൾ. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരിക്ക്. ഗുരുതര പരിക്കേറ്റ മനോജിനെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി.
സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് പറയുന്നു. ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. മഞ്ഞുകട്ടകൾ വീണ്കിടക്കുന്ന റോഡിൽ നിന്ന് വഴുതിയാണ് വാഹനം ചുരത്തിലെ യാദവ് മോറിലെ കൊക്കയിലേക്ക് പതിച്ചത്. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകർന്നിരുന്നു. മാതാ വൈഷ്ണോദേവിയുടെ ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3528 മീറ്റർ (11649 അടി) ഉയരമുള്ള സോജില ചുരം ശ്രീനഗറിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ്.
കൂലിപ്പണിക്കാരനായിരുന്നു അനിൽ. മാതാവ്: ദൈവാന. ഭാര്യ: സൗമ്യ. മക്കൾ: ധ്യാൻ, 90 ദിവസം പ്രായമായ പെൺകുഞ്ഞ്. സഹോദരൻ സുനി.
തമിഴ്നാട്ടിൽ സർവേയറാണ് മരിച്ച സുധീഷ്. മാതാവ്: പ്രേമ. ഭാര്യ: മാലിനി. സഹോദരങ്ങൾ: സുജീവ്, ശ്രുതി.
ഐ.സി.ഐ.സി.ഐ ബാങ്ക് ജീവനക്കാരനാണ് രാഹുൽ. മാതാവ്: ചന്ദ്രിക. സഹോദരൻ: രാജേഷ്. ഭാര്യ: നീതു. വിഗ് നേഷിന്റെ അമ്മ പാർവതി. സഹോദരി: വിദ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.