മലപ്പുറം: കടലുണ്ടിപ്പുഴയിൽ മലപ്പുറം നൂറാടി പാലത്തിന് സമീപം മൈലപ്പുറത്ത് കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു. ഒരുവിദ്യാർഥി മുങ്ങിമരിച്ചു. മൂന്നുപേരെ അഗ്നിരക്ഷസേന രക്ഷിച്ചു.
മലപ്പുറം കോലാർ റോഡിൽ ചെറുതൊടി അബ്ദുല്ലക്കുട്ടിയുടെ മകനും മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമായ ആരിഫുദ്ദീനാണ് (17) മരിച്ചത്. മൈലപ്പുറം കോലാർ സ്വദേശികളായ മുഹമ്മദ് വസീം (17), മുഹമ്മദ് നസീം (17), മുഹമ്മദ് സിനാൻ (17) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മുഹമ്മദ് വസീമും മുഹമ്മദ് നസീമും ഇരട്ടസഹോദരങ്ങളാണ്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മലപ്പുറം അഗ്നിരക്ഷസേന സംഭവസ്ഥലത്ത് കുതിച്ചെത്തി. അരമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ അഗ്‌നിരക്ഷസേനയുടെ മുങ്ങൽവിദഗ്ധരായ ടി. ജാബിർ, കെ.സി. മുഹമ്മദ് ഫാരിസ് എന്നിവർ ചേർന്നാണ് ആറു മീറ്റർ താഴ്ചയിൽനിന്ന് ആരിഫുദ്ദീനെ കരയിലെത്തിച്ചത്. സി.പി.ആർ നൽകിയെങ്കിലും മരിച്ചു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൈലപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ആരിഫുദ്ദീന്‍റെ മാതാവ്: സുബൈദ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ആഷിഖ് റഹ്മാൻ, ഇർഫാന, ഖദീജ തസ്നി, ഫാത്തിമ, ഷംസുൽ ഹുദ, നൂദിൻ നൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.