പന്തളം: കാമറ കണ്ണ് തുറന്നിട്ടും എം.സി റോഡ് മുറിച്ചുകടക്കവേ കാർ ഇടിച്ചുവീഴ്ത്തി യുവാവ് മരിച്ച സംഭവത്തിൽ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാർ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. തിങ്കളാഴ്ച രാത്രിയോടെ തിരക്കേറിയ എം.സി റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷന് സമീപമാണ് യുവാവിനെ കാർ ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ മുകളിലൂടെ മറ്റൊരു കാർ കയറിയാണ് ദാരുണ അന്ത്യം സംഭവിച്ചത്.
പന്തളം ,കുരമ്പാല, ശങ്കരത്തിൽ കുളത്തും വടക്കേതിൽ പരേതനായ യോഹന്നാന്‍റെ മകൻ കെ.വൈ. ബിജുവാണ് (44) മരിച്ചത്. റോഡ് മുറിച്ചുകടക്കുമ്പോൾ അടൂരിൽനിന്ന് പന്തളം ഭാഗത്തേക്ക് വന്ന കാർ ബിജുവിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ആദ്യം ഇടിച്ച കാർ നിർത്താതെപോവുകയും ചെയ്തു. അപകടത്തിൽപ്പെട്ട റോഡിൽവീണ ബിജുവിന്‍റെ ദേഹത്തേക്ക് പന്തളത്തുനിന്ന് അടൂർ ഭാഗത്തേക്കുപോവുകയായിരുന്ന മറ്റൊരു കാർ കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ മെഡിക്കൽ മിഷൻ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽ മിഷൻ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച ബിജു. അപകടം നടന്ന സ്ഥലത്തിന്‍റെ തൊട്ടടുത്തുതന്നെ കാമറ ഉണ്ടെങ്കിലും അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബിജുവിന്‍റെ സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുരമ്പാല സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും. മാതാവ്: പരേതയായ മേരി യോഹന്നാൻ. ഭാര്യ: ജിനു. മക്കൾ: ജോയൽ, ജോഷ്വ, ജോബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.