അങ്കമാലി: ദേശീയപാതയിലെ ഭീമൻകുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ ഹോട്ടലുടമക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെൽക്ക് കവലയിലെ 'ഹോട്ടൽ ബദ്രിയ്യ' ഉടമയാണ്.
വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ 10.20ഓടെയായിരുന്നു ദുരന്തം. സ്കൂളിന് സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിൽ തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. കനത്ത മഴയിൽ വെള്ളം കെട്ടികിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശീയപാതയിൽ ടാറിങ്ങ് പൂർത്തിയാക്കിയ ശേഷം രൂപംകൊണ്ട ആഴമുള്ള കുഴിയാണിത്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന നിരവധി യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്.
അപകടമറിഞ്ഞ് അങ്കമാലിയിൽ നിന്ന് അഗ്നിരക്ഷസേനയും നെടുമ്പാശ്ശേരി പൊലീസും സ്ഥലത്തെത്തി. പിതാവ്: പരേതനായ അബ്ദുൽ ഖാദർ. മാതാവ്: നഫീസ. ഭാര്യ: ഷമീന. മക്കൾ: ഹിഷാം, ഹാഷിദ്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് മാഞ്ഞാലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.