ശാസ്താംകോട്ട (കൊല്ലം): ചക്കുവള്ളി അരീക്കൽ കലുങ്കിനു സമീപം പുതുവത്സരരാത്രിയിൽ ബൈക്ക് വീടിൻ്റെ മതിലിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് 12-ാം വാർഡ് കാഞ്ഞിരക്കാട്ട് തറയിൽ (അഭിജിത്ത് ഭവനം) അഭിജിത്ത് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശൂരനാട് വടക്ക് പാറക്കടവ് സ്വദേശി അജിത്തിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 12ഓടെ കൊല്ലം-തേനി ദേശീയപാതയിൽ ചക്കുവള്ളിക്ക് സമീപം ഇയ്യാനം അരീക്കൽ കലുങ്കിനു സമീപത്താണ് അപകടം. മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് ഇരുവരും സഞ്ചരിച്ച ബൈക്ക് വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റും മതിലും തകർന്നു. ബൈക്കിനും കേടുപാടു സംഭവിച്ചു. ബൈക്കിൽ ഇടിച്ചെന്ന് കരുതുന്ന വാഹനം കണ്ടെത്താനായിട്ടില്ല. വാഹനം കണ്ടെത്താൻ ശൂരനാട് പൊലീസിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങി.
അപകടത്തിൽപ്പെട്ട യുവാക്കളെ ആദ്യം ശൂരനാട് പൊലീസിന്റെ വാഹനത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും ഇവിടെനിന്ന് അഭിജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ അഭിജിത്ത് മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.