കിണർ റിങ് പൊട്ടി തലയിൽ വീണ് തൊഴിലാളി മരിച്ചു

തൊടുപുഴ: കിണര്‍ നിര്‍മാണത്തിനിടെ റിങ് ഇറക്കുമ്പോൾ ഒരു ഭാഗം അടർന്ന് തലയിൽ വീണ് തൊഴിലാളി മരിച്ചു. തൊടുപുഴ ഒളമറ്റം കുന്നുമ്മല്‍ ശ്രീജിത് കൃഷ്ണ (ജിത്ത് -42) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.45ഓടെ ആനക്കൂട് കവലക്ക് സമീപമാണ് സംഭവം.

മണക്കാട് നെല്ലിക്കാവ് വരമ്പനാല്‍ ജിഷ്ണുരാജ് ആനക്കൂടിന് സമീപം അടുത്തിടെ വാങ്ങിയ സ്ഥലത്ത് നിർമിച്ച കിണറ്റിൽ റിങ് ഇറക്കുമ്പോഴാണ് അപകടം. ശ്രീജിത് അടക്കം ഏഴുപേരാണ് ജോലിയിൽ ഏര്‍പ്പെട്ടിരുന്നത്. ശ്രീജിത് കിണറിനകത്തും മറ്റുള്ളവര്‍ പുറത്തുമായിരുന്നു. ഏഴ് റിങ്ങുകൾ കിണറിനുള്ളിൽ സ്ഥാപിച്ച ശേഷം എട്ടാമത്തെ റിങ് ഇറക്കുകയായിരുന്നു. കിണറിനുപുറത്ത് നിന്ന തൊഴിലാളികള്‍ പ്ലാസ്റ്റിക് കയറിൽ ഇറക്കിയ റിങ്ങിന്‍റെ ഒരു ഭാഗം അപ്രതീക്ഷിതമായി അടർന്ന് ശ്രീജിത്തിന്‍റെ തലയില്‍ പതിക്കുകയായിരുന്നു.

നേരത്തേ സ്ഥാപിച്ച ഏഴ് റിങ്ങുകൾക്ക് മുകളിൽ നിന്നിരുന്ന ശ്രീജിത്ത് ഇതോടെ കിണറ്റിലേക്ക് വീണു. ഉടന്‍ മറ്റുള്ളവര്‍ കിണറ്റിലിറങ്ങി ശ്രീജിത്തിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. കണ്ണൂർ ഇരിട്ടി കുന്നുമ്മൽ പരേതനായ കൃഷ്ണന്‍റെയും ശ്രീമതിയുടെയും മകനായ ശ്രീജിത്ത് 15 വർഷത്തിലേറെയായി തൊടുപുഴയിലാണ് താമസം.

ഒളമറ്റം പുത്തൻവീട്ടിൽ ആശയാണ് ഭാര്യ. കരിങ്കുന്നം സെന്‍റ് അഗസ്റ്റിൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അഭിനവ്, ചുങ്കം സെന്‍റ് ജോസഫ് യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി അനഘ, ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അഭിനന്ദ് എന്നിവർ മക്കളാണ്.

Tags:    
News Summary - The worker died when the well ring fell on his head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.