കിണറിലെ പാറ പൊട്ടിക്കാന്‍ തോട്ടവെച്ചു തിരിച്ചുകയറുന്നതിനിടെ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടക്ക് തിരികൊളുത്തി പുറത്തേക്ക് കയറാനാകാതെ വീണുപോയ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രന്‍ (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ പെരിന്തല്‍മണ്ണ തേക്കിന്‍കോട് ആണ് സംഭവം.

തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണര്‍ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വെച്ചത്. കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. പുറത്തുനിന്നവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ തോട്ട പൊട്ടിത്തെറിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് ഇളകിയ മണ്ണിനടിയിലായിരുന്നു രാജേന്ദ്രന്‍.

പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പാറ തുളക്കാന്‍ ഉപയോഗിക്കുന്ന കംപ്രസര്‍ യന്ത്രമുപയോഗിച്ച് കിണറ്റിലെ പുക നീക്കിയശേഷമാണ് മണ്ണുമാറ്റി രാജേന്ദ്രനെ പുറത്തെത്തിച്ചത്. പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - The worker fell into the well and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.