അങ്കമാലി: കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിൽ കൊച്ചിയിൽ നടന്ന ഫുട്ബാൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽനിന്ന് വീണ് മരിച്ചു. കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) വീട്ടിൽ പ്രകാശിന്‍റെ മകനും എറണാകുളത്ത് സി.എ വിദ്യാർഥിയുമായ ഡോൺ (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കറുകുറ്റി റെയിൽവേ സ്റ്റേഷനിലാണ് അപകടം.
ട്രെയിൻ അങ്കമാലിയിൽ എത്തിയപ്പോൾ സഹോദരനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാൻ സ്റ്റേഷനില്‍ എത്താൻ പറഞ്ഞിരുന്നു. എന്നാൽ, അങ്കമാലിയിൽ ട്രെയിൻ നിര്‍ത്തിയില്ലെന്നും ഇനി തൃശൂരിലേ നിർത്തൂവെന്നും പിന്നീട് അറിയിച്ചു. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കറുകുറ്റി ഭാഗത്ത് ട്രെയിൻ വേഗത കുറച്ച് പോകുന്നതിനിടെ ചാടിയിറങ്ങിയപ്പോഴാണ് അപകടമെന്ന് കരുതുന്നു.
പിതാവും സഹോദരനും കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും ഡോണിനെ കണ്ടെത്താനായില്ല. ഫോണിലും ലഭിക്കാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. മൊബൈൽ ലൊക്കേഷൻ കറുകുറ്റിയിലാണെന്ന് കണ്ടെത്തിയതോടെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: മോളി. സഹോദരൻ: ഡാലിൻ. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് കറുകുറ്റി സെന്‍റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.