കുന്ദമംഗലം: ചെത്തുകടവ് കുഴിമണ്ണിൽ കടവിൽ അമ്മയും മകളും ബന്ധുവായ വിദ്യാർഥിയുമടക്കം മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. മിനിചാത്തൻകാവ് കാരിപ്പറമ്പത്ത് മിനി (സിന്ധു-48), മകൾ ആതിര (26), ബന്ധുവും കുന്ദമംഗലം ഈസ്റ്റ് എ.യു.പി സ്കൂൾ ഏഴാം തരം വിദ്യാർഥിയുമായ കുഴിമണ്ണിൽ അദ്വൈത് (13) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പം പുഴയിൽ മുങ്ങിയ അദ്വൈതിന്റെ അമ്മ സിനൂജയെ നാട്ടുകാർ രക്ഷപ്പെടുത്തി. മിനിയും മകൾ ആതിരയും ശനിയാഴ്ച അദ്വൈതിന്റെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. വൈകീട്ട് അഞ്ചോടെ ഇരു കുടുംബവും പുഴ കാണാൻ പോയി. ഇതിനിടെ അദ്വൈത് പുഴയിലേക്ക് കാൽവഴുതി വീണു. ഉടൻ മാതാവ് സിനൂജ പുഴയിലേക്ക് ചാടിയെങ്കിലും അവരും മുങ്ങിപ്പോയി. ഇതോടെ ഇരുവരെയും രക്ഷപ്പെടുത്താൻ സിന്ധുവും ആതിരയും പുഴയിലിറങ്ങുകയായിരുന്നു.
ഒപ്പമുള്ള കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവരാണ് സിനൂജയെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. മറ്റുള്ളവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൂവരുടെയും മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പരേതനായ സിദ്ധാർഥനാണ് മിനിയുടെ ഭർത്താവ്. മകൻ: അഖിൽ. ചെത്തുകടവ് കുഴിമണ്ണിൽ ഷൈജുവാണ് അദ്വൈതിന്റെ പിതാവ്. സഹോദരി: അനൈഘ. കൽപറ്റ കാവുംമന്ദം സ്വദേശി രാജേഷാണ് മരിച്ച ആതിരയുടെ ഭർത്താവ്. മകൻ: ധ്രുവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.