കൊളത്തൂർ (മലപ്പുറം): വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞിന് ദാരുണാന്ത്യം. ചാപ്പനങ്ങാടി സ്വദേശി തെോക്കത്ത് നാസറിന്റെ മകൾ ഇഫയാണ് (മൂന്ന്) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം.
പടപ്പറമ്പ് മൂച്ചിക്കൽ പുളിവെട്ടി ജാറത്തിനു സമീപമായിരുന്നു അപകടം. ടാങ്കർ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ മുൻസീറ്റിൽ ഉമ്മയുടെ മടിയിലിരിക്കുകയായിരുന്നു കുഞ്ഞ്. ഇടിയെ തുടർന്ന് സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങുകയും എയർബാഗ് മുഖത്തമർന്ന് ശ്വാസം തടസ്സപ്പെടുകയുമായിരുന്നു.
പ്രവാസിയായ നാസർ രണ്ടു ദിവസം മുമ്പാണ് ബന്ധുവിന്റെ നിക്കാഹിനോടനുബന്ധിച്ച് നാട്ടിലെത്തിയത്. നിക്കാഹുമായി ബന്ധപ്പെട്ട ചടങ്ങിന് പോയി തിരിച്ചുവരവെയാണ് അപകടം. ഇന്നായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്. കൂടെ കാറിലുണ്ടായിരുന്ന നാസറിന്റെ സഹോദരിയുടെ മകൾക്ക് നിസ്സാര പരിക്കേറ്റു. മറ്റാർക്കും പരിക്കില്ല. കൊളത്തൂർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
ഇഫയുടെ മാതാവ്: റംഷീന കുഴിമാട്ടിൽ കളത്തിൽ (കോട്ടക്കൽ). സഹോദരങ്ങൾ: റൈഹാന, അമീൻ. മൃതദേഹം പെരിന്തൽമണ്ണ ഗവ. ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.