അടിമാലി: തമിഴ്നാട്ടിൽനിന്ന് മാങ്കുളത്തേക്ക് വന്ന വിനോദയാത്രാ സംഘത്തിന്‍റെ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞും പിതാവുമടക്കം നാല് മരണം. പത്തുപേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ സി.കെ. സേതു (34), ഗുണശേഖരൻ (75), തൻവിക് (ഒന്ന്), തൻവികിന്‍റെ പിതാവ് അഭിനേഷ് മൂർത്തി(30) എന്നിവരാണ് മരിച്ചത്.
ഡ്രൈവർ ഒബ്ലിക് രാജ്, സൗന്ദര്യവല്ലി, ജ്യോതിലക്ഷ്മി, ഗീത, ശരണ്യ, രൺവീർ, പ്രസന്നകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രി, മോണിങ് സ്റ്റാർ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ മാങ്കുളം-ആനക്കുളം റൂട്ടിൽ പേമരം (ഗ്രോട്ടോ) വളവിലാണ് അപകടം. നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറുകൾ തകർത്ത് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിലാണ് മൂന്നുപേർ മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് അഭിനേഷ് മൂർത്തി മരിച്ചത്.
ആനന്ദ കുക്കിങ് റേഞ്ചേഴ്സ് എന്ന കമ്പനി അവരുടെ ഡീലർമാർക്കായി നടത്തിയ വിനോദയാത്ര വാഹനമാണ് അപകടത്തിൽപെട്ടത്. 14 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു ട്രാവലറിലും ഇന്നോവയിലുമായാണ് സംഘത്തിലുള്ളവർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.