ഡോ. അജ്മൽ, അദ്വൈത്

എറണാകുളത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടർമാർ മരിച്ചു; മൂന്നു പേരെ രക്ഷപ്പെടുത്തി

പറവൂർ: അർധരാത്രി ദിശ തെറ്റി കാർ പുഴയിലേക്ക് വീണ് സ്വകാര്യ ആശുപത്രിയിലെ രണ്ട് യുവ ഡോക്ടർമാർക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിനി അടക്കം മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയിലെ കടൽവാതുരുത്ത് കടവിലാണ് നാടിനെ നടുക്കിയ അപകടം.

കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിക്ക് കീഴിലുള്ള എ.ആർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടറും മതിലകം പാമ്പിനേഴത്ത് ഒഫൂർ - ഹഫ്സ ദമ്പതികളുടെ മകൻ ഡോ. അജ്മൽ ആസിഫ് (28), കൊല്ലം പാലത്തറ ബോധിനഗർ 254 തുണ്ടിൽ വീട്ടിൽ ഡോ. അദ്വൈത് (28) എന്നിവരാണ് മരിച്ചത്. കൂടെ സഞ്ചരിച്ച എറിയാട് സ്വദേശി ഡോ. ഖാസിക്, മെയിൽ നഴ്സ് ജിസ്മോൻ, മെഡിക്കൽ വിദ്യാർഥിനി തമന്ന എന്നിവരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. എറണാകുളത്ത് ഡോ. അദ്വൈതിന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ് കൊടുങ്ങല്ലൂർക്ക് മടങ്ങും വഴിയാണ് അപകടം. കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ മംഗള ഭാനുവിന്റെയും കൊറ്റംകുളങ്ങര വി.എച്ച്.എസ്.എസ് റിട്ട. ക്ലർക്ക് കെ. സുപ്രിയയുടെയും ഏക മകനാണ് അദ്വൈത്.

പറവൂർ ടൗൺ ഒഴിവാക്കി ഗോതുരുത്ത് വഴി ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച ഇവർ കടൽവാതുരുത്തിന് 400 മീറ്റർ മുമ്പ് ഇടത്തോട്ട് തിരിയുന്നതിനുപകരം മുന്നോട്ട് പോയി പുഴയിൽ വീഴുകയായിരുന്നു.കനത്ത മഴയിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണ് കാർ വേഗത്തിൽ മുന്നോട്ടെടുത്തത്. റോഡ് അവസാനിക്കുന്നതായ ഒരു മുന്നറിയിപ്പും ഇവിടെ ഉണ്ടായിരുന്നില്ല.

അപകടം കണ്ട വടക്കുംപുറത്ത് കെട്ടിട നിർമാണത്തിനുവന്ന മലപ്പുറം സ്വദേശി അബ്ദുൽ ഹഖും സഹപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനിറങ്ങി കാറിലുണ്ടയിരുന്ന മറ്റുള്ളവരെ രക്ഷിക്കുകയായിരുന്നു. ഇതിനിടെ, കാർ പൂർണമായും പുഴയിൽ മുങ്ങിയിരുന്നു. വിവരമറിഞ്ഞ് വടക്കേക്കര പൊലീസും പറവൂർ അഗ്നിരക്ഷാ നിലയത്തിൽനിന്നുള്ള സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. അജ്മൽ ആസിഫും അദ്വൈതും കാറിന്‍റെ വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും മുങ്ങിപ്പോയി. അദ്വൈതാണ് കാർ ഓടിച്ചത്. അജ്മലും മുൻ സീറ്റിലായിരുന്നു. പുലർച്ച മൂന്നരയോടെയാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്.

മരിച്ച അജ്മലും അദ്വൈതും സഹപാഠികളും ഉറ്റ സുഹൃത്തുക്കളുമാണ്. സഹകരണ വകുപ്പ് ഇന്‍റേണൽ ഓഡിറ്ററാണ് ഡോ. അജ്മലിന്‍റെ പിതാവ് ഒഫൂർ. മാതാവ് ഹഫ്സ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. സഹോദരങ്ങൾ: ഡോ. അജ്മി, അൽഫാസ്.

അദ്വൈതിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 11.30ന് ചവറ അറയ്ക്കൽ ക്ഷേത്രത്തിന് സമീപം മാതാവിന്‍റെ കുടുംബവീടായ പത്തിശ്ശേരി വീട്ടുവളപ്പിൽ സംസ്കരിക്കും.

Tags:    
News Summary - Two doctors died when their car fell into the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.