പൊ​ന്നാ​നി ക​ർ​മ റോ​ഡി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ടം

യുവാക്കളുടെ അഭ്യാസപ്രകടനം മരണക്കെണിയൊരുക്കുന്നു

പൊന്നാനി: പൊന്നാനി കർമ റോഡിലെ യുവാക്കളുടെ അഭ്യാസപ്രകടനം മരണക്കെണിയൊരുക്കുന്നു. തിങ്കളാഴ്ച രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിർമാണം പൂർത്തിയായ കർമ റോഡിലെ യുവാക്കളുടെ ബൈക്ക് റൈസിങ്ങും അഭ്യാസ പ്രകടനങ്ങളുമാണ് അപകടം വിളിച്ചുവരുത്തുന്നത്. ഇൻസ്റ്റഗ്രാം റീൽസിനും വാട്സ് ആപ്പ് സ്റ്റാറ്റസുകൾക്കും വേണ്ടി സാഹസിക രംഗങ്ങൾ ചിത്രീകരിക്കാൻ യുവാക്കൾ റോഡ് ഉപയോഗിക്കുന്നതാണ് ഇവിടം മരണപാതയാകാനിടയാക്കുന്നത്.

ഇത്തരത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട ബൈക്കിടിച്ചാണ് പൊന്നാനി മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന വെട്ടം വീട്ടിൽ അപ്പുക്കുട്ടന്‍റെ മകൻ സജയന്‍റെ (39) ജീവൻ പൊലിഞ്ഞത്.

അവധി ദിനങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ പോലും യുവാക്കൾ ബൈക്കുകളിലും കാറുകളിലും റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് പതിവാണ്. പലപ്പോഴും മറ്റു വാഹനങ്ങളിൽ ഇടിച്ചും പുഴയിലേക്ക് വാഹനങ്ങൾ മറിഞ്ഞും അപകടം സംഭവിക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ടാറിങ് പൂർത്തീകരിച്ച റോഡിലെ അമിതവേഗതയും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. പൊലീസിന്‍റെ നിരീക്ഷണം കുറവായതിനാലാണ് യുവാക്കളുടെ കൈവിട്ട കളി റോഡിലുണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. യുവാക്കളുടെ അനിയന്ത്രിത ഡ്രൈവിങ്ങ് നിർത്തലാക്കാനാവശ്യമായ നടപടികൾക്കായി പ്രദേശവാസികൾ രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ്.  

Tags:    
News Summary - Youth bike racing is a death trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.