ന്യൂഡൽഹി: ഏഷ്യൻ സിനിമകളുടെ മാതാവ് എന്നറിയപ്പെട്ട ഇന്ത്യൻ നിരൂപകയും എഴുത്തുകാരിയും ഡോക്യുമെന്ററി നിർമാതാവുമായ അരുണ വാസുദേവ് അന്തരിച്ചു. 88 വയസായിരുന്നു. ഇന്ത്യയിൽ ആദ്യമായി സിനിമയെക്കുറിച്ച് ഇറങ്ങിയ ആധികാരിക പുസ്തകങ്ങൾ അരുണയുടെതാണ്. കാൻസ്, ലോക്കർനോ എന്നിവയുൾപ്പെടെ 40 ഓളം മികച്ച ചലച്ചിത്ര ഉത്സവങ്ങളുടെ അന്താരാഷ്ട്ര ജൂറി അംഗമായിട്ടുണ്ട് ഇവർ.
ഏഷ്യൻ സിനിമകളുടെ തുടിപ്പുകൾ ഒന്നര പതിറ്റാണ്ട് പ്രേക്ഷകരെ അറിയിച്ച ‘സിനിമായ’എന്ന മാഗസിെൻറ അച്ചടിമഷിക്ക് പിന്നിൽ അരുണയാണ്. ഏഷ്യൻ ചലച്ചിത്രോത്സവമായ ‘സിനിഫാൻ ഫിലിം ഫെസ്റ്റിവ’ലിന് ഡൽഹി വേദിയായപ്പോൾ അതിന് പിന്നിലെ പെൺകരുത്തായിരുന്നു അരുണ. ഏഷ്യൻ സിനിമപ്രവർത്തകരുടെ കൂട്ടായ്മയായ ‘നെറ്റ്പാകി’ന് രുപം നൽകിയതും ഇവർ തന്നെ. ഇറ്റലിയിൽ നിന്നുള്ള സ്റ്റാർ ഓഫ് ഇറ്റാലിയൻ സോളിഡാരിറ്റി, ഫ്രാൻസിൽ നിന്നുള്ള ഷെവലിയർ ഓഫ് ആർട്സ് & ലെറ്റേഴ്സ് എന്നി കലാരംഗത്തെ ഉയർന്ന പദവികൾ അവർക്ക് ലഭിച്ചു.
അരുണയുടെ പിതാവിന് ന്യൂയോർക്കിലായിരുന്നു ജോലി. അവിടത്തെ ഫിലിം ക്ലാസുകളിൽ നിത്യ സന്ദർശകയായിരുന്നു അവർ. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം നിരവധി ഹ്രസ്വ ഡോക്യുമെന്ററികൾ നിർമിച്ചു. സിനിമയിലും സെൻസർഷിപ്പിലും പാരീസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തീസീസ് 'ലിബർട്ടി എൻഡ് ലൈസൻസ് ഇൻ ദ ഇന്ത്യൻ സിനിമ' എന്ന പേരിൽ 1979ൽ പ്രസിദ്ധീകരിച്ചു.
പാരിസിലായിരുന്നു അരുണയുടെ ഉപരി പഠനം. ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത അരുണ എന്തുകൊണ്ടോ ഫീച്ചർ ഫിലിം മേഖലയിലേക്ക് പ്രവേശിച്ചില്ല. ഏഷ്യൻ സിനിമകളുടെ ശക്തയായ പ്രചാരക ആയതിനാലാണ് അരുണ മദർ ഓഫ് ഏഷ്യൻ സിനിമ എന്നറിയപ്പെട്ടത്. ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഫിലിം ജേണലിന്റെ സ്ഥാപക എഡിറ്ററായിരുന്നു. 1991ൽ അവർ നെറ്റ്‌പാക് സ്ഥാപിച്ചു. 1992 ൽ ചിദാനന്ദ ദാസ്ഗുപ്തയ്‌ക്കൊപ്പം ഫിപ്രസ്‌കിയുടെ ഇന്ത്യാ ചാപ്റ്ററും സ്ഥാപിച്ചു.
നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ അന്തർദേശീയ പുസ്തകങ്ങളിലും ജേണലുകളിലും സിനിമയെക്കുറിച്ച് നൂറുകണക്കിന് ലേഖനങ്ങങ്ങൾ എഴുതി. അഭിനേതാക്കളായ പി.സി. ബറുവ, ശിവാജി ഗണേശൻ, ഷമ്മി കപൂർ, മെഹബൂബ് ഖാൻ, സൊഹ്‌റാബ് മോദി, ഗുരുദത്ത് എന്നിവരെക്കുറിച്ചുള്ള ആറ് പുസ്തകങ്ങളുടെ പരമ്പരയുടെ എഡിറ്ററായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ്, ഏഷ്യൻ ഏജ് എന്നിവയിൽ കോളമിസ്റ്റായിരുന്നു.
ഭർത്താവ് പരേതനായ സുനിൽ കുമാർ റോയി ചൗധരി ഇന്ത്യൻ നയതന്ത്രജ്ഞനായിരുന്നു. മകൾ യാമിനി റോയ് ചൗധരി. മരുമകൻ വരുൺ ഗാന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.