കൊണ്ടോട്ടി: ചികിത്സ പിഴവിനെ തുടർന്ന് രണ്ടുവര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ യുവതി മരിച്ചു. മുതുവല്ലൂര്‍ മാനേരി പുളിയങ്ങാടന്‍ കൊറ്റന്റെ മകളും കൊളത്തൂര്‍ സുബാഷിന്റെ ഭാര്യയുമായ പ്രമീളയാണ് (30) മരിച്ചത്. 2019 ഡിസംബര്‍ 27നാണ് പ്രമീള മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രവസ സമയത്ത് വയറിനുള്ളില്‍ രക്തം കട്ടപിടിച്ചുവെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചു.
ഇതില്‍ നല്കിയ അനസ്തേഷ്യയില്‍ ബോധം നഷ്ടമാവുകയായിരുന്നു. മഞ്ചേരിയില്‍നിന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും ഒരുമാസത്തിന് ശേഷം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഫലം കണ്ടില്ല. ശരീരം ചലനമറ്റ് ബോധം നഷ്ടപ്പെട്ട് പ്രമീള രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു. ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കിയതിലെ പിഴവ് കാരണമാണ് ബോധം നഷ്ടമായതെന്ന് പിന്നീടാണ് വീട്ടുകാര്‍ അറിഞ്ഞത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ എട്ട് വര്‍ഷത്തോളം ലാബ് ടെക്നീഷ്യനായിരുന്ന (കരാര്‍ ജീവനക്കാരി) പ്രമീളക്ക് കഴിഞ്ഞ വര്‍ഷം ലാബ് അസിസ്റ്റൻറായി ജോലി ലഭിച്ചിരുന്നു. പ്രസവത്തിന് മുമ്പ് പി.എസ്.സി റാങ്ക് പട്ടികയിൽ ഇടം പിടിച്ച പ്രമീളക്ക് പിന്നീട് ജോലി ലഭിച്ചത് പോലും അറിയാൻ സാധിച്ചില്ല. മാതാവ്: കാളി. സഹോദരങ്ങള്‍: സുബ്രഹ്മണ്യന്, സുമേശ്, സുലോചന, ഉഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.