പത്തനംതിട്ട: രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങളും കൂടിച്ചേരലുകളും നിരോധിച്ച് ജില്ല കലക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്്ഡി ഉത്തരവായി. കോവിഡ് 19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ വ്യാപനം തടയുന്നതിെൻറ ഭാഗമായാണ് നടപടി. യാതൊരുവിധ രാഷ്ട്രീയമോ സാംസ്കാരികമോ, മതപരമോ ആയ പ്രകടനങ്ങളോ വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഒഴികെയുള്ള കൂടിച്ചേരലുകളോ പാടില്ല. കായിക കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍ എന്നിവയുടെ പ്രവർത്തനവും നിരോധിച്ചു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. 10 വയസ്സിന് താഴെയുള്ളവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. അവശ്യ വസ്തുക്കള്‍ വാങ്ങാനും, ജോലി സംബന്ധമായും മാത്രം പൊതുജനങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ അനുവാദം ഉണ്ട്.
സര്‍ക്കാര്‍ ഓഫിസുകള്‍, അവശ്യസേവനം നല്കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ തുടങ്ങിയ എയര്‍ കണ്ടീഷനിങ് സംവിധാനമുള്ള സ്ഥാപനങ്ങളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സാമൂഹിക അകലം/ വിശ്രമിക്കാനുള്ള സൗകര്യം/ ടോക്കണ്‍ സൗകര്യം/ കൈകഴുകുന്നതിനുള്ള സൗകര്യം എന്നിവ ഏര്‍പ്പെടുത്തി പൊതു ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം.
അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട്:
വ്യാപാരസ്ഥാപനങ്ങള്‍ക്ക് അകത്ത് ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തണം. ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്ക് ഇടയാക്കും. സ്ഥാപനങ്ങളുടെ പുറത്ത് സമൂഹ അകലം പാലിക്കുന്നതിനായി ക്യൂ സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങള്‍ (45 സെമി ഡയമീറ്റര്‍ സര്‍ക്കിള്‍) രേഖപ്പെടുത്തണം. ഈ അടയാളങ്ങള്‍ തമ്മില്‍ 150 സെ.മി അകലം ഉണ്ടായിരിക്കണം. കൂടാതെ സാനിറ്റൈസര്‍ / സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കും. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്സല്‍ സര്‍വിസ് മാത്രമേ അനുവദിക്കു.
ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ല പൊലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി, അതത് ഇന്‍സിഡൻറ് കമാൻഡര്‍മാര്‍, സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ സ്വീകരിക്കണമെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.