തിരുവല്ല: നഴ്സിങ് പരീക്ഷ എഴുതാനുള്ള യാത്രക്കിടെ അപ്രതീക്ഷിതമായെത്തിയ വൻ ദുരന്തത്തിൽ അലീനക്ക് നഷ്ടമായത് പിഞ്ചുമകളെയും മാതാപിതാക്കളെയും. കോയമ്പത്തൂരിലെ മധുക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ മരിച്ചത്. ഇരവിപേരൂർ നെല്ലാട് കുറ്റിയിൽ വീട്ടിൽ ജേക്കബ് എബ്രഹാം (64), ഭാര്യ ഷീബ ജേക്കബ്(55) ഇവരുടെ പേരക്കുട്ടി ആരോൺ ജേക്കബ് (രണ്ടര മാസം) എന്നിവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. മരണപ്പെട്ട ദമ്പതികളുടെ മകൾ അലീനയുടെ നഴ്സിങ് പരീക്ഷ എഴുതാൻ ബംഗളൂരുവിലേക്ക് പോകും വഴി വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ ആയായിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ അലീന കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
യാത്രയ്ക്കിടെ ബുധനാഴ്ച രാത്രി 11 മണിയോടെ മരണപ്പെട്ട ഷീബയുടെ സുഹൃത്തും വാർഡ് മെമ്പറുമായ അമ്മിണി ചാക്കോയുമായി യാത്ര വിശേഷങ്ങളും ഇവർ പങ്കുവെച്ചിരുന്നു. ഇതിനുശേഷം മണിക്കൂറുകൾ പിന്നിടും മുമ്പ് അമ്മിണി ചാക്കോയുടെ ഫോണിലേക്ക് എത്തിയത് മൂവരുടെയും ദാരുണാന്ത്യ വാർത്തയാണ്. 16 മുതൽ 20 വരെ ആയിരുന്നു അലീനയുടെ പരീക്ഷ. ഇതിനായാണ് രണ്ടര മാസം പ്രായമുള്ള മകനെയും ഒപ്പം മാതാപിതാക്കളെയും കൂട്ടി ബാംഗ്ലൂരിലേക്ക് യാത്രയായത്. മരണപ്പെട്ട ദമ്പതികളുടെ മകൻ അബിനും കുടുംബവും ബംഗളൂരുവിൽ സ്ഥിരതാമസമാണ്. വരുംദിവസങ്ങൾ ഇവരോടൊപ്പം ചെലവഴിച്ച് പരീക്ഷയ്ക്ക് ശേഷം 26ന് നാട്ടിലേക്ക് തിരികെ മടങ്ങാനായിരുന്നു തീരുമാനം.
18 വർഷം മസ്‌ക്കറ്റിൽ ജോലിനോക്കിയിരുന്ന ജേക്കബ് നാട്ടിൽ താമസം തുടങ്ങിയിട്ട് അഞ്ചുവർഷമേ ആയിട്ടുള്ളൂ. സൗദിയിൽ ജോലി ചെയ്യുന്ന തോമസ് കുര്യാക്കോസ് ആണ് അലീനയുടെ ഭർത്താവ്. മരണപ്പെട്ട ആരോണിനെ കൂടാതെ അഞ്ചു വയസ്സുകാരനായ എയ്ഡൻ എന്ന ഒരു മകൻ കൂടി അലീന - തോമസ് കുര്യാക്കോസ് ദമ്പതികൾക്ക് ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.