പ്രതിസന്ധികളിൽ കേരളത്തിന് ഊർജം പകർന്ന പവർബാങ്കാണ് പിണറായി വിജയൻ. പ്രതിസന്ധിയാണ് എക്കാലത്തും അദ്ദേഹത്തിന് ഊർജമായത് . ജനനം മുതൽ ഇതു വരെയുള്ള പ്രതിസന്ധികളിൽ, ആദ്യമത് വ്യക്തിപരമായിരുന്നുവെങ്കിൽ പിന്നീടത് സംഘടനാപരവും ഭരണപരവുമായ വിജയഗാഥയായി മാറി.മൂന്നു വർഷത്തിലേറെയായി കേരളം ആ 'വിജയവഴി'യുടെ ഭാഗമായിരുന്നു.
പിണറായിയിൽ, ചെത്തു തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരെൻറയും ആലക്കണ്ടി കല്യാണിയുടെ ഇളയമകനായി 1945 ൽ ജനനം. 1964 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. ഭരണരംഗത്തും പാർട്ടിയിലും ചരിത്രമെഴുതിയ ഭരണാധികാരിയും നേതാവുമാണ് അദ്ദേഹം . അവിടെയും വഴികാട്ടിയായത് പ്രതിസന്ധികളായിരുന്നുവെന്നതാണ് ചരിത്രവും വർത്തമാനവും. മറ്റൊരു നേതാവിനും നേരിടേണ്ടി വരാത്ത പ്രതിബന്ധങ്ങളായിരുന്നു എക്കാലത്തും മുന്നിൽ. ഇത്രയധികം പൊതുവിചാരണ നേരിട്ട മറ്റൊരാളുമുണ്ടാവില്ല. പിതാവിെൻറ തൊഴിൽ പറഞ്ഞും ജാതിപറഞ്ഞും അധിക്ഷേപം കേട്ട ഏക മുഖ്യമന്ത്രിയും ഇദ്ദേഹം തന്നെ.
1967ലെ നക്സലൈറ്റ് പ്രസ്ഥാനത്തിെൻറ രൂപവത്കരണം തുടങ്ങി, ബദൽ രേഖ, ഒടുവിൽ ടി.പി. ചന്ദ്രശേഖരൻ വധം വരെ സി.പി.എം പ്രതിസന്ധിയിലായ കാലങ്ങളിൽ പ്രവർത്തകരെ പാർട്ടിക്കൊപ്പം നിർത്തി സംഘടനാ പാടവം തെളിയിച്ചു.1970 ൽ നിയമസഭയിൽ. 1991ൽ നായനാർ മന്ത്രിസഭയിൽ അംഗമായി മികച്ചപ്രവർത്തനം. എന്നാൽ അക്കാലത്ത് ഒപ്പിട്ട എസ്.എൻ.സി ലാവലിൻ കരാർ വീഴ്ത്തിയത് വലിയ കളങ്കം.
വിഭാഗീയതയിൽ, ആദ്യം വി. എസിനൊപ്പം നിന്നു. ചടയൻ ഗോവിന്ദെൻറ പിൻഗാമിയായി, പാർട്ടി സംസ്ഥാന സെക്രട്ടറിയായി. പിന്നീട് നാലു തവണ കൂടി തുടർന്നു. 2015 ൽ 17 വർഷം സെക്രട്ടറിയായ റെക്കോഡുമായി സ്ഥാനം ഒഴിഞ്ഞു.അപ്പോഴേക്കും പിണറായി എന്ന ഒറ്റ നേതാവിന് കീഴിലായി പാർട്ടി. 2002 ഒാടെ വി.എസും പിണറായിയും രണ്ടു പക്ഷത്തായി. വി.എസിനെ തളക്കുക എന്ന അപ്പോഴത്തെ ദൗത്യവും സാധിതമായി. എന്നാൽ, 2006ൽ വി. എസിന് സ്ഥാനാർഥിത്വം നൽകേണ്ടതില്ലെന്ന തീരുമാനത്തോടെ പിണറായി വില്ലനും വി.എസ് നായകനുമായി. ഒടുവിൽ വി. എസ് മുഖ്യമന്ത്രിയായെങ്കിലും പാർട്ടി തന്നെ മുകളിൽ. 2011ൽ വി.എസിന് തുടർ ഭരണം നഷ്ടമായപ്പോൾ അതിെൻറ പഴിയും പിണറായിയുടെ മേലായി.
2016 ൽ മുഖ്യമന്ത്രിയായപ്പോഴും കാത്തിരുന്നത് പ്രതിസന്ധികളും വിവാദങ്ങളും. ആദ്യം ഓഖി, നിപ, 2018 ലെ പ്രളയം.പ്രളയക്കെടുതിയിൽ നാട് ഉലഞ്ഞപ്പോൾ പിണറായിയിലെ ക്രൈസിസ് മാനേജരുടെ പാടവം ലോകം കണ്ടു.
അടുത്ത വർഷം വീണ്ടും പ്രളയം. 2020ൽ കോവിഡെത്തി. ജനം പ്രതിസന്ധിയിലായപ്പോൾ ഓരോ ജീവിതത്തെയും മുഖ്യമന്ത്രി ചേർത്തു പിടിച്ചു.അതിനിടെ സർക്കാറിനെതിരായ ആക്ഷേപങ്ങൾ പ്രതിച്ഛായക്ക് മങ്ങലേൽപിെച്ചങ്കിലും കോവിഡ് പ്രവർത്തനങ്ങൾ കൊണ്ട് അദ്ദേഹം അതിനെ മറികടന്നു.
ഒരുകാലത്ത് ധാർഷ്ട്യത്തിെൻറ പ്രതിരൂപമായി ജനം കണ്ട പിണറായി പതുക്കെ ജനത്തിന് മുന്നിൽ പുതിയൊരു പിതൃബിംബമായി മാറി. കോവിഡ് പ്രതിസന്ധിയെ തെൻറ പ്രതിച്ഛായ നിർമിതിയുടെ അവസരമാക്കി മാറ്റുന്നതിൽ അബോധപൂർവമാണെങ്കിൽ പോലും അദ്ദേഹം വിജയിച്ചു.
ഇത്തവണ തുടർ ഭരണ പ്രതീക്ഷയിലാണ് എൽ.ഡി.എഫിനെ നയിച്ചത്. വി. എസിന് പകരം പിണറായി എന്ന ബിംബം ജനഹൃദയത്തിൽ ഇടം നേടി. പ്രതിസന്ധികളിൽ മലയാളികൾക്ക് ഊർജം നൽകാനാവുന്ന പവർ ബാങ്കാണ് താനെന്ന് വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം. അതിലേക്ക് ജനം അധികാരം ഏൽപിച്ചത് തങ്ങൾക്ക് എപ്പോഴക്കെ പവർ ആവശ്യമുണ്ടോ അപ്പോഴൊക്കെ അത് ലഭിക്കുമെന്ന വിശ്വാസത്തിലാണ്. അതുകൊണ്ടാകാം നേരത്തെ പാർട്ടി എന്ന പോലെ ഇപ്പോൾ കേരളവും പിണറായിക്ക് പിന്നിൽ ഉറച്ച് നിന്ന് തുടർ ഭരണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.