പുരോഗമന കലാസാഹിത്യ സംഘം പതിമൂന്നാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ: ഷാജി എൻ കരുൺ (പ്രസിഡന്റ്), ഡോ. കെ.പി മോഹനൻ (ജനറൽ സെക്രട്ടറി), ടി.ആർ അജയൻ (സംസ്ഥാന ട്രഷറർ), എം.കെ മനോഹരൻ (സംസ്ഥാന സംഘടന സെക്രട്ടറി) 

പേരിലുണ്ട് പുരോഗമനം; പു.ക.സയുടെ പ്രധാന ഭാരവാഹികളിൽ സ്ത്രീകളില്ല

കണ്ണൂർ: സിനിമയിൽ പൊരുതുന്ന വനിതകൾക്കും ഡബ്ല്യു.സി.സിക്കും അകമഴിഞ്ഞ പിന്തുണ നൽകി പ്രമേയം പാസാക്കിയപ്പോഴും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ (പു.ക.സ) സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ പ്രധാനപ്പെട്ട നാല് സ്ഥാനങ്ങളിലും സ്ത്രീ പ്രാതിനിധ്യമില്ല. സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംഘടന സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിലാണ് സ്ത്രീകളില്ലാത്തത്. 10 വൈസ് പ്രസിഡന്റുമാരിലും 12 സെക്രട്ടറിമാരിലും മാത്രമാണ് പേരിനെങ്കിലും സ്ത്രീകൾ ഇടംപിടിച്ചത്. പത്ത് വൈസ് പ്രസിഡന്റുമാരിൽ രണ്ടും 12 സെക്രട്ടറിമാരിൽ നാലും പേരാണ് സ്ത്രീകളായുള്ളത്.

ഹേമ കമ്മിറ്റി പുറത്തുവിട്ട കോലാഹലങ്ങൾക്കു നടുവിലാണ് ഇത്തവണ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടന്നത്. കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ സിനിമയിലെ വനിതകൾക്കും ഡബ്ല്യു.സി.സിക്കും അഭിവാദ്യവും പിന്തുണയും നൽകി സംസ്ഥാന കമ്മിറ്റിയംഗം ജി.പി. രാമചന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. സമ്മേളനഹാളിനകത്തും പുറത്തും സിനിമയിൽ വനിതകൾക്കെതിരെ നടക്കുന്ന പീഡനങ്ങളെ പ്രതിനിധികൾ ശക്തമായി എതിർത്തു. സമ്മേളന പ്രതിനിധികളായ നടി ഉഷ ഹസീനയും ഗായത്രി വർഷയുമെല്ലാം വെള്ളിത്തിരക്ക് പിന്നിലെ പീഡനങ്ങളെ തുറന്നുകാട്ടി.

സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംവിധായകൻ ഷാജി എൻ. കരുൺ പ്രസിഡന്റും ഡോ. കെ.പി. മോഹനൻ ജനറൽ സെക്രട്ടറിയും എം.കെ. മനോഹരൻ സംഘടന സെക്രട്ടറിയും ടി.ആർ. അജയൻ ട്രഷററുമായാണ് പ്രധാനഭാരവാഹികളെ നിശ്ചയിച്ചത്. പേരിൽ തന്നെ പുരോഗമനമുള്ള സംഘടനയുടെ പ്രധാന ഭാരവാഹികളിൽ സ്ത്രീകളില്ലാത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു തുടങ്ങി.

സംസ്ഥാന കമ്മിറ്റി അംഗം ജി.പി. രാമചന്ദ്രൻ അവതരിപ്പിച്ച പ്രമേയത്തിൽനിന്ന്:

‘വിമൻ ഇൻ സിനിമാ കലക്റ്റീവിന്റെ ലക്ഷ്യബോധത്തോടെയുള്ള ഇടപെടലിനെത്തുടർന്നാണ് കേരള സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. ആധുനിക കേരള സമൂഹത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് എതിരായതും, പിന്തിരിപ്പനും കടുത്ത സ്ത്രീ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ മൂല്യബോധവും വ്യാവസായിക രീതികളുമാണ് മലയാള സിനിമയിലുള്ളതെന്ന് എല്ലാവർക്കും മനസ്സിലായിരിക്കുന്നു. സ്ത്രീകളെ കേവലം ലൈംഗിക ശരീരമായി മാത്രം കാണുന്ന മുതലാളിത്തത്തിന്റെ ആൺനോട്ടം, കാമവേട്ടക്കാരായ ആണുങ്ങളുടെ ആധിപത്യ-വിനോദ ക്ലബാക്കി മലയാള സിനിമയെ അധഃപതിപ്പിച്ചിരിക്കുന്നു. ഭീതിയുടെയും ആത്മഹത്യകളുടെയും മാനസികവിഭ്രാന്തികളുടെയും ഇടമായി അത് മാറി. തൊഴിൽ നഷ്ടവും മറ്റും സഹിച്ച് പൊരുതിക്കൊണ്ടിരിക്കുന്ന സിനിമയിലെ വനിതകൾക്കും ഡബ്ല്യു.സി.സിക്കും പുരോഗമന കലാ സാഹിത്യ സംഘം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. തിരുത്തൽ നടപടികൾക്കായുള്ള കേരള സർക്കാരിന്റെ പരിശ്രമങ്ങളെ പുരോഗമന കലാ സാഹിത്യ സംഘം പതിമൂന്നാമത് സംസ്ഥാന സമ്മേളനം പിന്തുണക്കുന്നു. സർക്കാർ നടപടി കൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. വ്യവസായം കൃത്യമായ പരിശോധന നടത്തി സിനിമയെ മനുഷ്യർക്ക് പ്രവർത്തിക്കാവുന്ന ഒരു കലാമാധ്യമ മേഖലയാക്കി നവീകരിക്കേണ്ടതുണ്ടെന്ന് സമ്മേളനം ആവശ്യപ്പെടുന്നു.

Tags:    
News Summary - No women among main office bearers of PUKASA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.