‘ആണവ യുദ്ധങ്ങള്‍ അവസാനിച്ചുവോ? എങ്കില്‍ ഗസ്സയില്‍ നിങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്താണ്?’

1991ലെ ഗള്‍ഫ് യുദ്ധത്തില്‍ ഡിപ്ലീറ്റഡ് യുറേനിയം ഉപയോഗിച്ചതിനെത്തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ

‘ആണവ യുദ്ധങ്ങള്‍ അവസാനിച്ചുവോ? എങ്കില്‍ ഗസ്സയില്‍ നിങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്താണ്?’

ൾഫ്, ഇറാഖ് യുദ്ധത്തിന് പിന്നാലെ ഗസ്സയിലും ആണവായുധങ്ങളുടെ പുതിയ മാതൃകകള്‍ ഉപയോഗിക്കുന്നതായി സാമൂഹിക പ്രവർത്തകൻ ​കെ. സഹദേവൻ. ആണവ നിലയങ്ങള്‍ക്കുള്ള ഇന്ധന സമ്പുഷ്ടീകരണ ഉപോല്‍പ്പന്നമായ ഡിപ്ലീറ്റഡ് യുറേനിയം (Depleted Uranium-DU) വെടിയുണ്ടകളുടെ മുനകളില്‍ ഉറപ്പിച്ച് യുദ്ധമേഖലകളില്‍ ഉപയോഗിച്ചുവരുന്നത് പതിറ്റാണ്ടുകളായി തുടരുകയാണ്. മനുഷ്യശരീരത്തില്‍ ഏതെങ്കിലും വിധത്തില്‍ ഈ മൂലകം പ്രവേശിക്കുകയാണെങ്കില്‍ കാന്‍സറുകളും ജനിതകവൈകല്യങ്ങളും വൃക്കരോഗങ്ങളുമടക്കമുള്ള നിരവധി പീഡകള്‍ക്ക് അത് കാരണമാകും.

ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആണവ ബോംബ് വര്‍ഷിച്ചതിന് ശേഷം ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഒരു രാഷ്ട്രവും ഉപയോഗിക്കുകയില്ലെന്ന് ജനങ്ങള്‍ വിശ്വസിച്ചു. അല്ലെങ്കില്‍ അവരെ വിശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. ആണവായുധങ്ങള്‍ പിന്നീടൊരിക്കലും യുദ്ധങ്ങളില്‍ ഉപയോഗിക്കുകയുണ്ടായില്ലെന്നുതന്നെയാണ് നാമിപ്പോഴും ധരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ആണവായുധങ്ങളുടെ പുതിയ മാതൃകകള്‍ പിന്നെയും യുദ്ധ ഭൂമികളില്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടേയിരുന്നു. 

ആണവ മാലിന്യങ്ങള്‍ സൂക്ഷിക്കുക എന്നത് അങ്ങേയറ്റം ചെലവുകൂടിയ ഏര്‍പ്പാടായതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ കൊണ്ടുചെന്നു തള്ളുക എന്നതായിരിക്കും ലാഭകരം. അതിനുകണ്ടെത്തിയ വഴിയാണ് യുദ്ധാവശ്യങ്ങള്‍ക്ക് അവശിഷ്ട യുറേനിയം ഉപയോഗിക്കുക എന്നത്. ലോകത്തില്‍ ഇന്ന് അറിയപ്പെടുന്ന കണക്കനുസരിച്ച് ദശലക്ഷം ടണ്‍ അവശിഷ്ട യുറേനിയം ശേഖരമുണ്ട്. ഇവയൊക്കെയും യുദ്ധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയാണെങ്കില്‍ ഇനിയും ഹിരോഷിമയിലോ നാഗസാക്കിയിലോ ഉപയോഗിച്ചതുപോലുള്ള ആണവ ബോംബിന്റെ ആവശ്യം ഉണ്ടാകുകയില്ല. അവശിഷ്ട യുറേനിയം എന്ന നിശ്ശബ്ദ ഘാതകന്‍ മനുഷ്യരാശിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിക്കൊള്ളും -സഹദേവൻ ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

യുദ്ധങ്ങളുടെ ഏറ്റവും ഹിംസാത്മകമായ മുഖം ആധുനിക ലോകം കണ്ടത് രണ്ടാം ലോക യുദ്ധകാലത്തായിരുന്നു. 1945 ആഗസ്ത് 6ന് ഹിരോഷിമയിലും 9ന് നാഗസാക്കിയിലും അമേരിക്ക ആണവ ബോംബ് വര്‍ഷിച്ചത് ഇന്നും ലോകത്തിന് നടുക്കുന്ന ഓര്‍മ്മകളാണ്. ആണവോര്‍ജ്ജത്തിന്റെ സംഹാരാത്മകത മുഴുവന്‍ പ്രദര്‍ശിപ്പിച്ച ഈ രണ്ടാക്രമണങ്ങള്‍ക്കും ശേഷം ആണവോര്‍ജ്ജം സമാധാനപരമായ ഉപയോഗങ്ങള്‍ക്ക് (Peaceful Use of Nuclear Energy) എന്ന മുദ്രാവാക്യവുമായാണ് അണുശക്തിയെ തല്‍പ്പര കക്ഷികള്‍ അവതരിപ്പിച്ചത്.

ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഒരു രാഷ്ട്രവും ഉപയോഗിക്കുകയില്ലെന്ന് ജനങ്ങള്‍ വിശ്വസിച്ചു. അല്ലെങ്കില്‍ അവരെ വിശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. ആണവായുധങ്ങള്‍ പിന്നീടൊരിക്കലും യുദ്ധങ്ങളില്‍ ഉപയോഗിക്കുകയുണ്ടായില്ലെന്നുതന്നെയാണ് നാമിപ്പോഴും ധരിച്ചുകൊണ്ടിരിക്കുന്നത്.


1991ലെ ഗള്‍ഫ് യുദ്ധത്തില്‍ ഡിപ്ലീറ്റഡ് യുറേനിയം ഉപയോഗിച്ചതിനെത്തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ

എന്നാല്‍ വാസ്തവമെന്താണ്? ആണവായുധങ്ങളുടെ പുതിയ മാതൃകകള്‍ പിന്നെയും യുദ്ധ ഭൂമികളില്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടേയിരുന്നു. ആണവ നിലയങ്ങള്‍ക്കുള്ള ഇന്ധന സമ്പുഷ്ടീകരണ ഉപോല്‍പ്പന്നമായ ഡിപ്ലീറ്റഡ് യുറേനിയം (Depleted Uranium-DU) വെടിയുണ്ടകളുടെ മുനകളില്‍ ഉറപ്പിച്ച് യുദ്ധമേഖലകളില്‍ ഉപയോഗിച്ചുവരുന്നത് പതിറ്റാണ്ടുകളായി തുടരുകയാണ് എന്നതാണ് സത്യം.

ഏറ്റവും ഒടുവില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗസ്സ ആക്രമണങ്ങളിലും, യുക്രൈന്‍ -റഷ്യ യുദ്ധത്തിലും ഡിപ്ലീറ്റഡ് യുറേനിയം ഉപയോഗിച്ചത് സംബന്ധിച്ച തെളിവുകളും പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

എന്താണ് ഡിപ്ലീറ്റഡ് യുറേനിയം?

ആണവ ഇന്ധനമായ യുറേനിയം ധാതുവിന്റെ സമ്പൂഷ്ടീകരണ പ്രക്രിയക്കിടയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഉപോത്പന്നമാണ് ഡിപ്ലീറ്റഡ് യുറേനിയം എന്ന പേരില്‍ അറിയപ്പെടുന്ന അവശിഷ്ട യുറേനിയം. സമ്പൂഷ്ടീകരണത്തിന് ശേഷം ബാക്കിയാകുന്ന അവശിഷ്ട യുറേനിയത്തിലെ യുറേനിയം238 (U238)ന്റെ അളവ് 0.72%വും യുറേനിയം 235(U235)ന്റെ അളവ് 0.3% വും ആയിരിക്കും. അവശിഷ്ട യുറേനിയത്തിലെ വികിരണത്തോത് 60%ത്തോളം വരും. ഇരുമ്പ്, ഈയം തുടങ്ങിയ ലോഹങ്ങളേക്കാള്‍ സാന്ദ്രത കൂടിയ ഒന്നാണ് ഡിപ്ലീറ്റഡ് യുറേനിയം. അതുകൊണ്ടുതന്നെ യുദ്ധാവശ്യങ്ങള്‍ക്ക് ഇത് കൂടുതലായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. സ്വയം ജ്വലന സ്വഭാവമുള്ളതുകൊണ്ടും മറ്റുള്ള ലോഹങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മൂര്‍ച്ചയുള്ളതും തുളച്ചുകയറാന്‍ സാധിക്കുന്നതുമായതുകാരണം യുദ്ധ ടാങ്കുകളിലെ ആയുധങ്ങളില്‍ അവശിഷ്ട യുറേനിയം മുനകള്‍ ഘടിപ്പിക്കുന്നു. മെഷീന്‍ ഗണ്ണുകള്‍, കവചിത യുദ്ധ വാഹനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, എയര്‍ക്രാഫ്റ്റ് മിസൈലുകള്‍ എന്നിവയിലും സമീപകാലത്ത് അവശിഷ്ട യുറേനിയം ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചിരിക്കുന്നു.


1991ലെ ഗള്‍ഫ് യുദ്ധവേളയിലും 2003ലെ ഇറാഖ് അധിനിവേശത്തിലും ടണ്‍ കണക്കിന് അവശിഷ്ട യുറേനിയമാണ് അമേരിക്ക ഉപയോഗിച്ചിരുന്നത്. ഇവ കൂടാതെ അഫ്ഗാനിസ്ഥാനിലും അവശിഷ്ട യുറേനിയം ഉപയോഗിച്ചിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് 1991ല്‍ മാത്രം ഗള്‍ഫ് മേഖലകളില്‍ 900 ടണ്‍ അവശിഷ്ട യുറേനിയം ആയുധരൂപത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ആണവ മാലിന്യങ്ങള്‍ സൂക്ഷിക്കുക എന്നത് അങ്ങേയറ്റം ചെലവുകൂടിയ ഏര്‍പ്പാടായതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ കൊണ്ടുചെന്നു തള്ളുക എന്നതായിരിക്കും ലാഭകരം. അതിനുകണ്ടെത്തിയ വഴിയാണ് യുദ്ധാവശ്യങ്ങള്‍ക്ക് അവശിഷ്ട യുറേനിയം ഉപയോഗിക്കുക എന്നത്.

ഈ ആയുധങ്ങളുടെ ആദ്യ ഇരകള്‍ ഗള്‍ഫ് യുദ്ധങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട അമേരിക്കന്‍-ബ്രിട്ടീഷ് സൈനികരായിരുന്നു എന്ന് അവശിഷ്ട യുറേനിയം പ്രൊജക്ടിന്റെ മേധാവി ഡഫ് റോക്കെ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ഗള്‍ഫ് സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്ന രോഗങ്ങള്‍ക്ക് പ്രധാന കാരണം അവശിഷ്ട യുറേനിയം ആയിരുന്നു എന്നതിന് നിരവധി പഠനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.

ഇറാഖില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ വലിയ അളവില്‍ അംഗവൈകല്യം സംഭവിച്ചവരാണെന്ന വസ്തുത ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. കാന്‍സര്‍ നിരക്കുകള്‍ 1991ല്‍ 3.7% ആയിരുന്നത് 2000ല്‍ എത്തുമ്പോഴേക്കും 13% കണ്ട് വര്‍ദ്ധിച്ചിരുന്നു. യുനിസെഫിന്റെ 1993ലെ റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിക്കുന്ന ഒരുകാര്യം, ഇറാഖിലെ കുഞ്ഞുങ്ങളുടെ മരണം യുദ്ധവേളകളിലേതിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ് യുദ്ധാനന്തരം എന്നായിരുന്നു. കുഞ്ഞുങ്ങള്‍ക്കിടയിലെ ജനിതകവൈകല്യം, വൃക്കരോഗങ്ങള്‍, ശ്വാസരോഗങ്ങള്‍ എന്നിവ വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ബസറ ഹോസ്പിറ്റലിലെ കണക്കുകളും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല.

നിരവധി അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് അവശിഷ്ട യുറേനിയം യുദ്ധാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. ഇത് യുദ്ധക്കുറ്റമായി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര കോടതിയോ അതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ മറ്റ് രാഷ്ട്രങ്ങളോ തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു ദുരന്തം. ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ ജോലി ചെയ്യുന്ന പ്രദേശമാണ് മധ്യപൂര്‍വ്വ മേഖല. അതിലേറെയും കേരളത്തില്‍ നിന്നുള്ളവരാണ്. ഇവരുടെ ആരോഗ്യകാര്യങ്ങളില്‍ താല്‍പര്യം കാണിക്കേണ്ട ഇന്ത്യാഗവണ്‍മെന്റ് ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതും ദൗര്‍ഭാഗ്യകരമാണ്.

അവശിഷ്ട യുറേനിയം എന്ന നിശ്ശബ്ദ ഘാതകന്‍

അവശിഷ്ട യുറേനിയത്തിന്റെ അര്‍ദ്ധായുസ്സ് പതിനായിരത്തോളം വര്‍ഷങ്ങളാണ്. ഇറാഖില്‍ നിക്ഷേപിച്ച ടണ്‍ കണക്കിന് അവശിഷ്ട യുറേനിയം അവിടുത്തെ ജനതയെ നിത്യനരകത്തിലേക്ക് നയിക്കുന്നതാണ്. സാധാരണ നിലയില്‍ വന്‍തോതിലുള്ള വികിരണം അവശിഷ്ട യുറേനിയത്തില്‍ നിന്നുണ്ടാകില്ല എങ്കിലും മനുഷ്യശരീരത്തില്‍ ഏതെങ്കിലും വിധത്തില്‍ ഈ മൂലകം പ്രവേശിക്കുകയാണെങ്കില്‍ കാന്‍സറുകളും ജനിതകവൈകല്യങ്ങളും വൃക്കരോഗങ്ങളുമടക്കമുള്ള നിരവധി പീഡകള്‍ക്ക് അത് കാരണമാകും എന്ന് തെളിയക്കപ്പെട്ടിട്ടുണ്ട്. ലോകത്തില്‍ ഇന്ന് അറിയപ്പെടുന്ന കണക്കനുസരിച്ച് ദശലക്ഷം ടണ്‍ അവശിഷ്ട യുറേനിയം ശേഖരമുണ്ട്. ഇവയൊക്കെയും യുദ്ധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയാണെങ്കില്‍ ഇനിയും ഹിരോഷിമയിലോ നാഗസാക്കിയിലോ ഉപയോഗിച്ചതുപോലുള്ള ആണവ ബോംബിന്റെ ആവശ്യം ഉണ്ടാകുകയില്ല. അവശിഷ്ട യുറേനിയം എന്ന നിശ്ശബ്ദ ഘാതകന്‍ മനുഷ്യരാശിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിക്കൊള്ളും.


Tags:    
News Summary - use and health effects of depleted uranium (DU) in war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.