ഒന്നര മാസം കഴിഞ്ഞിട്ടും 25 ലേറെ ദിവസം സചിൻ വാസെ എന്ന പൊലീസ് ഉദ്യോഗസ്ഥനെ എൻ.െഎ.എ കസ്റ്റഡിയിൽ വെച്ചിട്ടും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടായ ആൻറിലിയ സ്ഥിതിചെയ്യുന്ന കർമി ചാൽ റോഡിൽ സ്ഫോടകവസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മറ നീങ്ങുന്നില്ല. മുംബൈ പൊലീസിെൻറയും ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ (എം.വി.എ) സർക്കാറിെൻറയും പ്രതിച്ഛായക്ക് മങ്ങലേൽപിച്ചും ഭരണം തിരിച്ചുപിടിക്കാൻ പഴുതുതേടി കാത്തിരിക്കുന്ന ബി.ജെ.പിക്ക് അവസരങ്ങൾ ഒരുക്കിയും ആ ദുരൂഹത കനംതൂങ്ങുന്നു.
ഫെബ്രുവരി 25 ന് വൈകീട്ടാണ് കർമിചാൽ റോഡിൽ അസ്വാഭാവികമായ നിലയിൽ നിർത്തിയിട്ട വാഹനം മുകേഷ് അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. വിവരം അറിയിച്ചതോടെ പൊലീസും ബോംബ് സ്ക്വാഡുമെത്തി വണ്ടിയിൽ നിന്ന് 20 ജലാറ്റിൻ സ്റ്റിക്കുകളും വ്യാജനമ്പർ േപ്ലറ്റുകളും ഒരു കത്തും കണ്ടെത്തി. സ്ഫോടനസജ്ജമാക്കിയ നിലയിലായിരുന്നില്ല ജലാറ്റിൻ സ്റ്റിക്കുകൾ. ഇത് വെറും ട്രെയിലറാണെന്നും വലുത് വരാനുണ്ടെന്നും അംബാനി കുടുംബത്തെ മുഴുവൻ തകർക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
താമസംവിനാ അന്നത്തെ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ് കേസന്വേഷണം വിശ്വസ്തനായ ക്രൈം ഇൻറലിജൻസ് യൂനിറ്റ് ചുമതലയുള്ള അസിസ്റ്റൻറ് ഇൻസ്പെക്ടർ സചിൻ വാസെയെ ഏൽപിച്ചു. സ്ഫോടകവസ്തുക്കളും ഭീഷണിക്കത്തുമുള്ളതിനാൽ സമാന്തര അന്വേഷണത്തിന് മഹാരാഷ്ട്ര എ.ടി.എസ് എത്തിയതോടെ ത്രില്ലർ കഥപോലെ സംഭവത്തിൽ വഴിത്തിരിവുണ്ടായി. സംഭവത്തിനു പിന്നിൽ മുംബൈ പൊലീസിലെ 'താണെ കോക്കസ്' ആണെന്ന് എ.ടി.എസ് തിരിച്ചറിഞ്ഞു. സ്കോർപിയോ യെല്ലൊ ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ സചിൻ വാസെ എ.ടി.എസിനെ കബളിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, കാറ് കണ്ടെത്തിയ എ.ടി.എസ് അതിെൻറ ആ സമയത്തെ ഉടമ മൻസുഖ് ഹിരേൻ എന്ന കാർ ഡെക്കറേഷൻ കച്ചവടക്കാരനാണെന്നും തിരിച്ചറിഞ്ഞു.
അതോടെ കേസിൽ മൻസുഖ് ഹിരേനും കഥാപാത്രമായി. താൽക്കാലികമായി കുറ്റസമ്മതം നടത്താൻ മൻസുഖ് വിസമ്മതിച്ചതോടെ വകവരുത്തി മുംബ്ര കടലിടുക്കിൽ തള്ളി. എന്നാൽ, വേലിയിറക്കത്തിൽ കടലിലേക്ക് വലിച്ചെടുക്കപ്പെടുമെന്ന കണക്കുകൂട്ടൽ തെറ്റിച്ച് മൃതദേഹം അടുത്ത ദിവസം രാവിലെ (മാർച്ച് അഞ്ച്) കണ്ടെടുക്കപ്പെട്ടു.
മഹാരാഷ്ട്ര നിയമസഭ ബജറ്റ് സമ്മേളനം നടക്കുമ്പോഴായിരുന്നു സംഭവങ്ങൾ. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് സഭയിൽ അംബാനി ഭീഷണി കേസ് വിഷയം ഉന്നയിച്ച് സജീവമായതോടെ എം.വി.എ സർക്കാർ പ്രതിരോധത്തിലായി. മൻസുഖും സചിൻ വാസെയും തമ്മിലെ സൗഹൃദത്തെ കുറിച്ച് ടെലിഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തിയായിരുന്നു ഫഡ്നാവിസിെൻറ ആക്രമണം. അതിനിടയിലാണ് മാർച്ച് അഞ്ചിന് മൻസുഖിെൻറ മൃതദേഹം കണ്ടെത്തിയ വിവരം സഭയിൽ എത്തുന്നത്. ഇതെല്ലാം സംബന്ധിച്ച് ഫഡ്നാവിസിനുള്ളത്ര വിവരം മുഖ്യമന്ത്രിക്കോ ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനോ ഇല്ലെന്ന് േബാധ്യപ്പെടുത്തുന്നതായിരുന്നു സഭയിലെ വാക്പോര്.
അംബാനി ഭീഷണി, മൻസുഖ് വധക്കേസുകൾ സർക്കാർ എ.ടി.എസിന് കൈമാറിയെങ്കിലും തൊട്ടുപിന്നാലെ അംബാനി കേസ് എൻ.െഎ.എക്കു കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് 'ജയ്ശുൽ ഹിന്ദി'െൻറ പേരിൽ ടെലഗ്രാം ആപ്പിൽ വന്ന സന്ദേശം കേന്ദ്രത്തിന് പിടിവള്ളിയായി. ഇതോടെയാണ് സചിൻ വാസെ അറസ്റ്റിലായത്. സ്ഫോടകവസ്തുക്കളുമായി സ്കോർപിയോ കൊണ്ടിട്ടത് താനാണെന്നും കേസന്വേഷണത്തിലെ നഷ്ടപ്രതാപം വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും സചിൻ കുറ്റമേറ്റെന്നാണ് എൻ.െഎ.എ പറഞ്ഞത്. എന്നാൽ, സചിൻ ഇത് കോടതിയിൽ നിഷേധിച്ചിട്ടുണ്ട്.
ഇതിനിടയിൽ, മൻസുഖിനെ സചിനും സംഘവും കൊലപ്പെടുത്തിയതാണെന്ന് എ.ടി.എസ് കണ്ടെത്തി. 2004 വരെ സചിന് ഒപ്പം മുമ്പ് ക്രൈം ഇൻറലിജൻസ് യൂനിറ്റിൽ (സി.െഎ.യു) ഉണ്ടായിരുന്ന മുൻ കോൺസ്റ്റബിൾ വിനായക് ഷിൻഡെ, ക്രിക്കറ്റ് വാതുവെപ്പിലെ കണ്ണി നരേഷ് ഗോറെ എന്നിവരെയും എ.ടി.എസ് അറസ്റ്റ് ചെയ്തു. എന്നാൽ, ഇൗ കേസും എൻ.െഎ.എക്ക് കൈമാറി കേന്ദ്രം ഉടൻ ഉത്തരവിറക്കി.
2004 ൽ ഖാജ യൂനുസ് കസ്റ്റഡി മരണ കേസിൽ പ്രതിയായി സസ്പെൻഷനിലായ സചിൻ വാസെ സർവിസിൽ തിരിച്ചെത്തിയതെങ്ങനെയെന്ന ചോദ്യം ബാക്കിയാവുന്നു. മുംബൈ പൊലീസ് കമീഷണറായിരുന്ന പരംബീർ സിങ്ങിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് സചിനെ സർവിസിൽ തിരിച്ചെടുത്തതെന്നാണ് പൊലീസ് തന്നെ സർക്കാറിന് നൽകിയ റിപ്പോർട്ട്. മാത്രമല്ല, സി.െഎ.യുവിെൻറ തലപ്പത്ത് സീനിയർ ഇൻസ്പെക്ടർ ആയിരിക്കണമെന്ന നിബന്ധന കാറ്റിൽ പറത്തി അസി.ഇൻസ്പെക്ടറായ സചിനെ മേധാവിയാക്കിയതും പരംബീറാണെന്നും റിപ്പോർട്ടിൽ പറയുന്നു. സചിനെ പ്രമാദമായ കേസുകൾ ഏൽപിച്ചതും നാലു മേലധികാരികളെ മറികടന്ന സചിൻ നേരിട്ട് റിപ്പോർട്ട് ചെയ്തതും പരംബീറിനാണ്.
സചിൻ അറസ്റ്റിലായേതാടെ പരംബീറിെൻറ കമീഷണർ പദവി തെറിച്ചു. രോഷാകുലനായ പരംബീർ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് ഒന്നാന്തരം തിരിച്ചടിയാണ് നൽകിയത്. റസ്േറ്റാറൻറ്, ബാർ ഉടമകളിൽനിന്ന് കോടികൾ പിരിക്കാൻ സചിനോട് ദേശ്മുഖ് ആവശ്യപ്പെട്ടെന്ന 'ബോംബ്' പൊട്ടിക്കുക മാത്രമല്ല, സംഭവത്തിൽ ബോംബെ ഹൈേകാടതി ഉത്തരവിൽ സി.ബി.െഎ അന്വേഷണവും തരമാക്കി. അതോടെ, ദേശ്മുഖിനു രാജിവെക്കേണ്ടി വന്നു.
കഥകൾ ഇങ്ങനെയാണെങ്കിലും എന്തിന് അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുമായി സ്കോർപിയോ കൊണ്ടിട്ടു എന്ന ചോദ്യം നിലക്കാതെ ഉയർന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ചെയ്തതുകൊണ്ട് രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടമുണ്ടാകുമെങ്കിൽ അതാർക്ക്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം ഇന്നുവരെ ലഭിച്ചിട്ടില്ല. സർക്കാറിനെ ഇരുട്ടിലാക്കി വിവരങ്ങൾ അപ്പപ്പോൾ ഫഡ്നാവിസിന് ലഭിക്കുന്നതെങ്ങനെ എന്ന ചോദ്യവുമുണ്ട്.
ബി.ജെ.പിയുടെ പ്രിയപ്പെട്ടവരായ 'റിപ്പബ്ലിക്' ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി, നടി കങ്കണ റണാവത്ത് എന്നിവർക്കെതിരായ കേസുകൾ പരംബീർ ഏൽപിച്ചത് സചിൻ വാസെയെ ആയിരുന്നു. ബി.ജെ.പി ഭരണകാലത്ത് ഒതുക്കുകയും എം.വി.എ ഭരണത്തിൽ പുനരന്വേഷിക്കുകയും ചെയ്ത അൻവെ നായിക് ആത്മഹത്യ കേസിൽ അർണബിനെ അറസ്റ്റ് ചെയ്ത റായിഗഢ് പൊലീസ് സംഘത്തെ മുന്നിൽ നിന്ന് നയിച്ചതും സചിൻ വാസെ തന്നെ. അന്ന് അർണബിനെയും കൊണ്ട് സചിൻ പോയ അതേ സ്കോർപിയോ ആണ് അംബാനിയുടെ വീടിനടുത്ത് കണ്ടെത്തിയത്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരെ പ്രതിക്കൂട്ടിലാക്കി പുൽവാമ ഭീകരാക്രമണം, ബാലാകോട്ട് സൈനിക മിന്നലാക്രമണം എന്നിവയെക്കുറിച്ച് ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ മേധാവി പാർഥദാസ് ഗുപ്തയോട് അർണബ് ഗോസ്വാമി നടത്തിയ വാട്സ്ആപ് ചാറ്റുകൾ കണ്ടെത്തിയതും സചിനാണ്. ചാനൽ റേറ്റിങ്ങുകൾ കൃത്രിമമായി പെരുപ്പിച്ചതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടെയായിരുന്നു ഇത്. മറ്റൊന്ന് തെൻറ വ്യാജ ഇ -മെയിൽ വിലാസത്തിൽ നിന്ന് കങ്കണക്ക് പ്രണയ െമയിലുകൾ അയച്ചതുമായി ബന്ധപ്പെട്ട് ഋത്വിക് റോഷൻ നൽകിയ കേസാണ്.
ഇതിനിടയിൽ ദാദ്ര നഗർ ഹവേലി എം.പി മോഹൻ ദേൽകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അവിടത്തെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ ആത്മഹത്യ പ്രേരണ കേസെടുത്തിരുന്നു. മുംബൈയിലെ ഹോട്ടലിലായിരുന്നു ആത്മഹത്യ. ആത്മഹത്യ കുറിപ്പിെൻറയും കുടുംബത്തിെൻറ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു കേസ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര സഹമന്ത്രിയായിരുന്നു പ്രഫുൽ പട്ടേൽ. ഇതിനെല്ലാമിടയിലാണ് അംബാനിക്കു ഭീഷണിയുണ്ടാകുന്നത്.
മറ്റൊരു സംശയം സചിെൻറ ശിവസേന ബന്ധമാണ്. മൂന്നു പാർട്ടികൾ ചേർന്നുള്ള സർക്കാറാണെങ്കിലും ഭരിക്കുന്നത് ശിവസേനയാണ്. സസ്പെൻഷനിലായിരിക്കെ സചിൻ ശിവസേനയിൽ ചേർന്നിരുന്നു. പിന്നീട് ഗുരുവായ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെ ശിവസേനയിൽ കൊണ്ടുവരുന്നതിലും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിലും സചിന് പങ്കുണ്ട്. അറസ്റ്റിലാകുന്നതുവരെ ശിവസേന അദ്ദേഹത്തെ പിന്തുണക്കുകയും ബി.ജെ.പിയുടെ ആക്രമണത്തിൽനിന്ന് പ്രതിരോധിക്കുകയും ചെയ്തു. സചിനെന്താ ഉസാമ ബിൻ ലാദിനാണോ എന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചോദിച്ചത്. പ്രദീപ് ശർമക്കും കേസിൽ ബന്ധമുണ്ടെന്നാണ് ഒടുവിലത്തെ സൂചന. കമീഷണർ ഒാഫിസുള്ള കെട്ടിടത്തിലെ സി.എ.യു വിഭാഗത്തിലാണ് ഗൂഢാലോചനകൾ നടന്നതെന്നാണ് കണ്ടെത്തൽ. എന്നാൽ, പരംബീർ കേസിൽ സാക്ഷി മാത്രമാണെന്നാണ് എൻ.െഎ.എയുടെ ഇപ്പോഴത്തെ നിലപാട്.
കോൺഗ്രസ്, ബി.ജെ.പി ഭരണകാലത്തും പ്രധാനപദവികൾ വഹിക്കുകയും ശ്രദ്ധ നേടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് പരംബീർ. കോൺഗ്രസ് കാലത്ത് തീവ്രഹിന്ദുത്വവാദികൾ അറസ്റ്റിലായ മാലേഗാവ് സ്ഫോടന കേസ്, ബി.ജെ.പി കാലത്ത് ആക്ടിവിസ്റ്റുകൾ അറസ്റ്റിലായ ഭീമ-കൊറേഗാവ് കേസ് എന്നിവയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മുംബൈ പൊലീസ് കമീഷണറാകുന്നത് ശിവസേന ഭരണകാലത്താണ്. ആകെ കുഴഞ്ഞുമറിഞ്ഞ കേസിൽ ആടിയുലയാതിരിക്കാൻ ശിവസേന സഖ്യവും ഇനിയും വലുത് വരാനുണ്ടെന്ന പ്രവചനവുമായി ബി.ജെ.പിയും സജീവമായി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.