മുംബൈ: മഹാരാഷ്ട്രയിലെ അകോല ലോക്സഭ മണ്ഡലത്തിൽ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) അധ്യക്ഷൻ പ്രകാശ് അംബേദ്കർക്കെതിരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്.
മഹാ വികാസ് അഘാഡി (എം.വി.എ)യുമായി സഖ്യ സാധ്യതയില്ലെന്ന് പറഞ്ഞ് 19 സീറ്റുകളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും പ്രകാശ് അംബേദ്കർ ഏഴ് സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രകാശ് അംബേദ്കർക്കുവേണ്ടി അകോല മാറ്റിവെച്ചതായിരുന്നു. എന്നാൽ, തിങ്കളാഴ്ച അഭയ് കാശിനാഥ് പാട്ടീലിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
മഹാരാഷ്ട്ര കോൺഗ്രസിൽ ഒരുവിഭാഗം അകോലയിൽ പ്രകാശിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് വിജയ് വഡേതിവാർ ഹൈകമാൻഡിനോട് ആവശ്യപ്പെട്ടു. കോലാപുർ, നാഗ്പുർ അടക്കം ഏഴിടത്ത് കോൺഗ്രസിനെ പിന്തുണക്കുമെന്നാണ് പ്രകാശ് നേരത്തേ പറഞ്ഞത്. അകോലയിൽ തനിക്കെതിരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനാൽ നിലപാട് മാറ്റുമോ എന്ന് വ്യക്തമല്ല.
അതേസമയം, ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ പാവയാണ് പ്രകാശ് അംബേദ്കറെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പടോലെ ആരോപിച്ചു. 2014 ലേതിനും 2019 ലേതിനും സമാനമായ നയമാണ് പ്രകാശിന് ഇത്തവണയുമെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.