മുംബൈ: മഹാരാഷ്ട്രയിൽ ഭരണപക്ഷ സഖ്യമായ മഹായൂത്തിയിൽ സ്ഥാനാർഥികളെ ചൊല്ലി പോര്. അമരാവതിയിൽ ബി.ജെ.പി സ്ഥാനാർഥി നവ്നീത് റാണക്കെതിരെ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും ബുൽധാനയിൽ ഷിൻഡെ പക്ഷ സ്ഥാനാർഥി പ്രതാപ് ജാദവിനെതിരെ ബി.ജെ.പിയുമാണ് പോര് നയിക്കുന്നത്.
അമരാവതിയിൽ സിറ്റിങ് എം.പിയായ നവ്നീത് റാണയെ ഷിൻഡെ പക്ഷ നേതാവും മുൻ എം.പിയുമായ ആനന്ദ്റാവു അഡ്സുലും മറ്റൊരു സഖ്യകക്ഷിയായ പ്രഹാർ പാർട്ടി എം.എൽ.എ ബച്ചുകാഡുവും അംഗീകരിക്കുന്നില്ല. പ്രചാരണം നടത്തില്ലെന്നും കെട്ടിവെച്ച കാശുപോലും തിരികെ കിട്ടാത്തവിധം പരാജയപ്പെടുത്തുമെന്നുമാണ് ഇവരുടെ നിലപാട്.
2019 ൽ എൻ.സി.പി പിന്തുണയിൽ ജയിച്ച നവ്നീത് പിന്നീട് ബി.ജെ.പിയുമായി അടുക്കുകയായിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരെ ഹനുമാൻ ചാലിസ നടത്തി പ്രതിസന്ധി തീർത്തത് നവ്നീതും സ്വതന്ത്ര എം.എൽ.എയായ ഭർത്താവ് രവി റാണയുമായിരുന്നു. ബി.ജെ.പിയായിരുന്നു ഇതിന് പിന്നിൽ.
ബച്ചു കാഡുവിന്റെ പാർട്ടിയും മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തി. സംവരണ മണ്ഡലമായ അമരാവതിയിൽ പ്രകാശ് അംബേദ്കറുടെ സഹോദരനും റിപ്പബ്ലിക്കൻ സേന നേതാവുമായ ആനന്ദീരാജ് അംബേദ്കറും മത്സരിക്കുന്നു. പ്രകാശ് അംബേദ്കറുടെ വി.ബി.എക്കും കോൺഗ്രസിനും സ്ഥാനാർഥികളുണ്ട്.
ബുൽധാനയിൽ ഷിൻഡെ പക്ഷ സ്ഥാനാർഥിക്കെതിരെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള വിജയ്രാജ് ഷിൻഡെ പത്രിക നൽകി. പ്രാദേശിക ബി.ജെ.പി നേതാക്കൾ വിജയ്രാജ് ഷിൻഡെക്ക് ഒപ്പമാണ്. കടുത്ത വിലപേശലിന് ശേഷമാണ് ബുൽധാന ഷിൻഡെ പക്ഷത്തിന് ബി.ജെ.പി വിട്ടുകൊടുത്തത്.
സിറ്റിങ് എം.പിയാണ് ഷിൻഡെ പക്ഷ സ്ഥാനാർഥി പ്രതാപ് ജാദവ്. സമവായത്തിലെത്താനാകാത്തതിനാൽ 12 സീറ്റുകളിൽ ഇനിയും മഹായൂത്തി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് പ്രഖ്യാപിച്ച മണ്ഡലങ്ങളിലെ പോര് മുറുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.