പ്രഫ. സായി ബാബ, ഈ നാട് താങ്കളെ അർഹിക്കുന്നില്ല

സായിബാബ അറസ്​റ്റിലായ ഘട്ടത്തിൽ അതിനെതിരെ നടന്ന പ്രതി​ഷേധ സമരങ്ങളുടെ മുന്നിലുണ്ടായിരുന്ന മൂന്നുപേർ ഡൽഹി സർവകലാശാലയിലെ ​ഡോ. ഹാനി ബാബു, റോണ വിൽസൻ, ഉമർ ഖാലിദ്​ എന്നിവർ ഇന്ന്​ കെട്ടിച്ചമക്കപ്പെട്ട കുറ്റങ്ങളുടെ പേരിൽ തടവറകളിലാണ്

സ്​റ്റാൻ സ്വാമിക്ക്​ പിന്നാലെ, പ്രഫ. ജി.എൻ. സായിബാബയും മടങ്ങിയിരിക്കുന്നു. സായിബാബ മരിച്ചെന്ന്​ കേട്ടപ്പോൾ മനസ്സ്​ മരവി​ച്ചെങ്കിലും നടുക്കം തോന്നിയില്ല. കാരണം ഇതു​പോലൊരു മരണം ഏതാണ്ട്​ പത്തു വർഷം മുമ്പ്​ ജയിലിനകത്തുതന്നെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. 2014ൽ അറസ്​റ്റിലായി നാഗ്​പൂർ ജയിലിലെ അണ്ഡാ സെല്ലിലടച്ച ഘട്ടം മുത​ലേ മരുന്നും ചികിത്സയും നിഷേധിച്ച്​ അദ്ദേഹത്തെ ഉന്മൂലനം ചെയ്യാൻ ഭരണകൂടം ശ്രമം തുടങ്ങിയിരുന്നു. വാർധക്യത്തിന്റെ അവശത വകവെക്കാതെ ഡൽഹിയിൽ നിന്ന്​ നാഗ്​പൂർ ജയിലി​ലെത്തി സായിബാബയെ സന്ദർശിച്ച ജസ്​റ്റിസ്​ രജീന്ദർ സച്ചാർ ഇക്കാര്യം മാധ്യമ-മനുഷ്യാവകാശ പ്രവർത്തകരെ അറിയിച്ചശേഷമാണ്​ ബോംബെ ഹൈകോടതി ഇടപെട്ട്​ അദ്ദേഹത്തിന്​ മൂന്നു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്​. ജാമ്യം ലഭിച്ച വേളയിൽ ‘മാധ്യമം ആഴ്​ചപ്പതിപ്പി’ന്​ അനുവദിച്ച അഭിമുഖത്തിൽ ഇതേക്കുറിച്ച്​ ചോദിച്ചപ്പോൾ സായിബാബയുടെ മറുപടി ഇതായിരുന്നു:

‘‘മരുന്നും ചികിത്സയും നിഷേധിച്ചത് ജയിലര്‍മാരുടെ സാഡിസത്തിന്റെ ഭാഗമായല്ല, അത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കു പ്രകാരം 2014ല്‍ ജയിലില്‍ ഏറ്റവുമധികം പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്-98 പേര്‍. എന്നെ പാര്‍പ്പിച്ച നാഗ്പൂര്‍ ജയിലില്‍ 14 മാസത്തിനിടെ, മരിച്ച അഞ്ചിൽ മൂന്നുപേര്‍ ഹൃദ്രോഗികളാണ്. പത്തുവര്‍ഷമായി മരുന്നുകഴിക്കുന്ന കടുത്ത ഹൃദ്രോഗബാധയുള്ള ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്​ അപാരമായ ഭാഗ്യം കൊണ്ടാവാം. ജയിലിലെ മരുന്നുഷോപ്പില്‍ എനിക്ക് വേണ്ടവ ലഭ്യമല്ലായിരുന്നു. എന്റെ ഭാര്യ വസന്തയും സഹോദരൻ

രമാദേവും മരുന്നുകൊണ്ടുവന്നു. ജയില്‍ കവാടത്തില്‍ അവ വാങ്ങിവെച്ചെന്നല്ലാതെ, ഒരു ഗുളിക പോലും എനിക്കെത്തിയില്ല. അന്യായമായി കസ്റ്റഡിയിലെടുത്ത അന്നു മുതല്‍ എന്നെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പൊലീസിന് കൃത്യമായ നിര്‍ദേശമുണ്ടായിരുന്നു. ജീവനോടെ ഞാന്‍ ജയില്‍വളപ്പിനു പുറത്തിറങ്ങരുതെന്നാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. ഒഴിവാക്കാനാവാത്ത മരുന്നുകള്‍ കുറച്ചു ദിവസം മുടക്കിയാല്‍ എന്റെ ജീവനെടുക്കാനാകുമെന്ന് അവര്‍ കരുതി. ആരോഗ്യാവസ്ഥ അത്യന്തം പരിതാപകരമായ ഘട്ടത്തില്‍ ഹൈകോടതി ഇടപെട്ടതുകൊണ്ടാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തിലും മറ്റു പല രാഷ്ട്രീയ തടവുകാരുടെ കാര്യത്തിലും അധികൃതര്‍ സമാനമായ തന്ത്രമാണ് ഉപയോഗിക്കുന്നത്. ചികിത്സ നല്‍കാവുന്ന ഘട്ടത്തിലെല്ലാം നിഷേധിക്കുക. മുമ്പ് ഒരു വ്യാജക്കേസില്‍ കുടുക്കി പതിറ്റാണ്ടിലേറെ ജയിലില്‍ പീഡിപ്പിച്ച ശേഷം നിരപരാധിയെന്ന് ബോധ്യപ്പെട്ട് നീതിപീഠം വെറുതെവിട്ടയാളാണ് മഅ്ദനി. വീല്‍ ചെയറിന്റെ സഹായമില്ലാതെ അടുത്ത മുറിയിലേക്ക് പോലും നീങ്ങാനാവില്ല. വൈകിയെങ്കിലും സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ മഅ്ദനിയുടെ കാര്യവും അപകടാവസ്ഥയിലായേനെ. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക സംസ്കാരം അതിശക്തമായി നടന്നുവരുന്നുണ്ട്. പക്ഷേ, വെടിയുണ്ട പ്രയോഗിക്കാതെ ചികിത്സ മുടക്കിയും രാഷ്ട്രീയ വൈരാഗ്യമുള്ളവരെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂടം തീരുമാനിച്ചാല്‍ രാജ്യത്തെ ജനാധിപത്യ അവകാശങ്ങള്‍ അത്യാസന്ന നിലയില്‍ ആണെന്നാണര്‍ഥം’’.

സ്റ്റാൻ സ്വാമി, ഹാനി ബാബു, റോണാ വിൽസൻ, ഉമർ ഖാലിദ്

രാജ്യത്തി​​ന്റെ രാഷ്​ട്രീയ-പൗരാവകാശ സ്ഥിതിയെക്കുറിച്ച്​ അത്രകണ്ട്​ കൃത്യതയുള്ള ഒരാൾക്കു മാത്രമേ അങ്ങനെ പറയാൻ കഴിയുമായിരുന്നുള്ളൂ. ഇന്ത്യനവസ്ഥകളെക്കുറിച്ച്​ ആഴത്തിൽ പഠിച്ച അക്കാദമീഷ്യൻമാർക്കോ രാജ്യത്തി​ന്റെ സ്​പന്ദനങ്ങളറിയുന്ന രാഷ്​ട്രീയ ​പ്രവർത്തകർക്കോ സ്വാത​ന്ത്ര്യലബ്​ധിക്ക്​ മുമ്പും ശേഷവും ക്ഷാമ​മേതുമുണ്ടായിരുന്നില്ല, പക്ഷേ, അപരവത്​കരിക്കപ്പെട്ട ജനതക്കു​വേണ്ടി ആർജവത്തോടെ മുന്നിട്ടിറങ്ങുന്ന നായികാ നായകർക്കായിരുന്നു പഞ്ഞം. പൗരാവകാശങ്ങ​ളെക്കുറിച്ച്​ മിണ്ടുന്നത്​ കുറ്റകൃത്യമെന്നു​കണ്ട്​ നേരിടുന്ന ഫാഷിസ്​റ്റ്​ സമഗ്രാധിപത്യ ഭരണകാലത്ത്​ അത്​ അ​​​മ്പേ ​​നേർത്തു​പോയിരിക്കുന്നു.

എന്തായിരുന്നു ജി.എൻ. സായിബാബയെ നോട്ടപ്പുള്ളിയും കുറ്റവാളിയുമാക്കിയത്​?  ഇന്നും ദുരൂഹതകളവസാനിച്ചിട്ടില്ലാത്ത പാർലമെൻറ്​ ഭീകരാക്രമണ​ക്കേസിൽ കുടുക്കി കശ്​മീരിൽ നിന്നുള്ള ഡൽഹി സർവകലാശാല അധ്യാപകൻ ഡോ. എസ്​.എ.ആർ. ഗീലാനിയെ വധശിക്ഷക്ക്​ വിധിച്ചതിനെതി​രെ നടത്തിയ പോരാട്ടങ്ങ​ൾക്ക്​ മുന്നിൽ സായിബാബയും അദ്ദേഹത്തി​ന്റെ ചക്രക്കസേരയുമുണ്ടായിരുന്നു.

നക്​സൽ വിരുദ്ധ പോരാട്ടമെന്ന പേരിൽ ആദിവാസി ജനത​യെ അവരു​ടെ ആവാസകേന്ദ്രങ്ങളിൽ നിന്ന്​ തുരത്തിയോടിച്ച്​ ആ ഭൂമി ഖനന-റിയൽ എസ്​റ്റേറ്റ്​ കമ്പനികൾക്ക്​ കാഴ്​ചവെക്കാൻ രണ്ടാം യു.പി.എ സർക്കാറി​ന്റെ കാലത്ത് തുടക്കമിട്ട ഓപ​റേഷൻ ഗ്രീൻ ഹണ്ട്​ എന്ന കൊലയാളിക്കളിക്കെതിരെ ആദ്യമുയർന്ന ശബ്​ദങ്ങളിലൊന്നും സായിബാബയു​ടേതായിരുന്നു. രാഷ്​ട്രീയ തടവുകാരുടെ അവകാശങ്ങൾക്കുവേണ്ടിയും യു.എ.പി.എ പോലുള്ള കഠോര നിയമങ്ങൾക്കെതിരായും നിലകൊണ്ട അദ്ദേഹത്തെ ഏറെ വൈകാതെ യു.എ.പി.എ ചുമത്തി ജയിലിലടച്ചുകൊണ്ടാണ്​ ഭരണകൂടം പകരം വീട്ടിയത്​.

സായിബാബ ഉൾപ്പെടെയുള്ളവരുടെ പോരാട്ട ഫലമായി കുറ്റമുക്തനാക്കപ്പെട്ട എസ്​.എ.ആർ. ഗീലാനി ജയിലിൽ നിന്നിറങ്ങിയത്​ രോഗങ്ങളുമായാണ്​. അ​വ മൂർച്ഛിച്ച്​ അകാലത്തിൽ മരണപ്പെടുകയും ചെയ്​തു.

സായിബാബ അറസ്​റ്റിലായ ഘട്ടത്തിൽ അതിനെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതി​ഷേധ സമരങ്ങളിലും പൗരാവകാശ മു​ന്നേറ്റങ്ങളിലും മുന്നിലുണ്ടായിരുന്ന മൂന്നുപേർ ഡൽഹി സർവകലാശാലയിലെ ​ഡോ. ഹാനി ബാബു, റോണ വിൽസൻ, ഉമർ ഖാലിദ്​ എന്നിവർ ഇന്ന്​ കെട്ടിച്ചമക്കപ്പെട്ട കുറ്റങ്ങളുടെ പേരിൽ തടവറകളിലാണ്​. സായിബാബക്ക്​ മുമ്പ്​ തടവറയിൽ നിന്ന്​ കുരി​​ശേറ്റപ്പെട്ട ഫാ. സ്​റ്റാൻ സ്വാമി ചെയ്​ത അപരാധവും ആദിവാസികളെ അറുകൊല ചെയ്യുന്നതിനെതി​രെ പ്രതികരിച്ചെന്നതാണ്​. ജയിലിലാക്കുന്നതിന്​ മുമ്പ്​ പാർല​മെൻറ്​ മന്ദിരത്തിന്​ ഏതാനും വാര അകലെവെച്ച്​ ഉമറിനെ പട്ടാപ്പകൽ ​വെടിവെച്ചുകൊല്ലാനും ശ്രമം നടന്നിരുന്നു. ​നോക്കൂ, എത്ര കൃത്യവും കാര്യക്ഷമവുമായാണ്​ ഭരണകൂടത്തി​​ന്റെ പ്രതികാരയന്ത്രം പ്രവർത്തിക്കുന്ന​തെന്ന്​.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരാക്രമണമായ രാഷ്ട്രപിതാവ്​ മഹാത്മ ഗാന്ധിയുടെ ​കൊലപാതകം മുതൽ ​ഒട്ടനവധി ഔട്ട്​സോഴ്​സ്​ഡ്​ വധശിക്ഷകൾ നടന്നിട്ടുണ്ട്​ ഇന്ത്യയിൽ. തൊഴിലാളി നേതാക്കളായ ശങ്കർ ഗുഹാ നിയോഗി, ദത്താ സാമന്ത്​, പൗരാവകാശ ​പ്രവർത്തകൻ അഡ്വ. ഷാഹിദ്​ ആസ്​മി, സ്വതന്ത്ര ചിന്തകരായ ​ഗോവിന്ദ്​ പൻസാരെ, ന​​രേന്ദ്ര ദാബോൽകർ, ​ഡോ. കൽബുർഗി, മാധ്യമ പ്രവർത്തക ഗൗരി ല​ങ്കേശ്​ .... എന്നിങ്ങനെ നിരവധി പേർ. ഇപ്പോഴിതാ സായിബാബ ​പ്രവചിച്ചതു ​പോലെ ഒരുവെടിയുണ്ടയുടെ ​പോലും ചെലവില്ലാതെ നിയമപാലന-നീതി പരിപാലന സംവിധാനങ്ങളു​ടെ നിശബ്​ദ പിന്തുണയോടെ ജയിലിനകത്തും പുറത്തും അവ നടപ്പാക്ക​പ്പെടുന്നു.

സായിബാബയുടെ വേർപാട്​ കനത്ത നഷ്​ടം തന്നെയാ​ണെങ്കിലും പൗരാവകാശ​ പ്രവർത്തനത്തെ ക്രിമിനൽ കുറ്റമായിക്കാണുന്ന, അനീതിയിലാറാടുന്ന ഒരു വ്യവസ്ഥ അദ്ദേഹത്തെ​പ്പോ​ലുള്ള മനുഷ്യസ്​​നേഹിക​ളെ അർഹിക്കുന്നില്ല എന്നതാണ്​ വാസ്​തവം

Tags:    
News Summary - Prof. Sai Baba, this country does not deserve you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.