ശ്രീരാമൻ ജീവിച്ചിരുന്നത് ത്രേതായുഗത്തിലായിരുന്നു. (ഭാരതീയരുടെ ആദികാലഗണന: സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്ന ക്രമത്തിൽ ഒരു ചതുർയുഗം; 71 ചതുർയുഗങ്ങൾ ഒരു മന്വന്തരം; 14 മന്വന്തരങ്ങൾ ഒരു കൽപം. ഈ അതിദീർഘകാലം ഒരു സൃഷ ്ടി.)
ശ്രീരാമെൻറ സമകാലികനായിരുന്ന വാല്മീകിക്ക് നാരദ മഹർഷിയാണ് രാമെൻറ ജീവിതകഥ പകർന്നുനൽകിയത ്. ഒരു പുരുഷനു വേണ്ട സർവഗുണങ്ങളും തികഞ്ഞ ആരെങ്കിലും ഭൂമുഖത്തു ജീവിച്ചിരിപ്പുണ്ടോ എന്ന് വാല്മീകി നാരദനോട് ചോദിച്ചു. ഉണ്ട് എന്നു സമർഥിക്കാൻ നടത്തിയ ഈ കഥനത്തിനു ‘മൂലരാമായണം’ എന്നാണു പേർ. വാല്മീകി രാമായണമാകട്ടെ, ആദി കാവ്യം അഥവാ ആദ്യത്തെ കാവ്യം എന്നറിയപ്പെടുന്നു.
രചനയുടെ ആരംഭത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ശിഷ്യനായ ഭരദ്വാജനുമൊത്ത് തമസാനദിയിൽ കുളിക്കാൻ ചെന്ന വാല്മീകി പ്രണയബദ്ധരായി കൊക്കുരുമ്മിയിരുന്ന രണ്ടു ക്രൗഞ്ചപ്പക്ഷികൾക്കു (Sarus Cranes ആണെന്നാണ് ഗവേഷകരുടെ പക്ഷം) നേരെ വേടൻ തൊടുത്ത അമ്പേറ്റ് ആൺപക്ഷി പിടഞ്ഞുവീണു മരിക്കുന്നതും പെൺപക്ഷി ദയനീയമായി കരയുന്നതും കണ്ടു. ശോകാകുലനായ ഋഷിയിൽനിന്ന് അദ്ദേഹം പോലുമറിയാതെ പൊടുന്നനെ ഈ വാക്കുകൾ ഉതിർന്നു:
മാ നിഷാദ! പ്രതിഷ്ഠാം ത്വം അഗമഃ ശാശ്വതീ സമാ
യത് ക്രൗഞ്ചമിഥുനാദേകം അവധീഃ കാമമോഹിതം
പ്രണയത്തിൽ സ്വയം മറന്നിരുന്ന ക്രൗഞ്ചപ്പക്ഷികളുടെ ഇണയിൽ ഒന്നിനെ കൊന്ന കാട്ടാളാ നീ ഒരിക്കലും സ്വസ്ഥത അറിയാതെയിരിക്കട്ടെ എന്നാണതിെൻറ ഏകദേശാർഥം.
അതായത്, നിെൻറ ജീവനു ഗതികിട്ടാതെ പോകട്ടെ എന്ന് ശോകാധിക്യത്തിൽ ശപിക്കുകയാണ് വാല്മീകി. തന്നിൽനിന്ന് അറിയാതെ പുറപ്പെട്ട ശാപവാക്കുകൾ വാല്മീകിയെ പശ്ചാത്താപഗ്രസ്തനാക്കി. ആ വാക്കുകൾക്ക് ഗൂഢാർഥമുണ്ടെന്നും രാമായണം രചിക്കേണ്ട ഛന്ദസ്സാണ് കിട്ടിയിരിക്കുന്നതെന്നും പറഞ്ഞു ബ്രഹ്മാവ് അദ്ദേഹത്തെ സമാധാനിപ്പിച്ചുവത്രെ.
അനുഷ്ടുപ്പ് എന്ന വൃത്തമായി ആ രീതി പിൽക്കാലത്ത് അറിയപ്പെട്ടു. അങ്ങനെ വാല്മീകി ആദികവിയായി. ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള രചനകളിൽ ഒന്നായി രാമായണം ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. ഏറ്റുപാടിയും പറഞ്ഞും തലമുറകളിലൂടെ ആ കഥക്ക് ഭാഷാന്തരങ്ങളുണ്ടായി. പാടുന്നവെൻറയും പറയുന്നവെൻറയും ധാരണകളും മനോധർമവും അനുസരിച്ച് കഥയിൽ മാറ്റങ്ങളുണ്ടായി. ഇന്ത്യക്കു പുറത്ത് നേപ്പാൾ, ശ്രീലങ്ക, മ്യാന്മർ, ജപ്പാൻ, വിയറ്റ്നാം, മലേഷ്യ, കംബോഡിയ, ചൈന തുടങ്ങി ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും രാമായണം എത്തിയിട്ടുണ്ട്. ഇന്ത്യക്കകത്ത് തമിഴിലെ കമ്പരാമയണം, തെലുങ്കിലെ ശ്രീരംഗനാഥരാമായണം, കന്നടയിലെ കുമുദേന്ദുരാമായണം, ബംഗാളിലെ കൃത്തിവാസ് രാമായണം തുടങ്ങി മിക്ക ഭാഷകളിലും രാമായണമുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി മുന്നൂറോളം രാമായണങ്ങളെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.
സംസ്കൃതത്തിൽ തന്നെ രാമകഥക്ക് മറ്റു കാവ്യാഖ്യാനങ്ങൾ ഉണ്ടായി. അവയിലൊന്നാണ് വ്യാസേൻറതെന്നു പറയപ്പെടുന്ന അധ്യാത്മരാമായണം. തുഞ്ചത്തെഴുത്തച്ഛൻ ഈ രാമായണത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. തുളസീദാസെൻറ രാമചരിതമാനസ് എന്ന കൃതിയും അപ്രകാരം തന്നെ. മലയാളത്തിൽ ചീരാമകവിയുടെ രാമചരിതമാണ് രാമകഥ പ്രമേയമാക്കി എഴുതപ്പെട്ട ആദ്യകൃതി. പിന്നീട് കണ്ണശ്ശരാമായണം രചിക്കപ്പെട്ടു. മലബാർ മുസ്ലിംകളുടെ നാട്ടുപാരമ്പര്യത്തിൽ പാട്ടുരീതിയിൽ രചിക്കപ്പെട്ട ‘മാപ്പിളരാമായണം’ കൂടി അടുത്തകാലത്ത് കണ്ടെത്തിയിട്ടുണ്ട്. ഞാൻ ഇവിടെ സംഗ്രഹിക്കുന്നത് എഴുത്തച്ഛെൻറ അധ്യാത്മരാമായണം കിളിപ്പാട്ടിെൻറ ഉള്ളടക്കമാണ്. കർക്കടകമാസത്തെ രാമായണമാസമാക്കുന്ന മലയാളികൾ ഈടുറ്റ ഈ കവിതയാണല്ലോ നിത്യം വായിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.