നമ്മുടെ ജനാധിപത്യബോധം എത്രത്തോളം?

അടിയന്തരാവസ്ഥക്കുശേഷം 1977ല്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയിലും അതിന്‍െറ കാവലാളുകളായ അതിസാധാരണ ഭൂരിപക്ഷജനതയുടെ വിവേചനബുദ്ധിയിലും വിശ്വാസം ഉറപ്പിച്ച ഒന്നായിരുന്നു.  പക്ഷേ, അന്ന് കേരളത്തിലെ ജനതയുടെ മാത്രം തീരുമാനം വിചിത്രമായിരുന്നു.  ഇന്ത്യയിലെ നിരക്ഷരരും പരമദരിദ്രരും അടങ്ങുന്ന ജനത മുഴുവന്‍ അമിതാധികാരത്തിനെതിരെ, പൗരസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കെതിരെ  സംശയരഹിതമായി കൈ ഉയര്‍ത്തിയപ്പോള്‍ സാക്ഷരരും രാഷ്ട്രീയ പ്രബുദ്ധരും എന്നൊക്കെ അഭിമാനിക്കുന്ന മലയാളികളുടെ തീരുമാനം  മറിച്ചായിരുന്നു.  പൗരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മൗലികാവകാശം, ജനാധിപത്യം എന്നിവക്കൊക്കെ ഭൂരിപക്ഷം മലയാളികളും എത്രമാത്രം പ്രാധാന്യമാണ് നല്‍കുന്നതെന്നതിന്‍െറ സൂചനകള്‍ ആ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടായിരുന്നു.      

അടുത്തദിവസങ്ങളില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ പതിവില്ലാത്ത വിധം രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്തായാലും അതിന് ഇരുപക്ഷത്തെയും കുറ്റപ്പെടുത്തുന്നവരാണേറെയും. ഒരു പരിധിവരെ അത് ശരിയുമാകാം.  പക്ഷേ, നിയമവാഴ്ചയുടെയും ജനാധിപത്യത്തിന്‍െറയും ഭരണഘടനയുടെയും സുഭദ്രമായ നിലനില്‍പിന് ഈ രണ്ടുവിഭാഗങ്ങളുടെയും പ്രവര്‍ത്തനം തടസ്സമില്ലാതെ പോയേ തീരൂ.  ഈ വിഭാഗങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള താല്‍പര്യം ജനാധിപത്യവിരുദ്ധ ശക്തികള്‍ക്കും അമിതാധികാരമോഹികള്‍ക്കും മറ്റ് നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കുമാണ്.  ഇത് അഭിഭാഷകരും  മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ഒരു പൊങ്ങച്ചപ്രശ്നം മാത്രമാണെന്ന് പറഞ്ഞ് ഇതിനോട് മുഖംതിരിക്കുന്ന രാഷ്ട്രീയകക്ഷികളും പൗരസമൂഹവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനാധിപത്യത്തിന്‍െറയും പൗരാവകാശത്തിന്‍െറയും സുപ്രധാന വിഷയങ്ങള്‍ കണ്ടില്ല.

അഭിഭാഷകരിലെയും മാധ്യമപ്രവര്‍ത്തകരിലെയും ചുരുക്കം  തീവ്രവാദികളും  അസഹിഷ്ണുക്കളുമാകാം കാര്യങ്ങള്‍ ഇത്രയധികം  വഷളാക്കിയത്.  അതേസമയം, ഒരു ന്യൂനപക്ഷം കുത്തിപ്പൊക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇരുപക്ഷത്തെയും കൂട്ടായി കുറ്റപ്പെടുത്തുന്നതിലും അര്‍ഥമില്ല. മാധ്യമപ്രവര്‍ത്തന രീതികളിലെ തെറ്റുകളെ പരസ്യമായും ഈ മേഖലക്കുള്ളിലുള്ള വേദികളിലും ഈ വിഭാഗത്തിന്‍െറ ഭാഗമെന്ന നിലക്ക് സ്വയമായും വിമര്‍ശം നടത്തുകയും  തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന  ആളാണ്  ഈ ലേഖകന്‍. ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കൊക്കെ ഒരുപങ്ക് ഈ രംഗത്തെ പ്രയോക്താവെന്ന നിലക്ക് ഏറ്റെടുക്കാന്‍ മടിയുമില്ല.  എങ്കിലും, ഒരുകാര്യം ചൂണ്ടിക്കാട്ടാതെ വയ്യ.  മാധ്യമപ്രവര്‍ത്തകരെ സ്വന്തം ജോലിചെയ്യുന്നത് സംഘംചേര്‍ന്ന് തടസ്സപ്പെടുത്തുകയാണ് അക്രമത്തിനൊരുമ്പെട്ട  അഭിഭാഷകര്‍ ചെയ്തത്. മാത്രമല്ല, ജനാധിപത്യവ്യവസ്ഥയില്‍ കോടതിയിലും കോടതി നടപടികളിലും  പ്രവേശം ലഭിക്കാനും സാക്ഷ്യം വഹിക്കാനും നിയമവിധേയമായ രീതിയില്‍ ഇടപെടാനും പൊതുജനത്തിനാകെ അധികാരവും അവകാശവുമുണ്ടെന്ന മൗലികതത്ത്വത്തെ വെല്ലുവിളിക്കുന്ന  ഫ്യൂഡല്‍ പരിപാടിയാണ് അഭിഭാഷകര്‍ ചെയ്തത്.  ‘കോടതി എന്നാല്‍, വക്കീല്‍മാരുടെയും ജഡ്ജിമാരുടെയും കക്ഷികളുടെയും ലോകമാണ്. നിങ്ങള്‍ക്കെന്താ അവിടെ കാര്യം?’ എന്ന്  ചാനല്‍ ചര്‍ച്ചയില്‍ ഒരു അഭിഭാഷകപ്രമുഖന്‍ ചോദിക്കുന്നതു കേട്ടു.  നാളെ നിയമസഭയില്‍ സാമാജികരും സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിച്ചാലോ?  അമേരിക്കയിലെപോലെ കോടതിമുറികളില്‍ ടി.വി കാമറകള്‍ അനുവദിക്കുന്നതുപോലും ചര്‍ച്ചചെയ്യുന്ന കാലത്താണിത് എന്നോര്‍ക്കണം. 2008ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ്് കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ് അശോക് ഭാന്‍, ജസ്റ്റിസ്് അരിജിത് പസായത് എന്നിവരുടെ  കീഴില്‍ നടന്ന  ലോക്അദാലത്തില്‍ ആദ്യമായി ടെലിവിഷന്‍ കാമറകള്‍ അനുവദിച്ചത് ഈ വഴിക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു.  

മൗലികാവകാശ ലംഘനം

ഇപ്പോള്‍ കേരളത്തിലെ കോടതികളില്‍ നടന്നത് ഭരണഘടനാദത്തമായ മൗലികാവകാശങ്ങളുടെ ലംഘനമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴിലെടുക്കാനുള്ള അവകാശത്തിന്‍െറയും   ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്‍െറയും ലംഘനം. ഇവിടെയാണ് കേരളത്തിലെ സര്‍ക്കാറും പൗരസമൂഹവും ഈ വിഷയത്തില്‍ പുലര്‍ത്തുന്ന ഉദാസീനത അപായകരമാകുന്നത്. ഭരണഘടനാദത്തമായ മൗലികാവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടാന്‍ ജനങ്ങളും പത്രപ്രവര്‍ത്തകരും ആശ്രയിക്കുന്നത് ഈ അഭിഭാഷകരെയും കോടതികളെയുമാണെന്ന് ഓര്‍ക്കുക. നിയമവാഴ്ച നടപ്പാക്കാന്‍ നേരിട്ട് ബാധ്യതയുള്ള അഭിഭാഷകരും കോടതികളുംതന്നെ അവയുടെ  നിഷ്പക്ഷതക്കും വിശ്വാസ്യതക്കും ഭീഷണി ഉയര്‍ത്തുന്ന  അതീവ ഗുരുതര കാഴ്ചയാണ് കേരളത്തില്‍ ഇന്ന്. പ്രതികള്‍ അഭിഭാഷകരാണെങ്കില്‍ കോടതിയില്‍നിന്ന് നീതിലഭിക്കില്ളെന്ന ആശങ്ക പടരുന്നത് എത്ര അപായകരമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശം, ആവിഷ്കാരസ്വാതന്ത്ര്യം,  മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം എന്നിങ്ങനെ ഭരണഘടനാദത്തവും ജനാധിപത്യത്തിന്‍െറ ആധാരശിലയുമായ പ്രമാണങ്ങള്‍ക്കുനേരെ വെല്ലുവിളി ഉയരുമ്പോഴും പത്രക്കാരും വക്കീല്‍മാരും തമ്മിലുള്ള അടിപിടി  എന്ന മട്ടില്‍ പ്രശ്നത്തെ ലഘൂകരിച്ചുകാണുകയാണ്  നിര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും. (ചില നേതാക്കളും സ്പീക്കറും ന്യായമായ നിലപാട് സ്വീകരിച്ചെന്ന് സമ്മതിക്കുന്നു).  അതുകൊണ്ടുതന്നെ പൊതുസമൂഹവും ഇക്കാര്യത്തിന്‍െറ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടില്ല.   മാധ്യമസ്വാതന്ത്ര്യമെന്നത് മാധ്യമങ്ങളുടെ മാത്രം കാര്യമല്ളെന്നും പൊതുസമൂഹത്തിന്‍െറ മുഴുവന്‍ പൗരസ്വാതന്ത്ര്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നുമുള്ള പ്രാഥമികവസ്തുതപോലും  എല്ലാവരും മറന്ന മട്ട്.  വി.ആര്‍. കൃഷ്ണയ്യരെയും പി. സുബ്രഹ്മണ്യം പോറ്റിയെയും പോലുള്ള ധാര്‍മികതയും സാമൂഹികപ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച ന്യായാധിപര്‍ കാലയവനികക്ക് പിന്നില്‍ മറഞ്ഞ ഇക്കാലത്ത് അഭിഭാഷകരുടെ ഈ അപായകരമായ പോക്കിനെതിരെ പ്രതികരിക്കാനും അവരെ നേര്‍വഴിക്ക് നടത്താനും തലമുതിര്‍ന്ന അഭിഭാഷകരെയോ ന്യായാധിപരെയോ  (മുന്‍ ന്യായാധിപരെപ്പോലും) കാണുന്നില്ല. പകരം ഒരുതരം വികലമായ ‘വര്‍ഗബോധം’ വിളമ്പി ബാലിശമായ വാശിയും കുതര്‍ക്കങ്ങളും അവതരിപ്പിക്കാന്‍ ചാനലുകളിലത്തെുന്നവരില്‍ അടിയന്തരാവസ്ഥക്കാലം മുതല്‍ ധീരമായി മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെട്ട  സീനിയര്‍ അഭിഭാഷകര്‍പോലുമുണ്ട്. തങ്ങളെ ചോദ്യംചെയ്ത പ്രമുഖ അഭിഭാഷകരെ പടിയടച്ച് പിണ്ഡംവെക്കുകയാണ് അഭിഭാഷക സംഘടന.  

ശക്തിപ്പെടുന്ന അസഹിഷ്ണുത

ഇന്ത്യയില്‍ പലയിടത്തും അഭിഭാഷകരുടെ ഏറിവരുന്ന അസഹിഷ്ണുതയുടെ ഭാഗമാണിതെന്നതും ശ്രദ്ധിക്കാതെ വയ്യ. നീതിവ്യവസ്ഥയുടെ കാര്യകര്‍ത്താക്കളായ അഭിഭാഷകര്‍  സംഘംചേര്‍ന്ന് നടത്തുന്ന അക്രമവും അനീതിയും വ്യാപകമാകുന്നു.  ഇപ്പോള്‍ കേരളത്തില്‍ ഇതിന് ഇരയായത് മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ നാളെ മറ്റ് വിഭാഗങ്ങള്‍ക്കും ഇതേ ഗതി വരാം.  ചെന്നൈയില്‍ അഭിഭാഷകരുടെ രോഷത്തിന് മാസങ്ങളായി ഇരയായത് ജഡ്ജിമാര്‍തന്നെയാണെന്ന് മറക്കരുത്. കേരളത്തിലെ പ്രശ്നങ്ങളുടെ തുടക്കംപോലെ 2015 ജനുവരിയില്‍ പൂനമല്ലി കോടതി പരിസരത്ത് മദ്യപിച്ച് അഭിഭാഷകന്‍ ഒരു കോടതി ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതുമുതലാണ് ചെന്നൈയിലെ പ്രശ്നങ്ങള്‍.   ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനെ കടുത്ത സമ്മര്‍ദത്തില്‍പെടുത്തിയാണ് അഭിഭാഷകര്‍ അവിടെ പലതരത്തിലുള്ള സമരമുറകള്‍ നടപ്പാക്കുന്നത്. എം.എഫ്. ഹുസൈനും പെരുമാള്‍ മുരുകനും എതിരെയുള്ള കേസുകളില്‍ ആവിഷ്കാര സ്വാതന്ത്ര്യ അവകാശം ഉയര്‍ത്തിപ്പിടിച്ച സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ആളാണ് ജസ്റ്റിസ് കൗള്‍ എന്നോര്‍ക്കണം.
കേരളത്തിലും ഏറക്കുറെ സമാനമാണ് പരിപാടികള്‍.    കൊച്ചിയില്‍ ഹൈകോടതിയിലെ  ഒരു സര്‍ക്കാര്‍ അഭിഭാഷകന്‍ സ്ത്രീപീഡന കേസില്‍പെട്ടത് മുതലാണ് കേരളത്തിലെ  സംഘര്‍ഷങ്ങളുടെ ആരംഭം.  കേസെടുത്ത പൊലീസിനെതിരെയായിരുന്നു വക്കീല്‍മാര്‍ ആദ്യം തിരിഞ്ഞത്.  അഡ്വക്കറ്റ് ജനറലിന് പരാതി, പൊലീസ് സ്റ്റേഷനുനേരെ പ്രകടനം നടത്താന്‍ തീരുമാനം എന്നിവയൊക്കെ ആയി. ഈ അഭിഭാഷകന് അനുകൂലമായി പ്രമേയം പാസാക്കാന്‍ ചേര്‍ന്ന അഭിഭാഷക അസോസിയേഷന്‍െറ യോഗം ഭിന്നതമൂലം അലസിപ്പിരിഞ്ഞു. ഇക്കാര്യം ‘ഡെക്കാന്‍ ക്രോണിക്ക്ള്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തതാണ്  അഭിഭാഷകരെ പ്രകോപിപ്പിച്ചത്. പിറ്റേന്നുതന്നെ പത്രലേഖകനെ   അസഭ്യം പറഞ്ഞു.  ലേഖകനെക്കൊണ്ടും പത്രത്തെക്കൊണ്ടും മാപ്പുപറയിച്ചു. എന്നിട്ടും കോടതിപരിസരത്ത് ഇരുപക്ഷവും കൈയാങ്കളിക്കടുത്തത്തെി കാര്യങ്ങള്‍. തുടര്‍ന്ന് ദിവസങ്ങളോളം കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും മാധ്യമപ്രവര്‍ത്തകരുമായി നേരിട്ട് ഏറ്റുമുട്ടി. കോഴിക്കോട്  പൊലീസിന്‍െറ സഹായവും അഭിഭാഷകര്‍ക്ക് ലഭിച്ചു.   

മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും രീതികളില്‍ ധാരാളം കുഴപ്പങ്ങളുണ്ട്.  മറ്റെല്ലാ രംഗത്തുമെന്നപോലെ ഇവിടെയും കാര്യമായ മൂല്യച്യുതിയും ആദര്‍ശഭ്രംശവും വന്നിട്ടുണ്ട്.  കമ്പോളമത്സരവും കച്ചവടവത്കരണവും ഈ തൊഴിലിന്‍െറ ധാര്‍മികതക്കും സത്യസന്ധതക്കും വെല്ലുവിളിയായിട്ടുണ്ട്.  വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നുകയറ്റവും അവര്‍ക്കെതിരെ തേജോവധവും മാധ്യമങ്ങളില്‍നിന്നുണ്ടാകുന്നുണ്ട്. വേണ്ടത്ര തെളിവുകളില്ലാതെ മാധ്യമങ്ങള്‍ വിധിപ്രസ്താവങ്ങള്‍ക്ക് മുതിരാറുണ്ട്. കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തെറ്റുകള്‍ ധാരാളം കടന്നുകൂടുന്നുണ്ട്. കേസില്‍ പ്രതിയാക്കപ്പെടുന്നവരുടെയോ സംശയിക്കപ്പെടുന്നവരുടെയോ മൗലികാവകാശങ്ങള്‍ ലംഘിച്ച് മാധ്യമവിചാരണ നടക്കുന്നുണ്ട്. പലതരം അഴിമതി, പെയ്ഡ് ന്യൂസ് എന്നിവയൊക്കെ ഈ രംഗത്ത് കുറവല്ല.  ഇതൊക്കെ മാധ്യമലോകത്ത് നിരന്തരം ആത്മവിമര്‍ശങ്ങള്‍ക്കും തെറ്റുതിരുത്തല്‍ നടപടികള്‍ക്കും വഴിതുറക്കാറുമുണ്ട്.   

പക്ഷേ, ഇതൊന്നും ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് വിലങ്ങിടാനുള്ള ന്യായീകരണമല്ല. മാത്രമല്ല, ഇവയൊന്നും പുതിയ പ്രവണതകളുമല്ല. മാധ്യമങ്ങള്‍ ആരംഭിച്ചകാലം മുതല്‍ ഇവയൊക്കെ പലരൂപങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും എക്കാലത്തും സാധാരണജനതക്ക് അധികാരസ്ഥാപനങ്ങളോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്നത് മാധ്യമങ്ങളിലൂടെ  മാത്രമാണ്. ഇന്നും ഏറ്റവും വലിയ അമിതാധികാര പ്രയോഗങ്ങള്‍, വര്‍ഗീയ-സാമുദായിക മേധാവിത്വം, ഉന്നത തലങ്ങളിലെ അഴിമതി എന്നിവയൊക്കെ ചോദ്യംചെയ്യാനായത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നതിന്് ഇന്ത്യയുടെ വര്‍ത്തമാനകാല ചരിത്രംപോലും തെളിവാണ്.  

അതേസമയം, മുമ്പൊരിക്കലുമില്ലാത്ത വിധം മാധ്യമങ്ങള്‍ ജനജീവിതത്തില്‍ നിറഞ്ഞ കാലമാണിത്. പത്രങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് 24   മണിക്കൂറിന്‍െറ ഇടവേളയില്‍ ദൈനംദിന ജീവിതത്തില്‍ കടന്നുവരുന്ന ഒന്നായിരുന്നു മാധ്യമങ്ങള്‍. ഇടക്ക് വല്ലപ്പോഴും റേഡിയോയിലൂടെ ഒരു വാര്‍ത്ത. ഇന്ന് 24 മണിക്കൂറും കണ്ണും കാതും തുറന്നിരിക്കുന്ന ന്യൂസ്ചാനലുകള്‍,  ഓണ്‍ലൈന്‍ പത്രങ്ങള്‍, സോഷ്യല്‍ മീഡിയപോലുള്ള നവമാധ്യമങ്ങള്‍ എന്നിവയുടെ വ്യാപനത്തോടെ എല്ലാനിമിഷവും ജനജീവിതം മാധ്യമശ്രദ്ധയിലാണ്.  ആവശ്യമുള്ളതിനെയും ആവശ്യമില്ലാത്തതിനെയുമൊക്കെ വിവേചനരഹിതമായിതന്നെ മാധ്യമങ്ങള്‍ പിന്തുടരുന്നു.  സ്വാഭാവികമായും മാധ്യമങ്ങളുടെ ഈ അമിതസാന്നിധ്യം പ്രതിഷേധവും അരോചകത്വവും ക്ഷണിച്ചുവരുത്തുന്നു. തങ്ങളുടെ പ്രാധാന്യം തലക്കുപിടിച്ച മാധ്യമപ്രവര്‍ത്തകരുടെ അഹങ്കാരവും അതില്‍ ബാക്കിയുള്ളവര്‍ക്ക് തോന്നുന്ന അസൂയയുമൊക്കെ ഈ സ്ഥിതിഗതിക്ക് വളമാകുന്നുണ്ട്.  ജനങ്ങള്‍ക്കിടയില്‍ (അവര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാവുന്ന വേദിയായ സോഷ്യല്‍ മീഡിയയില്‍) പൊതുവെ മാധ്യമങ്ങള്‍ക്കുനേരെ ഉയരുന്ന വിമര്‍ശങ്ങളുടെയും കാരണങ്ങളിതൊക്കെയാവാം. പക്ഷേ,  അതൊക്കെ മാധ്യമങ്ങളെ ശാരീരികമായോ നിയമപരമായോ വിലക്കുകളിലേക്ക് പോകുന്നത് സമൂഹത്തിനാകെ അപായമാകുമെന്ന് മാത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.