ചെറിയ കുടുംബങ്ങളായാലും വലിയ കുടുംബങ്ങളായാലും ഒരേ രൂപരേഖയിലുള്ള വീടുകളാണ് എല്ലാവർക്കും. ഇതിനാൽ പത്ത് അംഗങ്ങളുള്ള കുടുംബങ്ങൾ പോലും ഇവിടെ ഞെരുങ്ങിക്കഴിയുന്നു
മുണ്ടക്കൈ ദുരന്ത അതിജീവിതരുടെ പുനരധിവാസ ചർച്ചകൾ നടക്കുമ്പോൾ ഇവിടെ നിന്ന് മൂന്ന് കിലോ മീറ്റർ മാത്രം അകലെയുള്ള പുത്തുമല എന്ന ദേശം ഓർമയിലെത്തുന്നു. 2019 ആഗസ്റ്റ് എട്ടിന് അതായത് മുണ്ടക്കൈ ഉരുൾപൊട്ടലിന് അഞ്ചുവർഷം മുമ്പ് പുത്തുമലയിലുണ്ടായ ഉരുൾ ദുരന്തത്തിൽ 17 പേരാണ് മരിച്ചത്. അഞ്ചുപേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. ഇവിടെയുള്ള പച്ചക്കാട് ഉരുള്‍പൊട്ടി താഴ്വാരത്തെ പുത്തുമല ഒന്നാകെ ഇല്ലാതാവുകയായിരുന്നു. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പുത്തുമല മുതിരത്തൊടി ഹംസ (58), പച്ചക്കാട് നാച്ചി വീട്ടില്‍ അവറാന് (62), പച്ചക്കാട് കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), പുത്തുമല എസ്റ്റേറ്റിലെ അണ്ണയ്യ (54), പച്ചക്കാട് എടക്കണ്ടത്തില്‍ നബീസ (74) എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്.
പുത്തുമലയിൽ വീടും കിടപ്പാടവും പൂർണമായി നഷ്ടപ്പെട്ട 120 പേരുടെ പുനരധിവാസത്തിനായി മേപ്പാടിക്കടുത്ത പൂത്തക്കൊല്ലിയിലാണ് സർക്കാർ ‘ഹർഷം’ പദ്ധതി തയാറാക്കിയത്. ‘മാതൃഭൂമി’ ട്രസ്റ്റ് നൽകിയ ഏഴേക്കറിൽ 52 വീടുകൾ നിർമിക്കാനായിരുന്നു ലക്ഷ്യമെങ്കിലും 49 എണ്ണമേ പൂർത്തിയായുള്ളൂ. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രൂപ് (16), പീപ്ൾസ് ഫൗണ്ടേഷൻ (10), സാന്ത്വനം (ആറ്), ആക്ട് ഓൺ ഗ്ലോബൽ (അഞ്ച്), തണൽ (അഞ്ച്), ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (അഞ്ച്), മൈജി, ജി ടെക് (ഒന്ന്), അബ്ദുൽ സലീം (ഒന്ന്), മുഹമ്മദുണ്ണി ഓലക്കര (ഒന്ന്) എന്നിങ്ങനെ സന്നദ്ധസംഘടനകളും വ്യവസായ ഗ്രൂപ്പുകളും വ്യക്തികളുമാണ് വീടുകൾ നിർമിച്ചുനൽകിയത്. കുടിവെള്ള പദ്ധതിക്കുള്ള കിണർ മർകസും വാട്ടർ ടാങ്ക്, പൈപ്പ് കണക്ഷൻ, പ്രവേശനകവാടം എന്നിവ മലബാർ ഗ്രൂപ്പും നൽകി. റോഡ്, അഴുക്കുചാൽ ശൃംഖല തുടങ്ങിയവയും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളുമാണ് പൂർത്തിയാക്കിയത്.
ഏഴ് സെന്റിൽ രണ്ട് കിടപ്പ് റൂം, അടുക്കള, സിറ്റ്ഔട്ട്, ഹാൾ, ടോയ്ലറ്റ് എന്നീ സൗകര്യത്തോടെ 690 സ്ക്വയർ ഫീറ്റിലാണ് വീടുകൾ. എല്ലാം ഒരേ പ്ലാനിൽ. മുൻഭാഗം ഓടുപാകിയും ബാക്കി ഭാഗം കോൺക്രീറ്റിട്ടുമാണ് വീടുകളൊരുക്കിയത്. കോൺക്രീറ്റ് കഴിഞ്ഞയുടൻ ടെറസിൽ ഭിത്തികെട്ടി ബാക്കിവരുന്ന ഭാഗം ചെരിച്ച് ഓട് പാകി. വീടിന്റെ പ്ലാൻ അശാസ്ത്രീയമാണെന്ന് അന്നുതന്നെ സന്നദ്ധസംഘടനകൾ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഉയർന്ന പ്രദേശമായതിനാൽ ഇതുതന്നെ വേണമെന്നുപറഞ്ഞ് സർക്കാർ വീടുകളുടെ രൂപരേഖയിൽ ഉറച്ചുനിന്നു. ഫലമോ വർഷം കുറച്ചായപ്പോൾ തന്നെ വീടുകൾ ചോർന്നുതുടങ്ങി. മേൽക്കൂരയിലെ ചോർച്ച തടയാൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയും ചുമരിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം വീടിനകത്ത് വീഴാതിരിക്കാൻ പാത്രങ്ങൾ വെച്ചുമാണ് വീട്ടുകാർ മഴക്കാലം കഴിക്കുന്നത്. നിർമാണം നടക്കുന്ന സമയത്തുതന്നെ അശാസ്ത്രീയ നിർമിതിയുടെ പോരായ്മ എല്ലാവരും ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഇത്തരം കാര്യങ്ങൾ പറഞ്ഞാൽ വീടുനിർമാണം നിലക്കുമെന്നും പിന്നെ രക്ഷയുണ്ടാകില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. അതേ സമയം മുൻഭാഗവും കോൺക്രീറ്റ് ചെയ്ത വീടുകളിൽ ചോർച്ചയില്ല. ചെറിയ കുടുംബങ്ങളായാലും വലിയ കുടുംബങ്ങളായാലും ഒരേ രൂപരേഖയിലുള്ള വീടുകളാണ് എല്ലാവർക്കും. ഇതിനാൽ പത്ത് അംഗങ്ങളുള്ള കുടുംബങ്ങൾ പോലും ഇവിടെ ഞെരുങ്ങിക്കഴിയുന്നു. നിർമാണ സമയത്ത് 70,000 രൂപ സ്വന്തമായി അധികം നൽകിയവർക്ക് മുകളിലേക്കുള്ള കോണിപ്പടികളും നിർമിച്ചുകൊടുത്തു. ഇവരിൽ ചിലർ മുകൾനില കൂടി സ്വന്തം നിലക്ക് പണിതു. ബാക്കിയുള്ളവർ ഇടുങ്ങിയ വീടുകളിൽ ഞെരുങ്ങിക്കഴിയുകയാണ്. ആദ്യഘട്ടത്തിൽ ക്യാമ്പുകളിൽ കഴിഞ്ഞ ഏറെ കുടുംബങ്ങൾ പിന്നീട് മാസങ്ങളോളം വാടകവീട്ടിലായിരുന്നു. ഈയിനത്തിൽ കുറച്ചുതുക മാത്രമേ സർക്കാറിൽ നിന്ന് കിട്ടിയിട്ടുള്ളൂവെന്നും വീട്ടുകാർ പറയുന്നു.
പുത്തുമലയിൽ ദുരന്തത്തിനിരയായ 20ഓളം കുടുംബങ്ങൾക്ക് ചില സന്നദ്ധസംഘടനകൾ സ്വന്തം നിലക്കും വീടുകൾ നിർമിച്ചുനൽകിയിരുന്നു. സർക്കാർ പ്ലാനിലല്ലാതെ പണിത ഈ വീടുകൾക്ക് ഇതുവരെ ഒരു തകരാറുമില്ലെന്ന് താമസക്കാർ പറയുന്നു. മേപ്പാടി-കൽപറ്റ റോഡിന് അൽപമകലെ കാപ്പംകൊല്ലിയിൽ ഇത്തരത്തിൽ പീപ്ൾ ഫൗണ്ടേഷൻ ആറുവീടുകളാണ് നിർമിച്ചുനൽകിയത്. സ്വകാര്യവ്യക്തി നൽകിയ സ്ഥലത്ത് ഏഴ് സെന്റുകളിൽ വീതം 750 സ്ക്വയർ ഫീറ്റ് വീടുകളാണിവ. രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, സിറ്റ്ഔട്ട്, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളുള്ള വീടുകൾ ഭാവി ആവശ്യങ്ങൾ വരുമ്പോൾ വലുപ്പം കൂട്ടാൻ കഴിയുന്ന രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. പുത്തൂർവയലിൽ ഒമ്പതു വീടുകളും വിവിധ സന്നദ്ധസംഘടനകൾ പണിതുനൽകിയിട്ടുണ്ട്.
ദുരന്തത്തിന്റെ ആദ്യദിനങ്ങളിൽ ഇരകൾക്ക് വീടടക്കമുള്ള സഹായവാഗ്ദാനങ്ങൾ നൽകിയ ചില സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും പിന്നീട് ഉൾവലിഞ്ഞിട്ടുമുണ്ട്. ആവേശം തണുത്തപ്പോൾ മുങ്ങിയവരാണ് ചിലരെങ്കിൽ മറ്റ് ചിലർ സർക്കാർ നിലപാടുകളിൽ മനംമടുത്താണ് പിന്തിരിഞ്ഞത്.
ഒന്നുകിൽ പുനരധിവാസ പദ്ധതിക്ക് കീഴിലുള്ള വീട്, അല്ലെങ്കിൽ 10 ലക്ഷം രൂപ. ഇവയിലേതെങ്കിലുമൊന്ന് സ്വീകരിക്കുകയാണ് പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് മുന്നിലുണ്ടായിരുന്ന പോംവഴി. 20ഓളം പേർ സർക്കാറിന്റെ പത്തുലക്ഷം രൂപ ധനസഹായം വാങ്ങി സ്വന്തംനിലക്ക് വീടുവെച്ചു. ജീവനോപാധി നഷ്ടപ്പെട്ടവരാകട്ടെ, ഇപ്പോഴും ദുരിത ജീവിതം നയിക്കുന്നു. പുത്തുമലയിൽ സ്വന്തമായി 35 സെന്റോളം സ്ഥലമുണ്ടായിരുന്നവരും രണ്ടുനില വീടുകളുണ്ടായിരുന്നവരുമടക്കം ഇത്തരത്തിൽ ഒന്നിനും തികയാത്ത പത്തുലക്ഷം വാങ്ങേണ്ടിവന്നു.
പുത്തുമലയിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരിൽ സ്വന്തം പേരിൽ ഭൂമിയുണ്ടായിരുന്ന ആളുകൾക്ക് മാത്രമാണ് സർക്കാർ ആനുകൂല്യം കിട്ടിയത്. ഉരുൾപൊട്ടിയ സ്ഥലത്ത് വീടുണ്ടായിരുന്ന, നിലവിൽ ഉരുൾഭീഷണി നിലനിൽക്കുന്നതിനാൽ അവിടം വിടേണ്ടി വന്നവർക്കും ഒരു സഹായവും കിട്ടിയില്ല. എന്നാൽ, സമാനസാഹചര്യത്തിലുള്ള പലർക്കും രാഷ്ട്രീയ ഇടപെടൽമൂലം ആനുകൂല്യം ലഭിക്കുകയും ചെയ്തു. സർക്കാറിന്റെ പുനരധിവാസ പദ്ധതിയിൽ വീട് ലഭിച്ചവരിൽ ചിലർക്ക് രാഷ്ട്രീയ സ്വാധീനത്താൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരമെന്ന നിലയിലും കിട്ടി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.