അയോധ്യയിൽ നടക്കാൻ പോകുന്ന പ്രതിഷ്ഠ എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസ്സിലുള്ള രാമൻ ഗാന്ധിയുടെ രാമനാണ്. ആ രാമൻ അല്ലാഹുവും ഖുദായും മിശിഹായുമായ രാമനാണ്. എല്ലാ മതങ്ങൾക്കും, എല്ലാ മനുഷ്യർക്കും ആദർശ പുരുഷനായി ഗാന്ധി കണ്ട രാമനാണ്. ആ രാമനെയല്ല, നേരെ മറിച്ച് ഹിന്ദു രാഷ്ട്രത്തിന്റെ നേതാവായ രാമനെയാണ് ഒരു പള്ളി തകർത്ത സ്ഥലത്ത് പ്രതിഷ്ഠിക്കാൻ ഒരുങ്ങുന്നത്. എന്റെ മനസ്സിലുള്ള, ഗാന്ധി കാണിച്ചുതന്ന രാമൻ അവിടെ സ്വസ്ഥനായിരിക്കുകയില്ല എന്ന് നാമേവർക്കും അറിയാവുന്ന കാര്യമാണ്. ആ പ്രതിഷ്ഠയെ ഇന്ത്യയുടെ മുഴുവൻ പ്രതീകമാക്കാനുള്ള ശ്രമത്തെ, നമ്മുടെ സ്വപ്നത്തിലുള്ള രാഷ്ട്രത്തെ തകർക്കാനുള്ള ശ്രമത്തെ ചെറുക്കുക എന്നത് ജനാധിപത്യത്തെ സ്നേഹിക്കുന്ന, സോഷ്യലിസത്തിൽ വിശ്വസിക്കുന്ന, ഭരണഘടനയിൽ വിശ്വസിക്കുന്ന, നീതിയിലും നിയമത്തിലും വിശ്വസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരജനങ്ങളുടെയും കടമയാണ് എന്ന് ഞാൻ കരുതുന്നു. ആ വിശ്വാസം പുലരട്ടെ, അതിനുവേണ്ടി ജീവിക്കാനും മരിക്കാനും നമുക്ക് സാധിക്കട്ടെ.
നമ്മുടെ മനസ്സിൽ ബാല്യകാലം തൊട്ട് ഉണ്ടായിരുന്ന ഒരിന്ത്യ, ബഹുസ്വരമായൊരു ഇന്ത്യ, അനേകം മതങ്ങളിലും വർണങ്ങളിലും വംശങ്ങളിലുംപെട്ട ആളുകൾ ഒന്നുചേർന്ന് പടുത്തുയർത്തിയ ഒരിന്ത്യ, സമത്വത്തെ സ്വപ്നം കാണുന്ന സ്വാതന്ത്ര്യത്തിൽ ജീവിക്കുന്ന എല്ലാവർക്കും നീതിനൽകുന്ന ഒരിന്ത്യ നമ്മുടെ കൺമുന്നിൽ വെച്ച് തകർന്നുകൊണ്ടിരിക്കുന്നതാണ് അനുദിനം നാം കണ്ടുകൊണ്ടിരിക്കുന്നത്.
(ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.