സയണിസ്റ്റുകൾ നടത്തുന്ന വംശഹത്യക്കെതിരെ ശബ്ദിച്ചതിന് സ്വിറ്റ്സർലൻഡ് പൊലീസ് പിടികൂടിയ പ്രശസ്ത യു.എസ്-ഫലസ്തീൻ മാധ്യമ പ്രവർത്തകൻ അലി അബൂ നിഅ്മ മോചിതനായ ശേഷം എഴുതിയ കുറിപ്പ്
എന്നെ വിട്ടയച്ചിരിക്കുന്നു! വിമാനത്തിലിരുന്നെഴുതിയ ഈ കുറിപ്പ് ഇസ്താംബൂളിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. കൈവിലങ്ങുകളണിയിച്ച് ജനാല പോലുമില്ലാത്ത ഒരു ജയിൽ വാനിലെ ചെറിയ ലോഹക്കൂടിലടച്ചാണ് തിങ്കളാഴ്ച വൈകീട്ട് എന്നെ സൂറിച്ച് വിമാനത്താവളത്തിലേക്ക് പൊലീസ് കൊണ്ടുവന്നത്. അതിനുമുമ്പ് മൂന്നുദിവസവും രണ്ട് രാത്രിയും പുറം ലോകവുമായി ഒന്ന് ബന്ധപ്പെടാൻ പോലുമനുവദിക്കാതെ ഒരു സ്വിസ് ജയിലിലെ സെല്ലിൽ അടച്ചിരിക്കുകയായിരുന്നു. കുടുംബവുമായി ബന്ധപ്പെടാൻ പോലും ആദ്യം സമ്മതിച്ചില്ല.
ശനിയാഴ്ച എന്റെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ഞാൻ ‘സ്വിസ് നിയമം ലംഘിച്ചു’ എന്ന് പൊലീസ് കുറ്റപ്പെടുത്തി. സ്വിറ്റ്സർലൻഡിൽ ഞാൻ ചെയ്ത കുറ്റകൃത്യം എന്താണെന്ന് പറയുകയോ ഏതെങ്കിലും കുറ്റങ്ങൾ ചുമത്തുകയോ ചെയ്യാതെയായിരുന്നു ഈ ആരോപണം. തടങ്കലിൽ പാർപ്പിച്ചുവെന്നല്ലാതെ എനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്.
ഞായറാഴ്ച രാവിലെ, എന്റെ അഭിഭാഷകയുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യുന്നതിനായി സ്വിസ് പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യാന്വേഷണ ഏജന്റുമാർ സെല്ലിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി. അഭിഭാഷകയുടെ സാന്നിധ്യത്തിലല്ലാതെ അവരോട് സംസാരിക്കാൻ വിസമ്മതിച്ച ഞാൻ എന്നെ സെല്ലിലേക്ക് തിരികെ കൊണ്ടുപോകാൻ അവരോട് പറഞ്ഞു.
തടവിൽ കിടന്ന ദിവസങ്ങളിൽ അവർ തന്ന ഭക്ഷണമോ കാപ്പിയോ ചായയോ പോലും സ്വീകരിക്കാൻ ഞാൻ കൂട്ടാക്കിയില്ല. വീട്ടിലേക്കയക്കുന്നു എന്നറിഞ്ഞ ശേഷം അവസാനം നൽകിയ ഭക്ഷണം മാത്രം കഴിച്ചു. ഏതൊരു മനുഷ്യന്റെയും അടിസ്ഥാന അവകാശമായ കുടിവെള്ളം മാത്രം സ്വീകരിച്ചു.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ഫലസ്തീൻ ടീച്ച് ഇനിലേക്ക് പോകുംവഴിയാണ് രഹസ്യാന്വേഷണ ഏജന്റുമാർ എന്നെ തെരുവിൽ നിന്ന് ബലമായി പിടിച്ച് കൈവിലങ്ങ് ധരിപ്പിച്ച് നമ്പറില്ലാത്ത കാറിലേക്ക് നിർബന്ധിതമായി കയറ്റി നേരെ ജയിലിലേക്ക് ഓടിച്ചുകൊണ്ടുപോയത്.
എന്താണ് എന്റെ ‘കുറ്റം’? ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഫലസ്തീനുവേണ്ടി സംസാരിച്ചു, ഇസ്രായേലിന്റെ വംശഹത്യക്കും അതിനെ സഹായിക്കുന്ന കുടിയേറ്റ-കൊളോണിയൽ ക്രൂരതക്കുമെതിരെ ശബ്ദിച്ചു.
ഫലസ്തീന്റെ നീതിക്കുവേണ്ടിയും സ്വിറ്റ്സർലൻഡിനുകൂടി പങ്കാളിത്തമുള്ള വംശഹത്യയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കാനുമായി സ്വിസ് പൗരരുടെ ക്ഷണപ്രകാരമാണ് ഞാൻ സ്വിറ്റ്സർലൻഡിലെത്തിയത്.
ഒരു വാക്കുപോലും പറയാൻ അവസരം നൽകാതെ അപകടകാരിയായ ഒരു കുറ്റവാളിയെപ്പോലെ എന്നെ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ, ഗസ്സയിൽ സാധാരണ ജനങ്ങളോ, നിരപരാധികളോ ഇല്ലെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് ദാവോസിൽ ചുവന്ന പരവതാനി വിരിച്ച് വരവേൽപ് ലഭിച്ചു. വംശഹത്യയിൽ മരിച്ച 47,000ത്തിലധികം ആളുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന, മനപ്പൂർവം പട്ടിണി കിടത്തിയും വൈദ്യസഹായം നിഷേധിച്ചും കൊലചെയ്യപ്പെട്ട ആയിരക്കണക്കിന് ആളുകളുടെയും രക്തത്തിൽ കുതിർന്നതാണ് ആ പരവതാനി.
ഐ.സി.സിയുടെ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നിട്ടും ഓഷ്വിറ്റ്സ് അനുസ്മരണത്തെ അവമതിക്കാൻ നെതന്യാഹു പോളണ്ടിലേക്ക് സ്വതന്ത്രമായി യാത്ര ചെയ്തതും ഈ ദിവസം തന്നെ.
അതാണ് നാം ജീവിക്കുന്ന അനീതി നിറഞ്ഞ, തലതിരിഞ്ഞ ലോകം. ഈ പരീക്ഷണം മൂന്നുദിവസം മാത്രമാണ് തടവ് നീണ്ടുനിന്നതെങ്കിലും വംശഘാതകികളുടെ അടിച്ചമർത്തലിനിരയായി ജയിലുകളിൽ മാസങ്ങളും വർഷങ്ങളും കുരുങ്ങിക്കിടക്കുന്ന ഫലസ്തീനി ധീരരെക്കുറിച്ച് എന്റെയുള്ളിലെ ആദരവ് വർധിപ്പിക്കാൻ ജയിലിന്റെ ആ രുചി ധാരാളമായിരുന്നു.
അവരോടുള്ള കടപ്പാട് നമുക്ക് ഒരുകാലത്തും വീട്ടിത്തീർക്കാൻ കഴിയാത്തതാണെന്നും അവരുടെയെല്ലാം മോചനം നമ്മുടെ സത്വര ചിന്തയായിത്തുടരണമെന്നും മുമ്പെന്നത്തേക്കാൾ നന്നായി ഇന്നെനിക്കറിയാം.
വിമാനത്തിന്റെ കവാടത്തിൽവെച്ച് മാത്രമാണ് പൊലീസ് എന്റെ ഫോൺ തിരികെ നൽകിയത്. അപ്പോഴാണ് ലോകമൊട്ടുക്കുനിന്ന് എനിക്കായുയർന്ന പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും വ്യാപ്തി ഞാനറിയുന്നത്. എനിക്കൊപ്പം നിലകൊണ്ട ഓരോരുത്തരോടും, എന്റെ അഭിഭാഷക ദിന റേവൽ, അവരുടെ ടീം, ജയിലിനുപുറത്ത് പ്രകടനം നടത്തിയ സൂറിച്ചിലെ സുഹൃത്തുക്കൾ, എന്റെ കുടുംബം, ഇലക്ട്രോണിക് ഇൻതിഫാദയിലെ സഹപ്രവർത്തകർ എന്നിങ്ങനെ പലരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ആ കോൺക്രീറ്റ് മുറിക്കുപുറത്ത് എന്തെല്ലാമാണ് നടക്കുന്നതെന്നത് സംബന്ധിച്ച് ഒരു ധാരണയും എനിക്കില്ലായിരുന്നു! ജനാധിപത്യനാടുകൾ എന്ന് വിളിക്കപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങൾ സയണിസ്റ്റ് വംശഘാതകികൾക്ക് നീചമായ സേവനം ചെയ്യുന്നതിൽ എത്രമാത്രം മുഴുകിയിരിക്കുന്നുവെന്ന് ആളുകൾ അറിയേണ്ടത് അതിപ്രധാനമാണെന്ന് കരുതുന്നതിനാൽ നടന്ന സംഭവങ്ങളെല്ലാം അടുത്ത ദിവസങ്ങളിൽ വിശദമായി ഞാൻ പറയുന്നുണ്ട്.
മാധ്യമ പ്രവർത്തനം ഒരു കുറ്റകൃത്യമല്ല! ഫലസ്തീനുവേണ്ടി സംസാരിക്കുന്നതും വംശഘാതകികളായ സിയോണിസത്തിനെതിരെ നിലകൊള്ളുന്നതും അപരാധമല്ല. എന്നോടൊപ്പം നിങ്ങളും പറയുക:
ഫ്രം ദ റിവർ ടു ദ സീ... ഫലസ്തീൻ വിൽ ബീ ഫ്രീ....
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.