ഞാൻ ബി.ജെ.പിയിൽ ആയിരുന്നെങ്കിൽ ശശി തരൂരിനെ പാർട്ടിയിൽ ചേരാൻ ക്ഷണിക്കില്ലായിരുന്നു -ശശി തരൂർ പറയുന്നു

തുടർച്ചയായ മൂന്ന് തവണകളിൽ തിരുവനന്തപുരത്തുനിന്നുള്ള കോൺഗ്രസ് എം.പിയാണ് ശശി തരൂർ. ഒരു പതിറ്റാണ്ടിന് മുമ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയ മേഖലയിൽ അദ്ദേഹത്തിന് ശോഭിക്കാൻ കഴിയി​ല്ലെന്നും ഹൈ കമാൻഡ് കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണ് അദ്ദേഹമെന്നും വ്യാപക പരാതികൾ ഉയർന്നിരുന്നു.

കോൺഗ്രസ് നേതാക്കൾ പോലും അദ്ദേഹത്തിന് എതിരെ രംഗത്തുവന്നിരുന്നു. എന്നാൽ, തുടർച്ചയായ മൂന്നാം തവണയും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ജനങ്ങൾ ശശി തരൂരിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ത​ന്റെ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം തുറന്നുപറയുകയാണ്. ആം ആദ്മി പാർട്ടിയും ബി.ജെ.പിയും താങ്കളിൽ കണ്ണുവെച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് വളരെ രസകരമായാണ് ശശി തരൂർ മറുപടി നൽകിയിരിക്കുന്നത്. 'ഞാൻ ബി.ജെ.പിയിൽ ആയിരുന്നെങ്കിൽ ശശി തരൂരിനെ പാർട്ടിയിൽ ചേരാൻ ക്ഷണിക്കില്ലായിരുന്നു' എന്നാണ് തരൂർ നൽകിയ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും അദ്ദേഹം അഭിമുത്തിൽ അഭിപ്രായം തുറന്നുപറയാൻ മടിച്ചിട്ടില്ല.

പിണറായി വിജയനുമായി താങ്കൾക്ക് നല്ല ബന്ധമാണല്ലോ എന്ന ചോദ്യത്തിന് ശശി തരൂർ നൽകിയ മറുപടി ഇങ്ങനെ: 'അദ്ദേഹം വളരെ കാര്യക്ഷമതയും ഗൗരവവുമുള്ള വ്യക്തിയാണെന്ന് ഞാൻ കരുതുന്നു. ഞാൻ അദ്ദേഹവുമായി ഇടപെട്ട എല്ലാ പ്രശ്‌നങ്ങളിലും കാര്യക്ഷമമായ പരിഹാരം ഉണ്ടായി. അദ്ദേഹം നിങ്ങൾക്ക് വാക്ക് നൽകിയാൽ ഉറപ്പായും അത് പാലിക്കും. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്'. ഉമ്മൻ ചാണ്ടിയെ പോലെ ജനങ്ങളുടെ പൾസ് അറിയുന്ന ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ വേറെ ഇല്ല എന്നും തരൂർ പറഞ്ഞു.

ദേശീയതലത്തിൽ ഒരു മൂന്നാം മുന്നണി ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്ന ചോദ്യത്തിന് മൂന്നാം മുന്നണി അനിവാര്യമാണ് എന്നായിരുന്നു അദ്ദേഹത്തി​ന്റെ മറുപടി. ദേശീയ തലത്തിൽ ഒരു മൂന്നാം മുന്നണി ഉണ്ടാക്കുന്നതിൽ അർത്ഥമുണ്ടോ എന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകൾ നൽകേണ്ടതുണ്ട്. രാജ്യത്ത് നിലവിൽ തുല്യ മുന്നണികളില്ല. പ്രതിപക്ഷ ഐക്യം വേണം. ഒരു പാർട്ടി എന്ന നിലയിൽ ബി.ജെ.പി ഏറ്റവും വലുതും ശക്തവുമായ ഒറ്റകക്ഷിയാകുമെന്നതിൽ തർക്കമില്ല. എന്നാൽ എന്തും സംഭവിക്കാം. സംഭവവികാസങ്ങൾക്കായി നാം തയ്യാറാകേണ്ടതുണ്ട്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കാൻ താൽപര്യമുണ്ടെന്ന സൂചനയും ശശി തരൂർ അഭിമുഖത്തിൽ നൽകി. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സര രംഗത്തില്ലെങ്കിൽ മറ്റു പേരുകൾ നിര്‍ദേശിക്കും. പാർട്ടിയില്‍ മറ്റ് മികച്ച സാധ്യതകളുണ്ടെന്നും തരൂർ അഭിമുഖത്തിൽ വ്യക്തമാക്കി.

'തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കൂ. സാധ്യതാ പട്ടികയില്‍ ആരൊക്കെയുണ്ടെന്ന് അന്ന് അറിയാം. ഞാന്‍ ഉറപ്പായും മത്സര രംഗത്തുണ്ടാവുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അനന്തരാവകാശികൾ(രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും) മൽസര രംഗത്തില്ലെങ്കിൽ മറ്റുള്ളവർ മുന്നോട്ട് വരും. ഞങ്ങൾക്ക് മുന്നിൽ മികച്ച നിരവധി സാധ്യതകളുണ്ട്' -തരൂർ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായുള്ള സമവാക്യത്തെക്കുറിച്ചും തരൂർ തുറന്ന് പറയുന്നു. താന്‍ ആരുമായും ആഴത്തിലുള്ള വ്യക്തി ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടാറില്ല. വ്യക്തികളെക്കുറിച്ച് മോശമായി സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. അത്തരമൊരു ആക്രമണം നേരിട്ടാല്‍ ചിരിച്ചുകൊണ്ട് നേരിടുമെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തിൽ സംഘടനാപരമായ ചില പിഴവുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കെ. സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തിൽ കോൺഗ്രസിന് പുതിയ ഊർജം കൈവന്നിട്ടുണ്ടെന്നും തരൂർ പറയുന്നു. ജി 23 എന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - 'AAP, BJP not only parties interested in me': Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.