'രാഹുൽ ഗാന്ധി ഇവിടെ മത്സരിക്കുന്നതിൽ ശരികേടുണ്ട്'

ർഗീയ രാഷ്ട്രീയത്തിനെതി​രെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്താനുള്ള പ്രാരംഭ ആലോചന യോഗങ്ങൾ മുതൽ അതിന്റെ ഭാഗമാണ് ബിനോയ്​ വിശ്വം. കേരളത്തിലാവട്ടെ ഇൻഡ്യ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസും ഇടതു പാർട്ടികളും നേർക്കുനേർ പോരാട്ടത്തിലുമാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ചുമതല​ ഏറ്റെടുത്ത ശേഷം വരുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിനോയ്​ വിശ്വം മാധ്യമവുമായി സംസാരിക്കുന്നു

 ഇടതുമുന്നണിക്ക്​ കനത്ത തിരിച്ചടി നേരിട്ട കഴിഞ്ഞ ലോക്സഭ തെര​ഞ്ഞെടുപ്പിൽ നിന്ന് ഇക്കുറി സാഹചര്യം എത്രത്തോളം മാറിയിട്ടുണ്ട് ?

എല്ലാ ചർച്ചകളും കണക്കെടുപ്പുകളും നടത്തി​ പറയുകയാണ്​, കഴിഞ്ഞ പ്രാവശ്യത്തെ തിരിച്ചടിക്ക്​ ഞങ്ങൾ പകരം വീട്ടും. കേരളത്തിന്‍റെ മൂഡ്​​ അതാണ്​. സീറ്റ്​ എണ്ണം പറയുന്നില്ല. 20ൽ 20 ഉം ജയിക്കാൻ വേണ്ടിയാണ്​ പോരാട്ടം. അങ്ങനെ പറയാനുള്ള സംഘടനാ ശേഷിയും രാഷ്ട്രീയ സാഹചര്യവും പക്വതയും ഞങ്ങൾക്കുണ്ട്​. ഇത്​ വെറും വാക്കല്ല.

⇒ വയനാട്​ രാഹുൽ ഗാന്ധി, തിരുവനന്തപുരത്തും തൃശൂരും കടുത്ത മത്സരം ഉറപ്പ്- സി.പി.ഐ സ്ഥാനാർഥികൾക്ക് ജയിച്ച്​ കയറാനാകുമോ?.

നാലു സീറ്റിന്‍റെ കാര്യം പറയാൻ നിൽക്കുന്ന പാർട്ടിയല്ല സി.പി.ഐ. 20 മണ്ഡലങ്ങളിലെയും ഇടത്​ സ്ഥാനാർഥികൾ സി.പി.ഐക്കാരാണ്​ എന്ന മട്ടിലാണ്​ ഞങ്ങൾ സമീപിക്കുന്നത്​. സി. പി.ഐ. മത്സരിക്കുന്ന നാല്​ സീറ്റുകളുടെ രാഷ്ട്രീയ പ്രാധാന്യം അറിയാം. ആ​ര്​ അപ്പുറത്ത്​ വന്നാലും അവരെ നേരിടാനും ഈ രാഷ്ട്രീയ സമരത്തിൽ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന ശരികളും ബോധ്യങ്ങളും വിജയിപ്പിക്കാനും ശേഷിയുള്ള സ്ഥാനാർഥികളെയാണ്​ നിർത്തിയിരിക്കുന്നത്​. ഞങ്ങളുടെ രാഷ്​ട്രീയ ധാരണക്കൊത്ത വിധം നടത്തിയ പഠനങ്ങളും പരിശോധനകളും ഗൃഹപാഠവും കാരണമാണ്​ സ്ഥാനാർഥികൾ വന്നത്​. ഇടത്​ പട്ടിക മികച്ചതാണ്​. സി.പി.ഐ. സ്ഥാനാർഥികളെ കേരള സമൂഹവും ഇടത്​ ബന്ധുക്കളും നല്ല മതിപ്പോടെ പറയുന്നുണ്ട്​.

⇒ ഇൻഡ്യ മുന്നണിയിലെ കക്ഷിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലെ അസാംഗത്യം സി.പി.ഐ. നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. കോൺഗ്രസ്​ ഇനിയും അത്​ മുഖവിലയ്ക്ക്​ എടുത്തതായി തോന്നിയിട്ടില്ല. അതിനെ എങ്ങനെ കാണുന്നു?.

രാഹുൽ ഗാന്ധിക്ക്​ ഇന്ത്യയിൽ എവിടെയും മത്സരിക്കാൻ അവകാശമുണ്ട്​. അതിനെ ചോദ്യം ചെയ്യുന്നില്ല. ഇന്ന​ത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ പോലെ ഒരാളെ വയനാട്ടിലേക്ക്​ മത്സരിക്കാൻ പറഞ്ഞു വിടുന്നതിൽ കോൺഗ്രസ്​ ഉത്തരം പറയാൻ ബാധ്യതപ്പെട്ട ചോദ്യങ്ങളുണ്ട്​. ഈ സമരത്തിന്‍റെ കേന്ദ്ര വേദി ഏതാണ്​?. സമരഭൂമി ഇന്ത്യയുടെ ഹൃദയഭൂമിയായ വടക്കേ ഇന്ത്യയാണോ,​ 20 എം.പിമാരെ മാത്രം ജയിപ്പിക്കാൻ കഴിയുന്ന കേരളമാണോ?. ഇത്​ കോൺഗ്രസ്​ ചിന്തിക്കണമെന്നാണ്​ ഞങ്ങൾ പറഞ്ഞത്​. എതിർപക്ഷത്ത്​ ഇടത്​ പക്ഷമാണോ ആർ.എസ്​.എസും ബി.ജെ.പിയുമാണോ എന്നതാണ്​ രണ്ടാമത്തെ ചോദ്യം. ആർ.എസ്​.എസും ബി.ജെ.പിയുമാണെങ്കിൽ രാഹുൽ ഗാന്ധിയെ പോലെയൊരാൾ മത്സ​വേദി വടക്കേ ഇന്ത്യയിലോ കേരളം ഒഴിച്ച്​ എവിടെയെങ്കിലുമോ ആക്കണമെന്ന്​ കോൺഗ്രസ്​ ആലോചിക്കണമായിരുന്നു. അങ്ങനെ ചിന്തിക്കാൻ കോൺഗ്രസിനാകുന്നില്ല. വയനാട്​ സീറ്റ്​ നിലവിൽ വന്ന അന്നുമുതൽ ഞങ്ങൾ മത്സരിക്കുന്നു. സി.പി.ഐ. മത്സരിക്കുന്ന ഒരു മണ്ഡലത്തിലേക്ക്​ രാഹുൽ ഗാന്ധിയെപറഞ്ഞയക്കുന്നവർ ഇത്തരം ചില ചോദ്യങ്ങൾക്ക്​ ഉത്തരം പറയണം. എന്നാൽ ഉത്തരം കിട്ടിയിട്ടില്ല. അവർ മറ്റെ​ന്തൊക്കെയോ ആണ്​ പറയുന്നത്​. രാഹുൽ ഗാന്ധിയുമായി എനിക്ക്​ നല്ല വ്യക്​തിബന്ധമുണ്ട്​. നല്ല ബഹുമാനവുമുണ്ട്​. അദ്ദേഹത്തോട്​ നല്ല മതിപ്പുള്ള ഇടതുപക്ഷ പ്രവർത്തകനാണ്​ ഞാൻ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നെഹ്​റു പാരമ്പര്യങ്ങളെ മറക്കാത്ത, കോൺഗ്രസിന്​ ദിശാബോധം നൽകാൻ പാടുപെടുന്ന നേതാവാണ്​ രാഹുൽ. അങ്ങനെയൊരാളെ ഇൻഡ്യ മുന്നണിയുടെ രാഷ്ട്രീയം മറന്ന്​ കേരളത്തിൽ മത്സരിപ്പിക്കുന്നതിന്‍റെ രാഷ്ട്രീയ ശരിയെ കുറിച്ചാണ്​ കോൺഗ്രസ്​ ചിന്തിക്കേണ്ടത്​. കോൺഗ്രസിന്‍റെ രാഷ്ട്രീയ ബുദ്ധിയാണ്​ ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്​. അത്​ ആ ഗൗരവത്തിൽ കാണാൻ കഴിയാത്തതാണ്​ കോൺഗ്രസിന്‍റെ പ്രശ്നം.

രാഷ്ട്രീയത്തിന്‍റെ ഗൗരവ​ത്തെ കുറിച്ച്​ ചിന്തിക്കാൻ പലപ്പോഴും അവർക്ക്​ കഴിയാതെ പോകുന്നു. മുക്കിനപ്പുറമുള്ളത്​ കാണാൻ കഴിയാതെ പോകുന്നു. അതുകൊണ്ടാണ്​ കോൺഗ്രസിൽ നിന്ന്​ കൂട്ടപാലായനം ഉണ്ടാകുന്നത്​. ഗാന്ധിയുടെ പാർട്ടിയിൽ നിന്ന്​ ഗോഡ്​സെയുടെ പാർട്ടിയിലേക്ക്​ നേതാക്കൾ നിമിഷം കൊണ്ട്​ മാറുകയാണ്​. അഭിഷേക്​ സിഘ്​വി പറഞ്ഞത്​ ശ്രദ്ധേയമാണ്​. തലേന്ന്​ അത്താഴം കഴിക്കു​മ്പോഴും പിറ്റേന്ന്​ പ്രാതൽ കഴിക്കുമ്പോഴും കോൺഗ്രസായിരുന്നു. പക്ഷേ 11 മണിക്ക്​ വോട്ട്​ ചെയ്തപ്പോൾ അവർ ബി.ജെ.പിയായി എന്ന്​. ഇതാണ്​ കോൺഗ്രസ്​. ഈ ചുറ്റുപാടിൽ ഇൻഡ്യ സഖ്യ രാഷ്ട്രീയത്തിന്​ വേണ്ടി എവിടെയും പതറാതെ ഉറച്ചു നിൽക്കാൻ ഇടതുപക്ഷത്തുള്ളവർക്കാകും. തൂക്കുസഭ വന്നാൽ ഏറ്റവും വലിയ കക്ഷിയായി എൻ.ഡി.എ വന്നാൽ എന്തുണ്ടാകുമെന്ന്​ എല്ലാവർക്കുമറിയാം. കോർപറേറ്റുകൾ വലിയ പണച്ചാക്കുമായി ആ രാത്രി ഇറങ്ങും. എം.പിമാരെ വിലക്ക്​ വാങ്ങും. ആ പണം വാങ്ങില്ല എന്ന്​ ഉറപ്പിച്ച്​ പറയാൻ കഴിയുന്നവർ കോൺഗ്രസിൽ ഒരുപാടുപേർ ഇല്ല. എത്ര പണം കാട്ടി വിളിച്ചാലും ​ഇടതുപക്ഷക്കാനായ ഒരാൾ പോലും അതിൽ വീഴില്ല. ഏതെങ്കിലും ഒരു പഴയ കണക്കിന്‍റെ കാര്യം പറഞ്ഞ്​ രാത്രി തന്നെ ഇ.ഡിയും ഐ.ടിയും എൻ.ഐയും വീടിന്‍റെ വാതിൽ തട്ടിവിളിക്കാൻ വരും. അങ്ങനെ ഭീഷണിപ്പെടുത്തിയാൽ ഒരുപാട്​ നേതാക്കളുടെ മുട്ട്​ കൂട്ടിയിടിക്കും. അതിലൊന്നും ഞങ്ങൾ കമിഴ്ന്ന്​ വീഴില്ല. അത്തരം കെൽപും ആർജവവും ഉള്ള എത്ര പേരുണ്ട്​ കോൺഗ്രസിൽ. ഇൻഡ്യ സഖ്യത്തിന്‍റെ രാഷ്ട്രീയത്തിന്​ വേണ്ടി പോരടിക്കാനും പരമാവധി ആളുകൾ ഉണ്ടാകും.

 

⇒ പ്രധാനമന്ത്രി മോദിയും ബി.ജെ.പി. നേതാക്കളും കൂട്ടത്തോടെ കാടിളക്കി തൃശൂരിൽ ഇറങ്ങുന്നു. വലിയ അവകാശവാദങ്ങളാണ്​ ബി.ജെ.പിക്ക്​. കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്​ മത്സരമെന്ന്​ ചില കോൺഗ്രസ്​ നേതാക്കളും പ്രതികരിച്ചു. തൃശൂരിൽ എന്താണ്​ നടക്കുന്നത്​?.

തൃശൂരിലെ പൾസ്​ നമ്മളെല്ലാവരും കാണുന്നുണ്ട്​. രണ്ടാഴ്ചക്കിടെ രണ്ട്​ തവണ അവിടെ മോദിയെത്തി. മണിപ്പൂരിലേക്ക്​ ഒരു വട്ടം പോകാൻ കൂട്ടാക്കാത്ത മോദിയാണ്​ ഒന്നര മാസത്തിനിടെ മുന്നുവട്ടം കേരളത്തിലേക്ക്​ വന്നത്​. മണിപ്പൂരിനെ കുറിച്ച്​ ഒരു ക്ഷമാപണത്തിന്‍റെ വാക്ക്​ പോലും പറയാൻ തയാറായില്ല. മോദിക്കും ബി.ജെ.പിക്കും ആർ.എസ്​.എസിനും എത്ര ഭയപ്പാടാണ്​ ഇതുപക്ഷത്തെയും കേരളത്തെയും കുറിച്ചെന്ന്​ ഇത്​ വ്യക്​തമാക്കുന്നു. അർഹതപ്പെട്ട പണം തരാതെയും ആഹാരം തരാതെയും ഞെരുക്കുമ്പോഴും പട്ടിണിക്കിട്ട്​ കൊല്ലാൻ ശ്രമിക്കുമ്പോഴും മുട്ട്​ വളക്കാതെ പതറാതെ പോരാടുന്ന ഇടതിനെ കുറിച്ച ഭയപ്പാടാണ്​ അവർക്ക്​​. അതുകൊണ്ടാണ്​ ഈ പരക്കം പാച്ചിൽ.

അന്ധമായ ഇടതുപക്ഷ വിരോധം മൂലം കോൺഗ്രസും ബി.ജെ.പിയും കൂടി കൈകോർത്ത്​ ഞങ്ങളെ ചെറുക്കാൻ വരുമെന്നാണ്​ ഞങ്ങൾ കാണുന്നത്​. മുഖം കാണിച്ച്​ നിൽക്കുന്ന വെറുക്കപ്പെട്ട വികൃതമായ ശക്​തികളെയും അവിശുദ്ധ സഖ്യത്തെയും ഞങ്ങൾ കാണുന്നുണ്ട്​. ഇവയെ പരാജയപ്പെടുത്തി ഞങ്ങൾ അവിടെ വിജയിക്കും. ഞങ്ങൾ തോൽപ്പിക്കുന്നതിൽ കോൺഗ്രസും ബി.ജ.പിയുമുണ്ട്​. ആരാണ്​ അതിൽ കേമൻ എന്നറിയില്ല. രണ്ടാം സ്ഥാനത്തിനായി അവർ തമ്മിലാണ്​ മത്സരം. ഒന്നാം സ്ഥാനത്തിനായല്ല.

⇒ രാമക്ഷേത്രം വന്നശേഷം ഇൻഡ്യ മുന്നണിയിൽ വ്യത്യസ്ത അഭിപ്രായങ്ങളും ചാഞ്ചാട്ടങ്ങളും കാണുന്നുണ്ടല്ലോ

ഇൻഡ്യ സഖ്യത്തിലെ അത്തരം ദൗർബല്യങ്ങൾക്ക്​ മുന്നിലാണ്​ ഞങ്ങളുടെ പ്രസക്​തി. ബാബരി മസ്​ജിദ്​ തകർത്താണ്​ അയോധ്യയിൽ അമ്പലം പണിതത്​. അയോധ്യയിൽ തരിശ്​ കിടക്കുന്ന നൂറുകണക്കിന്​ ഏക്കർ ഭൂമിയുണ്ട്​. അവിടെ എവിടെയെങ്കിലും അമ്പലം പണിതാൽ ആർക്കും ഒരു പ്രയാസവുമില്ല. പക്ഷേ ബാബരി പള്ളിയുടെ ശ്മശാനത്തിൽ തന്നെ വേണം ഈ അമ്പലമെന്ന വാശി. ആ കടുംകൈക്ക്​ വെള്ള പൂശാനാണ്​​ ഉദ്​ഘാടനത്തിന്​ എല്ലാവരെയും ക്ഷണിച്ചത്​. ഇടതുപക്ഷത്തിന്​ ചാഞ്ചല്യം ഉണ്ടായില്ല. ഒറ്റ ദിവസം പോലും ​വേണ്ടിവന്നില്ല ഞങ്ങൾക്ക്​ ആ ക്ഷണം തള്ളിക്കളയാൻ. കോൺഗ്രസിന്​ എത്ര ദിവസം വേണ്ടി വന്നു അത്​ പറയാൻ. പോക​ണമോ വേണ്ടയോ എന്ന ചാഞ്ചാട്ടമായിരുന്നു അവർക്ക്​. ഞങ്ങൾ നിലപാട്​ എടുത്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ കോൺഗ്രസ്​ പോയേനെ. പോകില്ല എന്ന്​ പ്രഖ്യാപിച്ചിട്ടും അറിയപ്പെടുന്ന പല കോൺഗ്രസ്​ നേതാക്കളും പോയി. പോയില്ലെങ്കിലും പണം കൊടുത്തു എന്ന്​ ചിലർ പറഞ്ഞു. അയോധ്യയിലെ ക്ഷേത്ര വിഷയത്തിൽ കോൺഗ്രസിന്‍റെ കൈയിൽ ഇൻഡ്യ സഖ്യത്തിന്‍റെ രാഷ്ട്രീയം ഭദ്രമാകില്ല. തടയാൻ ശ്രമിക്കുന്ന കോൺഗ്രസും ആ ശ്രമം പരാജയപ്പെടുത്താൻ നിൽക്കുന്ന മറ്റൊരു കോൺഗ്രസുണ്ട്​. ഇൻഡ്യ സഖ്യത്തിന്‍റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാവർക്കുമൊപ്പമായിരിക്കും ഈ വിഷയത്തിൽ ഞങ്ങൾ.

⇒ ഇൻഡ്യ സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ്​ പ്രതീക്ഷകൾക്ക്​ ഇത്തരം ഭിന്നതകൾ പ്രതിസന്ധിയുണ്ടാക്കുമോ?.

ഇല്ല. ഇന്ത്യൻ രാഷ്​ട്രീയത്തിൽ അതൊക്കെ ഉണ്ടായിരുന്നു. പുതിയതല്ല. ഇന്ത്യയിൽ ബി.ജെ.പി. വിരുദ്ധ സർക്കാർ ഉണ്ടായത്​ പ്രീ പോൾ സഖ്യമല്ല. പോസ്റ്റ്​ പോൾ ആണ്​. തെരഞ്ഞെടുപ്പ്​ കഴിഞ്ഞാണ്​ യു.പി.എ​ ഒന്നും രണ്ടുമുണ്ടായത്​. പ്രശ്നവും പ്രതീക്ഷയും അതാണ്​. പ്രശ്നങ്ങൾ കാണാതിരിക്കുന്നില്ല. പ്രതീക്ഷകളെ ശക്​തിപ്പെടുത്തുന്നതിനാണ്​ സഖ്യം നിലകൊള്ളുന്നത്​. പ്രതീക്ഷക്ക്​ ആക്കം കൂട്ടുന്നതാണ്​ ഞങ്ങളുടെ പോരാട്ടം. എല്ലാം തകർന്നുപോയി എന്ന്​ കരുതുന്നില്ല. വമ്പിച്ച മാറ്റം ഉണ്ടായികൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ പാറ്റ്​ന റാലിയിൽ അഞ്ചു​ ലക്ഷത്തിലേറെ പേരാണ്​ പ​ങ്കെടുത്തത്​. നീതീഷ്​ കുമാർ പോയതോടു കൂടി തകർന്നുപോയി എന്ന പ്രചാരണത്തിന്​ മറുപടിയാണിത്​. നീതിഷ്​ കുമാർ ബി.ജെ.പി. പാളയത്തിൽ പോയാൽ അദ്ദേഹം പോയി എന്നേ അർഥമുള്ളൂ. ഇൻഡ്യ സഖ്യത്തിന്‍റെ അടിത്തറ ശക്​തമാണെന്നാണ്​ പാറ്റ്​ന റാലി തെളിക്കുന്നു.​ ഡൽഹിയിൽ നല്ല ഫൈറ്റ്​ ഉണ്ടാകും. ആം ആദ്​മിയും കോൺഗ്രസുമായി ഡൽഹിയിലും കോൺഗ്രസും എസ്​.പിയുമായി യു.പിയിലും സഖ്യമായി. മഹാരാഷ്ട്രയിലും സമാനമാണ്​ സ്ഥിതി. അങ്ങനെ നോക്കിയാൽ പോസിറ്റീവ്​ ആയി ഒരുപാട്​ കാര്യങ്ങൾ ഉണ്ടായി. ഇന്ത്യയിലെ ജനങ്ങൾക്ക്​ മാറ്റം വേണം. ജനങ്ങളെ പട്ടിണിക്കിടുന്ന, തൊഴിൽ കൊടുക്കാത്ത, വാഗ്ദാനങ്ങൾ ലംഘിച്ച ബി.ജെ.പിക്കെതിരെ. മോദി ഭരണം പോകണമെന്ന്​ ജനം ആഗ്രഹിക്കുന്നു.

മോദി പറയുന്ന ഒറ്റ വാഗ്ദാനവും പാലിക്കുന്നില്ല എന്നതാണ്​​ ഗ്യാരന്‍റി. എല്ലാ വീട്ടിലും വെള്ളം, വൈദ്യുതി, കൃഷിക്കാർക്ക്​ താങ്ങുവില, 60,000 ഗ്രാമങ്ങളിൽ കണക്​റ്റിവിറ്റി, 15 ലക്ഷം രൂപ വീതം അക്കൗണ്ടിൽ.. ഇതെല്ലാം മോദിയുടെ ഗ്യാരന്‍റിയായിരുന്നു. ആ ഗ്യാരന്‍റിക്ക്​ എന്ത്​ പറ്റി?. ആ ഗ്യാരന്‍റികളെല്ലാം തകർന്നുകിടക്കുന്ന വഴിയിൽ വന്നുനിന്നാണ്​ പുതിയ ഗ്യാരന്‍റിയെ കുറിച്ച്​ പറയുന്നത്​. ഇത്​ വെറും പ്രചാരവേലയാണ്​. പ്രചാരവേലയിൽ ഹിറ്റ്​ലറെ മോദി മറികടക്കും. നടക്കാത്ത കാര്യം ആവർത്തിച്ച്​ പറഞ്ഞ്​ ജനങ്ങളെ കബളിപ്പിക്കുകയാണ്​ ഹിറ്റ്​ലറുടെ പ്രോപ്പഗണ്ടാ രാഷ്ട്രീയം. വിലക്കയറ്റം, പട്ടിണി, ദാരിദ്ര്യം, ആദിവാസി, ദലിത്​ പ്രശ്നങ്ങൾ തുടങ്ങി ജനകീയ വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ പാടില്ല. ചർച്ചയാകേണ്ടത്​ അയോധ്യയിൽ അമ്പലം പണിതതാണ്​ എന്നാണ്​ നിലപാട്​. വർഗീയ പ്രീണനമാണ്​ നടത്തുന്നത്​. ആ പ്രീണനത്തിലൂടെ ഭൂരിപക്ഷ വോട്ട്​ കൈക്കലാക്കാൻ ശ്രമിക്കുന്നു. ജനകീയ പ്രശ്നങ്ങൾ ചർച്ചയാക്കാൻ പാടില്ല. ഞങ്ങൾ ജീവിത പ്രശ്നങ്ങളെ ചർച്ചാ വിഷയമാക്കി ജനങ്ങളെ ബോധ്യപ്പെടുത്താണ്​ ശ്രമിക്കുന്നു​. വിനാശകരമായ രാഷ്ട്രീയമാണ്​ മോദിയുടേത്​. അതിൽ നിന്ന്​ ഇന്ത്യയെ രക്ഷിക്കണം. അതിനാണ്​ ഞങ്ങളുടെ ശ്രമം.

⇒ പുതിയ സാഹചര്യങ്ങളിൽ ന്യൂനപക്ഷങ്ങൾ​ വലിയ ആശങ്ക പ്രകടിപ്പിക്കുന്നു. ​അവർക്ക്​ ആത്മവിശ്വാസം പകരുമെന്ന പ്രഖ്യാപനങ്ങൾ വരുന്നുണ്ട്​. സി.പി.ഐയുടെ നിലപാട്​ എന്താണ്​.

ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണ്​. ഞങ്ങളുടെ കൂടെ നിന്നില്ലെങ്കിൽ നിങ്ങളുടെ പൊടിപോലും കാണില്ല എന്ന ഭയപ്പെടുത്തൽ. ജാതി മത പ്രശ്നമായല്ല ഞങ്ങൾ ന്യൂനപക്ഷ അവകാശങ്ങളെ കാണുന്നത്​. ജനാധിപത്യ വ്യവസ്ഥയുടെ അലംഘനീയ ഭാഗമാണത്​. ന്യൂനപക്ഷ അവകാശങ്ങൾ ഒരു മതത്തിന്‍റെ ഭാഗമല്ല. ജനാധിപത്യം വേണോ അവിടെ ന്യൂനപക്ഷ അവകാശവുമുണ്ട്​. ന്യൂനപക്ഷ അവകാശങ്ങൾക്കൊപ്പം ഞങ്ങൾ എന്നും നിന്നിട്ടുണ്ട്​. നാളെയും നിൽക്കും. അതിൽ ഞങ്ങൾ പതറിപ്പോയിട്ടില്ല. ബാബരി പള്ളി പൊളിച്ചപ്പോൾ ഞങ്ങൾ പതറിപ്പോയിട്ടില്ല. കോൺഗ്രസ്​ പതറിപ്പോയി. അന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഒറ്റ ഭാഷയിലും ഇത്​ മതിയാക്കാൻ പറഞ്ഞില്ല. അത്​ മുതൽ കോൺഗ്രസിന്‍റെ ചാഞ്ചാട്ടം കാണുന്നു. അന്നും ഇന്നും ന്യുനപക്ഷങ്ങളുടെ ഭാഷാപരവും സാംസ്കാരികവും വ്യക്​തിത്വം ഉയർത്തിപ്പിടിക്കാനുള്ളതടക്കം എല്ലാ അവകാശങ്ങൾക്കും വേണ്ടി നാളെയും നിലനിൽക്കും. അത്​ ഞങ്ങൾക്ക്​ വോട്ട്​ വിഷയമല്ല. രാഷ്​ട്രീയ ബോധ്യത്തിന്‍റെ വിഷയമാണ്​.

⇒ ബി.ജെ.പിയും മോദിയും സമീപകാലത്ത്​ ദക്ഷിണേന്ത്യ കേന്ദ്രീകരിക്കുന്നു. മതേതര കക്ഷികൾക്ക്​ ഇത്​ ബോധ്യമുണ്ടോ?

ഞങ്ങൾക്കുണ്ട്​. എല്ലാവർക്കുമുണ്ടോ എന്ന്​ ഉറപ്പില്ല. ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. വടക്കേ ഇന്ത്യയിൽനിന്ന്​ തെക്കേ ഇന്ത്യയിലേക്ക്​ ശ്രദ്ധ പതിപ്പിച്ച്​ ചുവടുറപ്പിക്കാൻ ബി.ജെ.പി. ശ്രമിക്കുന്നു. ദക്ഷിണേന്ത്യയിൽ ബി.ജെ.പി. മോഹങ്ങൾ നടപ്പാക്കാതിരിക്കാൻ മതേതര രാഷ്ട്രീയത്തിന്‍റെ പ്രതിരോധ മതിൽ കെട്ടിപ്പൊക്കണം. അതിനു മതേതര കക്ഷികൾ യോജിക്കണം. വിട്ടുവീഴ്​ച ചെയ്തും അതിനായി ശ്രമിക്കും. ഞങ്ങൾ വീട്ടുവീഴ്ചക്ക്​ ഒരുക്കമാണ്​. അമിത അവകാശവാദം ഇതിൽ ഇടതുപക്ഷത്തിനില്ല. ഞങ്ങളുടെ കൂടി പ്രാതിനിധ്യം വേണം. ഞങ്ങൾക്ക്​ മേൽകൈ വേണമെന്നൊന്നും പറയില്ല. പക്ഷേ ഞങ്ങളെ പാടേ ഒഴിവാക്കി പോകുന്നത്​ ശരിയല്ല. ഇൻഡ്യ മുന്നണിയുടെ രാഷ്ട്രീയത്തിന്​ വിശ്വാസ്യത വേണമെങ്കിൽ എല്ലാവരുടെയും പ്രതിനിധ്യം വേണം. പലർക്കും ഞങ്ങൾ മതി, ആരുമായും ഒന്നും പങ്കുവയ്ക്കാനാവില്ല എന്ന മനസ്സുണ്ട്​. ആ ചിന്ത കൊണ്ടാണ്​ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്​ഗഡും ബി.ജെ.പി. ഭരിക്കുന്നത്​. കോൺഗ്രസിന്‍റെ മൂക്കിനപ്പുറം കാണാത്ത സമീപനമാണ്​ അവിടെയൊക്കെ ബി.ജെ.പി.യെ വിജയിപ്പിച്ചത്​. രാഷ്ട്രീയ അവിവേകം മാറി കണ്ണുതുറക്കാൻ തയാറായാൽ ആ പരാജയം ആവർത്തിക്കാതെ ഇന്ത്യയെ രക്ഷിക്കാനാകും.

 

⇒ ജനപ്രതിനിധികളെ വിലക്കെടുത്ത്​ ജനവിധി അട്ടിമറിക്കുന്നത്​ സർവസാധാരണമായിരിക്കെ തെരഞ്ഞെടുപ്പിന്​ ശേഷമുള്ള ഇൻഡ്യ മുന്നണി ഈ ഭീഷണിയെ എങ്ങനെ അതിജീവിക്കും.

ഇൻഡ്യ മുന്നണിയുടെ രാഷ്ട്രീയം കാലിക പ്രസക്​തമാണ്​. അതിലെ എല്ലാ ശക്​തികളും ഒരേപോലെ നിലനിന്നാൽ സഖ്യത്തിന്​ ശക്​തമായി മുന്നോട്ട്​ പോകാനാകും.

⇒ കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുന്നുവെന്ന ആക്ഷേപം സർക്കാറിനുണ്ട്​, ഗവർണറും ഏറ്റുമുട്ടൽ പാതയിലാണ്​. സർക്കാർ നിലപാട്​​ ജനങ്ങൾക്ക്​ ബോധ്യപ്പെടുമോ.

വലിയ അളവോളം ജനങ്ങൾക്ക്​ ബോധ്യപ്പെട്ടിട്ടുണ്ട്​. വലിയ രാഷ്ട്രീയ വിദ്യാഭ്യാസ പരിപാടിയായി നവകേരള സദസും യാത്രയും മാറി. പ്രതികൂല ചുറ്റുപാടിൽ എങ്ങനെ കേരളം എത്തി, എന്തുകൊണ്ട്​ സാമ്പത്തിക പ്രയാസം ഉണ്ടാകുന്നു, സപ്ലൈകോയിൽ എന്തുകൊണ്ട്​ സാധനം ഇല്ലാതായി, ക്ഷേമ പെൻഷൻ കൊടുക്കാൻ വൈകേണ്ടി വന്നു എന്നതെല്ലാം. ഇതൊന്നും സംസ്ഥാനത്തിന്‍റെ താൽപര്യക്കുറവ് ​കൊണ്ടല്ല. സംസ്ഥാനത്തിന്​ കിട്ടേണ്ട വിഹിതം കേന്ദ്രത്തിൽ നിന്ന്​ കിട്ടുന്നില്ല. കേരളത്തിന്‍റെ പുരോഗതി തടയാൻ ശ്രമിക്കുന്നു. ഭക്ഷണം പോ​ലും തരാതെ ശ്വാസം മുട്ടിക്കുന്നു. മിച്ചം വരുന്ന അരിയും ഗോതമ്പും ലേലം ചെയ്യുമ്പോൾ അതിൽ സംസ്ഥാനം പ​ങ്കെടുക്കുന്നത്​ വിലക്കുന്നു. ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തി കേരളത്തെ പട്ടിണിക്ക്​ ഇടാൻ ശ്രമിക്കുന്നു.

⇒ തുടർഭരണം ലഭിച്ചുവെങ്കിലും രണ്ടാം സർക്കാർ മെച്ചമല്ലെന്ന ആക്ഷേപമുണ്ട്​. സംഘനാ ദൗർബല്യത്തിന്​ തുടർഭരണം വഴിവച്ചോ

ഒന്നാം സർക്കാരിന്‍റെ കാലത്തുനിന്നു വ്യത്യസ്തമായി എത്രയോ കടുത്ത സാമ്പത്തിക നിയന്ത്രണമാണ്​ ഇപ്പോൾ ഉണ്ടായത്​. മുമ്പ്​ ​ ഒരിക്കലും ഉണ്ടാകാത്ത സാമ്പത്തിക ഉപരോധത്തിന്​ നടുവിലൂടെയാണ്​ ഓരോ ദിവസവും സർക്കാർ കടന്നുപോകുന്നത്​. സപ്ലൈകോയുടെ കാര്യത്തിൽ അമർഷമുണ്ടെങ്കിലും എല്ലാ മാർഗത്തിലൂടെയും അത്തരം പ്രതിസന്ധികളെ ഞങ്ങൾ മറികടക്കും.

⇒ കാനം രാജേന്ദ്രന്‍റെ വിയോഗത്തോടെയാണ്​ സംസ്ഥാന സെക്രട്ടറിയുടെ ചുമതല​ ഏറ്റെടുത്തത്​. പാർട്ടിയെ പുതിയ കാലത്തേക്ക്​ കൊണ്ടു പോകുന്നതിൽ വലിയ വെല്ലുവിളികളുണ്ട്​. എങ്ങനെ കാണുന്നു.

കമ്യൂണിസ്റ്റ്​ പാർട്ടിക്ക്​ അതിന്‍റെ മൂല്യങ്ങളുണ്ട്​. ചരിത്രമുണ്ട്​. പ്രവർത്തന ശൈലിയുണ്ട്​. ആ നിലക്കാണ്​ കാനം പാർട്ടിയെ നയിച്ചത്​. കമ്യൂണിസ്റ്റ്​ പാർട്ടി സെക്രട്ടറിക്ക്​ ജനങ്ങളോട്​ കണക്ക്​ പറയാനും അവരോട്​ ഉത്തരവാദിത്ത ബോധം കാണിക്കാനും ബാധ്യതയുണ്ട്​. ജനങ്ങളിൽ സ്ഥാനമുള്ള പാർട്ടിയാണ്​ സി.പി.ഐ. അതിന്‍റെ സെക്രട്ടറി​ ജനങ്ങളോടും നാടിനോടും കാണിക്കേണ്ട ബാധ്യത പാലിക്കും.

⇒ സിദ്ധാർഥന്‍റെ മരണം, തുടർച്ചയായ വന്യജീവി അക്രമണം...ഒക്കെ സർക്കാറി​നെതിരായി എതിർപക്ഷം ഉപയോഗപ്പെടുത്തുന്നു. ഇതിൽ സർക്കാർ ഭാഗത്ത്​ വീഴ്ചക​ളുണ്ടെന്ന ആക്ഷേപമുണ്ട്​. ഇതിലൊക്കെ വിവാദങ്ങൾ ഒഴിവാക്കാൻ കഴിയാത്തത്​ എന്തുകൊണ്ട്​

സിദ്ധർഥിന്‍റെ മരണത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും. സംശയം വേണ്ട. മരണത്തിൽ ദുഖിക്കുന്ന എല്ലാവർക്കുമൊപ്പമാണ്​ സർക്കാറും ഇടത്​ മുന്നണിയും. അതിനെ ന്യായീകരിക്കാൻ ഇടതുമുന്നണി പോകില്ല. വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ഭാഗത്തുനിന്ന്​ പാലിക്കേണ്ട ഒരുപാട്​ ഗൗരവതരമായ കാര്യങ്ങളുണ്ട്​. അതേ കുറിച്ച്​ എസ്​.എഫ്​.ഐ. നേതാവ്​ കൂടിയായിരുന്ന മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതാണ്​ എനിക്കും പറയാനുള്ളത്​. എസ്​.എഫ്​.ഐയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത്​ കടന്നുകൂടിയവരല്ല എന്ന്​ പറയാനുള്ള കെൽപും ആർജവവും ആ സംഘടനക്കുണ്ട്​. അത്​ ചെയ്യുമെന്നാണ്​ പ്രതീക്ഷ. കാമ്പസുകളിൽ ആയുധമേന്തി മർദനവും സ്വയം പ്രഖ്യാപിത ശൈലികളും ആശ്വാസ്യമല്ല. കാമ്പസുകൾ സർഗാത്​മക സംവാദങ്ങളുടെ വേദിയാകണം. അതിന്​ പകരം ഹോക്കി സ്റ്റിക്കും കഠാരകളും മർദനവും വന്ന്​ നിയമം കൈയിലെടുക്കുന്ന രീതി പാടില്ല.

കാട്ടാനക്ക്​ കടുകട്ടി രാഷ്ട്രീയമില്ല. കാട്ടാന കൃഷിയിടത്തിൽ വന്നാൽ അത്​ എൽ.ഡി.എഫ്​. എന്ന്​ കാണുന്നത്​ ശരിയല്ല. വന്യജീവികളും മനുഷ്യരുമായി സംഘർഷമുണ്ടായാൽ ഞങ്ങൾ മനുഷ്യജീവനൊപ്പമാണ്​. അതിൽ സംശയമില്ല. ആ നിലപാട്​ ഉൾക്കൊണ്ടാണ്​ പരിഹാരത്തിന്​ ശ്രമിക്കുന്നത്​. 

Tags:    
News Summary - It is wrong for Rahul to contest here Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.