കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ്,ക്ഷീര വികസന സഹമന്ത്രിയായി ചുമതലയേറ്റ ജോർജ് കുര്യൻ ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖം
- രാഷ്ട്രീയ ദിശാബോധം ഉണ്ടാകുന്നത് അടിയന്തരാവസ്ഥ കാലത്താണ്. ജെ.പി (ജയപ്രകാശ് നാരായൺ) മൂവ്മെന്റിലൂടെ ഛാത്ര സംഘർഷ വാഹിനിയുടെ ഭാഗമാകുമ്പോൾ സ്കൂളിൽ പത്താം തരത്തിലാണ്. അന്ന് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഇന്ന് കോളജിൽ പഠിക്കുന്ന കുട്ടികളേക്കാൾ രാഷ്ട്രീയ വിദ്യാഭ്യാസം സിദ്ധിച്ചവരായിരുന്നു. 12ഉം 13ഉം വയസ്സിൽ രാഷ്ട്രീയം തുടങ്ങുമായിരുന്നു. എന്റെ രാഷ്ട്രീയം ജെ.പി സ്കൂൾ ഓഫ് തോട്ടിൽ നിന്നായതിനാൽ സ്വാഭാവികമായും ജനതാ പാർട്ടിയിലെത്തി. ജനതാ പാർട്ടി തകർന്നപ്പോൾ ബി.ജെ.പിയിലെത്തി.
ഞങ്ങളുടെ യൂനിറ്റ് പ്രസിഡന്റ് ഒരു ആർ.എസ്.എസുകാരനായിരുന്നു. ഓമനക്കുട്ടൻ. അങ്ങനെ ആർ.എസ്.എസുമായി അടുത്തു. എങ്കിലും ഞാൻ ആർ.എസ്.എസിന്റെ ശാഖയിലൊന്നും പോയിട്ടില്ല. അപ്പോഴാണ് ജനതാ പാർട്ടിയിൽ ദ്വയാംഗത്വ പ്രശ്നം വരുന്നത്. ആർ.എസ്.എസുകാർ ജനതാപാർട്ടിയിൽ പ്രവർത്തിക്കാൻ പാടില്ലെന്നായി. അന്നത്തെ ജനസംഘക്കാരെല്ലാം ആർ.എസ്.എസുകാരായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ ജനതാ പരിവാറിൽ ജനസംഘക്കാരായി ആർ.എസ്.എസുകാർ ഉണ്ടായിരുന്നു. ജനതാ പാർട്ടി ഇടതുപക്ഷത്തായിരുന്നു. ഞങ്ങളും കമ്യൂണിസ്റ്റുകളും ഒരുമിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. 1980 ഏപ്രിൽ നാലിന് ദ്വയാംഗത്വം പാടില്ലെന്ന് ജനതാ പാർട്ടി പ്രമേയം പാസാക്കി. അന്നൊരു ദുഃഖവെള്ളിയാഴ്ചയായിരുന്നു. ക്രൂശിക്കപ്പെട്ട ദുഃഖവെള്ളിയാഴ്ച ഒറ്റുകൊടുത്തുവെന്ന് അടൽ ബിഹാരി വാജ്പേയി പറയുമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഭാരതീയ ജനതാ പാർട്ടി ഉണ്ടാക്കി. അത് ഉയിർത്തെഴുന്നേൽപാണെന്നും അദ്ദേഹം പറയുമായിരുന്നു. സ്ഥാപന ദിവസം തന്നെ ഞാൻ ബി.ജെ.പി അംഗത്വമെടുത്തു. അന്ന് വിദ്യാർഥി മോർച്ചയായിരുന്നു. എ.ബി.വി.പി അല്ലായിരുന്നു. കോട്ടയം ഗവ. കോളജിൽ യൂനിറ്റ് പ്രസിഡന്റായി തുടങ്ങി. പിന്നീട് ജില്ല സെക്രട്ടറി, ജില്ല ജനറൽ സെക്രട്ടറി, ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അതിന് ശേഷം യുവമോർച്ചയിലും ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിങ്ങനെ സ്ഥാനങ്ങൾ. യുവമോർച്ചയിൽ പി.കെ. കൃഷ്ണദാസ് പ്രസിഡന്റും ഞാൻ ജനറൽ സെക്രട്ടറിയുമായി. പിന്നീട് അഖിലേന്ത്യാ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി. പാർട്ടി ഒ.രാജഗോപാലിന്റെ ഒ.എസ്.ഡിയായി വിട്ടു. അദ്ദേഹമാണ് എന്റെ പരിശീലകൻ. അദ്വാനിയുടെ കേരളത്തിലെ സ്ഥിരം പരിഭാഷകനായി. വാജ്പേയി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗവും പരിഭാഷപ്പെടുത്തി.1999 മുതൽ 2010വരെ ഡൽഹിയിലായിരുന്നു. പിന്നീട് കേരളത്തിലേക്ക് തിരിച്ചുവിളിച്ചു. വക്താവായി. വൈസ് പ്രസിഡന്റായി. അപ്പോഴാണ് ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാനാകുന്നത്.
ദേശീയ ന്യൂനപക്ഷ കമീഷൻ ഉപാധ്യക്ഷനായി പ്രവർത്തിച്ച അനുഭവം ന്യൂനപക്ഷ മന്ത്രിയെന്ന നിലയിൽ വലിയ മുതൽക്കുട്ടാണ്. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ പദ്ധതികളെ കുറിച്ചും വ്യക്തമായ അറിവുണ്ട്. അതിനാൽ ജോലി എളുപ്പമാകും.
ശിപാർശക്ക് മാത്രം അധികാരമുള്ള സ്ഥാപനമായിട്ടാണ് ന്യൂനപക്ഷ കമീഷനെ കണ്ടിരുന്നത്. അത് മാറ്റി കമീഷന്റെ ജുഡീഷ്യൽ അധികാരം വിനിയോഗിച്ചു തുടങ്ങി. മേഘാലയത്തിലെ 230 വർഷം പഴക്കമുള്ള സിഖ് കോളനി ഒഴിപ്പിക്കാൻ മേഘാലയ സർക്കാർ തീരുമാനിച്ചു. പരാതിയുമായി സിഖുകാർ കമീഷന് മുന്നിലെത്തിയപ്പോൾ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഞങ്ങൾ ഉത്തരവിറക്കി. ഇതിനെതിരെ മേഘാലയ സർക്കാർ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെ കമീഷൻ ഉത്തരവ് നടപ്പായി.
പിന്നീട് ഹിന്ദുക്കളെ എട്ടു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിക്കണമെന്ന ആവശ്യം കമീഷന് മുന്നിലെത്തി. ഈ ആവശ്യവുമായി അശ്വിനി കുമാർ ഉപാധ്യായ കൊടുത്ത ഹരജിക്ക് കമീഷൻ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. കമീഷൻ മൗനം പാലിച്ചപ്പോൾ മൂന്ന് മാസത്തിനകം ഈ വിഷയത്തിൽ ഉചിതമായ ഉത്തരവിടാൻ സുപ്രീംകോടതി കമീഷന് അന്ത്യശാസനം നൽകി. കമീഷൻ ഒരു കമ്മിറ്റിയെ വെച്ചു. എന്നെ ആ കമ്മിറ്റിയുടെ ചെയർമാനാക്കി. അതോടെ ഹരജിക്കാരനെ ഹിയറിങ്ങിന് വിളിച്ചു. ഇന്ത്യയിൽ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളെ ന്യൂനപക്ഷമായി കണക്കാക്കാൻ പറ്റില്ലെന്ന് ഞങ്ങൾ ഉത്തരവിറക്കി. കമ്മിറ്റി ചെയർമാനായതിനാൽ ഞാനാണ് റിപ്പോർട്ട് എഴുതിയത്. ആ ഉത്തരവ് സുപ്രീംകോടതി സ്വീകരിച്ചു. ആ വിവാദം അതോടെ അവസാനിച്ചു.
അതെ. ആ അധ്യായം അതോടെ അടഞ്ഞു. ഉത്തരവിറക്കും മുമ്പ് ഇക്കാര്യത്തിൽ ഞാനും കമീഷൻ സെക്രട്ടറിയും അന്നത്തെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് നിയമോപദേശം തേടി. കൊടുക്കരുതെന്ന നിലപാടിലായിരുന്നു ഞങ്ങൾ. എന്നാൽ, ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി കൊടുക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലായിരുന്നു കെ.കെ. വേണുഗോപാൽ. അതോടെ അദ്ദേഹവുമായി തർക്കമായി. അദ്ദേഹം തുഷാർ മേത്തയെ വിളിച്ചു. കെ.കെ. വേണുഗോപാൽ എ.ജി ആയതിനാൽ അതിനെതിരെ തനിക്ക് ഒന്നും പറയാനില്ലെന്ന് മേത്ത വ്യക്തമാക്കി. അതോടെ കമീഷനും എ.ജിയും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടി രേഖപ്പെടുത്തി സുപ്രീംകോടതിക്ക് മറുപടി നൽകി. സുപ്രീംകോടതി കമീഷന്റെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തു.
തീർച്ചയായും. 1993ൽ മുതൽ മണിപ്പൂരുമായി എനിക്ക് ബന്ധമുണ്ട്. അവിടെ ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ അതിലൊരു മതവുമില്ല. ക്രിസ്ത്യാനികൾ രണ്ട് വിഭാഗത്തിലുമുണ്ട്. മെയ്തേയികളിൽ കുറവാണെന്നേയുള്ളൂ. കുക്കികളിലാണ് കൂടുതലും. ഇത് ഗോത്രീയ കലാപമാണെന്ന് പറഞ്ഞപ്പോൾ വർഗീയ കലാപമാണെന്നാണ് എല്ലാവരും പറഞ്ഞത്. ഇപ്പോൾ എല്ലാവരും സമ്മതിച്ചു തുടങ്ങിയല്ലോ.
•
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.