കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോ ൺഗ്രസും യു.ഡി.എഫും നേരിട്ട തിരിച്ചടി വിലയിരുത്താൻ കോൺഗ്രസ് ഹൈകമാൻഡ് നിയോ ഗിച്ച കേരളത്തിെൻറ ചുമതലയുള്ള എ.ഐ. സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം 'മാധ്യമ'ത്തിന് നൽകിയ അഭിമുഖം
തെരഞ്ഞെടുപ്പുകൾ പ്രവചനത്തിന് അതീതമാണ്. സാധാരണ ഒരുതവണ എൽ.ഡി.എഫ് എങ്കിൽ അടുത്ത തവണ യു.ഡി.എഫ് എന്നതാണ് കേരളത്തിലെ വോട്ടർമാർ തുടർന്നുവരുന്ന രീതി. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വളരെ പ്രതീക്ഷയിലായിരുന്നു. പക്ഷേ, പ്രതീക്ഷക്ക് അനുസൃതമായ ഫലമല്ല ഉണ്ടായത്. ഇങ്ങനെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോകാൻ കോൺഗ്രസിനാകില്ല.
ചില തിരുത്തൽ നടപടികൾ അനിവാര്യമാണ്. പ്രകടനം മോശമായ ജില്ലകളിലും ബ്ലോക്കുകളിലും മണ്ഡലങ്ങളിലും തിരുത്തുണ്ടായേ തീരൂ. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ സംസ്ഥാന നേതൃത്വം ആരായും. ഇൗ പരിഹാരക്രിയയിൽ ഹൈകമാൻഡ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെയും സംസ്ഥാന നേതൃത്വത്തെയും വിശ്വാസത്തിലെടുക്കുകയാണ്. അവരുമായി പരിഹാരനടപടികൾ ചർച്ചചെയ്യാൻ കേരളത്തിലേക്കു പോകുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം മെച്ചപ്പെടാതിരുന്നതിന് നിരവധി ഘടകങ്ങളുണ്ട്. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലില്ലാത്തതിനാൽ സാമ്പത്തികപിന്തുണ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഇല്ലാതെപോയത് ഒരു കാരണമാണ്. തെരെഞ്ഞടുപ്പിന് മതിയായ ഫണ്ട് ലഭ്യമാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. താഴേ തട്ടിലെ പ്രചാരണങ്ങളെ അത് വലിയതോതിൽ ബാധിച്ചു. സംസ്ഥാനഭരണമുള്ള സി.പി.എമ്മും കേന്ദ്രഭരണമുള്ള ബി.െജ.പിയും തദ്ദേശതെരഞ്ഞെടുപ്പിൽ നിർലോഭം പണം ചെലവഴിച്ചു.
ഗ്രൂപ് അടിസ്ഥാനത്തിലുള്ള സ്ഥാനാർഥിനിർണയവും ജയസാധ്യതകളെ ബാധിച്ചു. ഗ്രൂപ് രാഷ്ട്രീയം പാർട്ടിക്ക് അപകടമാണ്. അതിനാൽ, കോൺഗ്രസിലെ എല്ലാവരെയും വിശ്വാസത്തിലെടുത്തുള്ള സമീപനമായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിലുണ്ടാകുക.
ജയസാധ്യത മാത്രം നോക്കിയായിരിക്കും മത്സരിപ്പിക്കുക. ഇതിനായി താഴേക്കിടയിലെ കമ്മിറ്റികളുടെ അഭിപ്രായമാരായും. നിരീക്ഷകരെ ജില്ലകളിലേക്ക് അയക്കും. പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും ഇത്തവണ കൂടുതൽ പ്രാതിനിധ്യം നൽകും. മികച്ച പ്രതിച്ഛായയുള്ളവരായിരിക്കും സ്ഥാനാർഥികൾ.
കഴിഞ്ഞ സന്ദർശനത്തിൽ നിരവധി കോൺഗ്രസ് നേതാക്കളെയും എം.പിമാരെയും എം.എൽ.എമാരെയും പാർട്ടി ഭാരവാഹികളെയും കണ്ടിരുന്നു. പ്രവർത്തനം മെച്ചപ്പെടുത്താൻ നിരവധി നിർദേശങ്ങൾ അവരൊക്കെ സമർപ്പിച്ചു. ജില്ല -ബ്ലോക്ക് -പഞ്ചായത്ത് തലങ്ങളിൽ പ്രകടനം മെച്ചപ്പെടാത്തതിെൻറ കാരണങ്ങൾ പഠിക്കേണ്ടതുണ്ട്.
ഇത്തവണ ഡി.സി.സി പ്രസിഡൻറുമാരെയും പോഷക സംഘടന ഭാരവാഹികളെയും കാണും. നാലിനും അഞ്ചിനും ഞാൻ കേരളത്തിലുണ്ടാകും. സംസ്ഥാന ഭാരവാഹികളെയും കൂടിക്കാഴ്ചക്കും ചർച്ചക്കും വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മെഷിനറി എങ്ങനെ ഊർജസ്വലമാക്കാം എന്നതായിരിക്കും ചർച്ച.
നിയമസഭ തെരഞ്ഞെടുപ്പ് വരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ഒരു മാറ്റവുമുണ്ടാകില്ല. കെ.പി.സി.സിയിലും യു.ഡി.എഫിലും നിലവിലെ നേതൃത്വം തുടരും. മുതിർന്ന കോൺഗ്രസ് നേതാക്കളെ ചേർത്തുനിർത്തി സംയുക്തനേതൃത്വത്തിെൻറ പ്രതിച്ഛായയുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുക.
കോൺഗ്രസിെൻറ പാരമ്പര്യവും അതാണ്. ഭരണത്തിലല്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനാർഥിയെ ഉയർത്തിക്കാണിക്കാറില്ല. മുഖ്യമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് കോൺഗ്രസ് തീരുമാനിക്കാറുള്ളത്. ജയിച്ചുവന്ന എം.എൽ.എമാരുടെ താൽപര്യംകൂടി മാനിച്ചാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക.
കേരളത്തിൽനിന്ന് കോൺഗ്രസിെൻറ ഒരു സിറ്റിങ് എം.പിയും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഈ തീരുമാനത്തിൽനിന്ന് ആരും ഒഴിവല്ല. കോൺഗ്രസ് മാത്രമല്ല, യു.ഡി.എഫിലെ ഘടകകക്ഷികളുടെ സിറ്റിങ് എം.പിമാരും മത്സരിക്കരുതെന്നാണ് ഹൈകമാൻഡ് ആഗ്രഹം.
അവരും അതൊഴിവാക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കാനേ കോൺഗ്രസിന് കഴിയൂ. അവരെ നിർബന്ധിക്കാനാവില്ല. ഞങ്ങൾ അത് വേണ്ടെന്ന് തീരുമാനിച്ചുകഴിഞ്ഞു. ലോക്സഭക്ക് ഇനിയും മൂന്നര വർഷത്തെ കാലാവധി കൂടിയുണ്ട്. അതിനാൽ, ഇപ്പോൾ ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് പോകുന്നത് ഉചിതമല്ല.
മുസ്ലിംലീഗിന് അവരുടേതായ തീരുമാനം എടുക്കാമല്ലോ. അവരെ ഞങ്ങൾക്ക് നിർബന്ധിക്കാനാവില്ല. എന്നാൽ, കോൺഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്.
ഈ വിഷയത്തിൽ പവാറുമായി ഞാൻ ചർച്ചയൊന്നും നടത്തിയിട്ടില്ല. എന്നാൽ, എൻ.സി.പിയുടെയും കോൺഗ്രസിെൻറയും സംസ്ഥാന നേതാക്കൾ തമ്മിൽ ചർച്ച നടന്നിട്ടുണ്ട്. കേരളത്തിലെത്തിയ ശേഷം ഇതുസംബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്. അതിനുശേഷം മാത്രമേ അന്തിമ തീരുമാനം പറയാനാകൂ.
അവർ യു.ഡി.എഫിൽ ചേരാൻ തയാറാണെങ്കിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിെൻറ താൽപര്യം മാനിച്ച് ഒരു തീരുമാനം കേന്ദ്രനേതൃത്വം എടുക്കും. കേരളത്തിലെ എൻ.സി.പി നേതാക്കൾ വിഷയം ശരദ് പവാറുമായി ഇതിനകം ചർച്ച ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്.
യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ താഴേതട്ടിൽനിന്നും സംസ്ഥാന നേതൃത്വത്തിൽനിന്നും എന്ത് നിർദേശമാണ് വരുന്നതെന്ന് ഹൈകമാൻഡ് നോക്കട്ടെ.
മറ്റു ഘടകകക്ഷികളെകൂടി കണക്കിലെടുത്തു മാത്രമേ പുതിയ കക്ഷികളുടെ മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ. അവരോടും കൂടിയാലോചിച്ചാകും തീരുമാനം. തീരുമാനം വരേണ്ടതും സംസ്ഥാനത്തുനിന്നാണ്. എൻ.സി.പിയുടെ കാര്യത്തിൽ ഇരു പാർട്ടികളുടെയും ദേശീയ നേതൃത്വങ്ങൾക്ക് ഒരു തടസ്സവുമുണ്ടാകില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ വർഗീയപ്രചാരണം കേരളത്തിൽ നടന്നിട്ടുണ്ട്. സി.പി.എമ്മും ബി.െജ.പിയും വർഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിച്ചപ്പോഴും കോൺഗ്രസ് നിലപാടിലുറച്ചാണ് മുന്നോട്ടുപോയത്. ഈ ധ്രുവീകരണ രാഷ്ട്രീയത്തിന് ഞങ്ങൾ എതിരാണ്.
മതവിദ്വേഷം ജനിപ്പിക്കുന്ന, വർഗീയ -ജാതി രാഷ്ട്രീയംകൊണ്ട് ആർക്കാണ് പ്രയോജനമെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കണം. കോൺഗ്രസ് അത് അനുവദിക്കില്ല. ഈ വർഗീയ പ്രചാരണത്തെ മതേതര മൂല്യങ്ങളിൽനിന്ന് കോൺഗ്രസും യു.ഡി.എഫും നേരിടും.
അതെ. ഒരു മതേതര കക്ഷിയെന്ന നിലയിൽ മതേതരത്വത്തിനും മത സൗഹാർദത്തിനും വേണ്ടി പോരാടേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. അതിനാൽ, ഇടതു മുന്നണിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയം നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കും. ആളുകൾക്ക് തിരിച്ചറിവുണ്ടാകുമെന്ന് ദേശീയതലത്തിൽ നോക്കിയാലറിയാം.
ബി.ജെ.പിയുടേത് വിദ്വേഷ രാഷ്്ട്രീയം മാത്രമാണെന്ന് ഒരളവോളം തുറന്നുകാണിക്കെപ്പട്ടു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് അതിനുദാഹരണമാണ്. ഏത് വിധേനയെങ്കിലും ഭരണത്തിലെത്താൻ അവർക്ക് സാധിച്ചെങ്കിലും ഭരണം മാറണമെന്നായിരുന്നു ജനഹിതം. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള അധികാരവും വിഭവങ്ങളും ഉപയോഗിച്ച് സാങ്കേതികമായി ബിഹാറിൽ എൻ.ഡി.എ ഭരണം നേടിയെടുത്തു എന്നുമാത്രം.
വെൽഫെയർ പാർട്ടി യു.ഡി.എഫിെൻറ ഭാഗമായിരുന്നില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അവരുമായി ഒരു സഖ്യവും ഉണ്ടാകില്ല. ഇക്കാര്യം ഞങ്ങൾ ചർച്ച ചെയ്തു ധാരണയിലെത്തിയതാണ്.
ബി.ജെ.പിക്ക് ഒരു പുരോഗമന പാർട്ടിയാകാൻ കഴിയില്ല. മതരാഷ്ട്രീയം മാത്രമേ അവർക്കറിയൂ. വികസനം കൊണ്ടുവരാനോ രാജ്യത്തിെൻറ പ്രശ്നങ്ങൾ പരിഹരിക്കാനോ ബി.ജെ.പിക്ക് കഴിയില്ല. കേരളത്തിന് ബി.ജെ.പിയെ ഉൾക്കൊള്ളാനാവില്ല. ഇക്കാര്യം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കും. ജയിക്കാൻ ബി.ജെ.പി എന്തും ചെയ്യുമെന്നത് വേറെ കാര്യം.
ഇടതുപക്ഷ പുരോഗമന ആശയക്കാരാണെന്നും മത ജാതി പരിഗണനകൾക്കതീതമായ ആദർശമുണ്ടെന്നും അവകാശപ്പെടുന്ന സി.പി.എം പോലൊരു പാർട്ടി തെരഞ്ഞെടുപ്പ് ജയിക്കാൻ വർഗീയ ധ്രുവീകരണ പ്രവർത്തനം നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കമ്യൂണിസ്റ്റ്, ഇടതു പാർട്ടികൾ ആ ദിശയിലേക്ക് പോകുന്നത് ആശങ്കജനകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.