കഴിഞ്ഞ കുറച്ചുമാസമായി ബാങ്കുകൾ സർഫാസി നിയമപ്രകാരം ജപ്തി നടപടികളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് സാഹചര്യവും കാലാവസ്ഥ വ്യതിയാനവും ഉൽപന്നങ്ങളുടെ വിലക്കുറവും കേരളത്തിലെ വായ്പക്കാരെ, പ്രത്യേകിച്ച് ചെറുകിട വായ്പക്കാരെ അതീവ പ്രതികൂലമായി ബാധിച്ചുവെന്ന യാഥാർഥ്യമൊന്നും പരിഗണിക്കാതെയാണ് ഈ നടപടികൾ. വായ്പ തിരിച്ചടവ് എങ്ങനെയെങ്കിലും സാധ്യമാക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യർക്കുമേൽ ജപ്തി നടപടികളുടെ ഭീഷണി വരുന്നതോടെ ജീവിതം തകിടം മറിയുന്ന സ്ഥിതിയാണ്.
നിലവിൽ ഒരു വായ്പ 90 ദിവസത്തിനുമേലെ കുടിശ്ശികയായാൽ 91-ാം ദിവസം മുതൽ കിട്ടാക്കടം (എൻ.പി.എ) എന്ന ഗണത്തിൽപെടുത്തുന്നു. പിന്നീട് സർഫാസി നിയമപ്രകാരം, ഈടുവെച്ച വസ്തുവും സ്ഥലവും കൈവശപ്പെടുത്തൽ, ലേലം ചെയ്യൽ തുടങ്ങിയ നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോവുകയാണ്. ആധാരം ബാങ്കിൽ ആയതുകൊണ്ട്, നല്ല വിപണിവിലക്ക് വിൽപന ഉറപ്പിക്കാൻപോലും വായ്പക്കാർക്ക് സാധിക്കുന്നില്ല. സർഫാസി നിയമപ്രകാരം ബാങ്കുകൾക്ക് ഒരു കോടതിയിലും പോകാതെ നേരിട്ട് നടപടി സ്വീകരിക്കാമെന്ന സാഹചര്യമാണ്.
പക്ഷേ, സർഫാസി നിയമപ്രകാരം തന്നെ താഴെപറയുന്ന നിബന്ധനകൾ ബാങ്കുകൾ തീർച്ചയായും പാലിക്കേണ്ടതാണ്.
1. വായ്പയിലെ ബാക്കിത്തുക ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ആയാൽ മാത്രമേ സർഫാസി ബാധകമാവൂ.
2. വായ്പയിലെ ബാക്കിത്തുക മുതലും പലിശയും അടക്കമുള്ള തുകയുടെ 20 ശതമാനത്തിൽ കൂടുതൽ ആവണം.
3. ഈടുവെച്ച വസ്തു കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി ആവരുത്. അതായത് കൃഷിഭൂമി ജപ്തി ചെയ്യരുത്.
നൂറ്റാണ്ടിന്റെ മഹാമാരി എന്ന് വിശേഷിപ്പിക്കാവുന്ന കോവിഡ് വരുത്തിയ പരിക്കുകൾ നേരിടാൻ സർക്കാറും റിസർവ് ബാങ്കും അസാധാരണ സഹായ നടപടികൾ ഉടൻ സ്വീകരിക്കേണ്ടിയിരിക്കുന്നു. പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ് എന്ന യാഥാർഥ്യം തിരിച്ചറിയണം. സർക്കാറിന് ഉടൻ നടപ്പാക്കാനാവുന്ന ഏതാനും ചില നിർദേശങ്ങൾ:
1. കിട്ടാക്കടം എന്ന ഗണത്തിലേക്ക് മാറ്റുന്ന സമയപരിധി 90 ദിവസത്തിൽനിന്ന് രണ്ട് വർഷമാക്കുക (1992ൽ ഇത് രണ്ടുവർഷമായിരുന്നു)
2. കോവിഡ്കാല മൊറട്ടോറിയം ആറു മാസത്തിൽനിന്ന് രണ്ടുവർഷമായി ഉയർത്തുക. കോവിഡ് ഇനിയും വിട്ടുപോയിട്ടില്ലെന്നും അത് ഏൽപിച്ച സാമ്പത്തിക ആഘാതത്തിൽനിന്ന് ജനങ്ങൾ കരകയറിയിട്ടില്ല എന്നും മനസ്സിലാക്കുക
3. കിട്ടാക്കടത്തിലേക്ക് മാറ്റുമ്പോൾ ഈട് വസ്തുവിന്റെ വിപണിവില കൂടി പരിഗണിക്കുക. ഇത് മതിയായ വിലയുണ്ടെങ്കിൽ ബാങ്കുകൾ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുക
4. ആവശ്യമെങ്കിൽ വായ്പ പുനഃക്രമീകരിക്കുക, പുനർവായ്പ നൽകുക
5. മിക്ക വായ്പകളിലും അപ്രതീക്ഷിത വിപരീത സാഹചര്യമാണ് തിരിച്ചടവ് മുടങ്ങാൻ കാരണമെന്ന സത്യം സർക്കാറും ബാങ്കുകളും തിരിച്ചറിയുക
6. വിദേശത്തുനിന്ന് കണ്ണുംപൂട്ടി അപ്പടി പകർത്തിയ വായ്പ തരംതിരിക്കൽ രീതി നിർത്തലാക്കുക. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വായ്പ തിരിച്ചുപിടിക്കൽ രീതിയും നിയമവും നടപ്പാക്കുക
7. 1991ൽ നമുക്കുണ്ടായ വിദേശനാണ്യ പ്രതിസന്ധി പരിഹരിക്കാൻ വിദേശരാജ്യങ്ങളോടും സ്ഥാപനങ്ങളോടും കടംവാങ്ങുമ്പോഴുള്ള വ്യവസ്ഥകളിൽപെട്ടതായിരുന്നു ബാങ്കിങ് പരിഷ്കാരവും വായ്പ തരംതിരിക്കലും
8. നിലവിലെ സർഫാസി നടപടികൾ ഉടൻ നിർത്തിവെക്കുക. പല ജപ്തികളിലും ബാലാവകാശങ്ങളുടെയും സ്ത്രീ അവകാശങ്ങളുടെയും സമസ്ത മനുഷ്യാവകാശങ്ങളുടെയും കടുത്ത ലംഘനമാണ് നടമാടുന്നത്. പണം തിരിച്ചടവ് വൈകി എന്നത് മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടാൻ ന്യായമേയല്ല എന്ന് സമൂഹവും സർക്കാറും തിരിച്ചറിയുക.
(മൂന്നു പതിറ്റാണ്ട് ബാങ്കിങ് മാനേജ്മെന്റ് രംഗത്ത് പ്രവർത്തിച്ച പ്രഫഷനലാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.