മാറ്റത്തിന്‍റെ സന്ദേശമാണ് ഈദുൽ ഫിത്ർ

റമദാനിൽ മുസ്ലിംകൾ നേടിയെടുത്ത ഏറ്റവും വലിയ ഗുണം ക്ഷമയാണ്. ദീർഘവും സ്ഥായിയുമായ ലക്ഷ്യങ്ങൾക്കുവേണ്ടി ക്ഷണികവും അപ്രധാനവുമായ പ്രശ്നങ്ങളെ അവഗണിക്കുന്നതിന്റെ പേരാണ് ക്ഷമ. ക്ഷമ ഭീരുത്വമല്ല, നിസ്സംഗതയുമല്ല. ലക്ഷ്യം കേന്ദ്രീകരിച്ചുള്ള മുന്നേറ്റമാണത്. ലക്ഷ്യം വിസ്മരിച്ചു പ്രതിയോഗികളുടെ അജണ്ടകൾക്കു പിറകെ പോകുന്നത് അക്ഷമ മാത്രമല്ല, ബുദ്ധിശൂന്യതയുമാണ്

ഒരു മാസം നീണ്ട വ്രതകാലത്തിന് പരിസമാപ്തി കുറിച്ച് ചെറിയ പെരുന്നാൾ വന്നണഞ്ഞു. ജഡികേച്ഛകളെ സനാതന മൂല്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിയന്ത്രിച്ച് നിർത്താനുള്ള ശേഷി വിശ്വാസിയുടെ ആത്മാവിന് ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന പരിശീലനമാണ് വ്രതാനുഷ്ഠാനം. ബൃഹത്തായ ഈ പരിശീലനപരിപാടി പൂർത്തീകരിച്ചതിന്റെ ആഘോഷമാണ് ചെറിയ പെരുന്നാൾ. തീവ്രമായ വ്രതാനുഷ്ഠാനങ്ങളിലൂടെയും നിരന്തരമായ ആരാധനകളിലൂടെയും ഉദാരമായ ദാനധർമങ്ങളിലൂടെയുമാണ് ഓരോ വിശ്വാസിയും ആത്മീയ അഭ്യുന്നതി കൈവരിക്കുന്നത്.

വ്യക്തിനിഷ്ഠമായ വ്രതശുദ്ധിയെയും സാമൂഹികതയുടെ ആഘോഷമായ പെരുന്നാളിനെയും ചേർത്തുവെച്ചതിൽ അത്യന്തം മനോഹാരിയായ സാംഗത്യമുണ്ട്. വ്രതമാസമായ റമദാനിൽ കഠിന സാധനയിലൂടെ ആർജിച്ചെടുക്കേണ്ട ഗുണങ്ങളെന്തെന്ന് ഖുർആനും പ്രവാചകനും പഠിപ്പിക്കുന്നു. ക്ഷമ, സഹനം, ആർദ്രത, സഹാനുഭൂതി, ഉദാരത, പശ്ചാത്താപബോധം മുതലായ വിശിഷ്ട ഗുണങ്ങളാണ് റമദാനിൽ ഒരു വിശ്വാസി തുടർജീവിതത്തിനായി ശേഖരിച്ചുവെക്കുന്ന പാഥേയം. സ്രഷ്ടാവും സൃഷ്ടികളുമായുമുള്ള ഇടപാടുകളിലെ സൂക്ഷ്മത (തഖ്വ) യാണ് പാഥേയമെങ്കിൽ ഖുർആന്റെ മാർഗദർശനമാണ് മുന്നോട്ടുള്ള ജീവിതത്തിന്റെ വെളിച്ചം.

ഈ ഗുണങ്ങളെല്ലാം ക്രിയാത്മകമായ സാമൂഹിക സഹവർത്തിത്വത്തി‍െൻറ ഈടുറ്റ മൂലധനങ്ങളാണ്. അതുമായി സമൂഹത്തിലേക്ക് ഇറങ്ങാനാണ് ചെറിയ പെരുന്നാൾ ആഹ്വാനം ചെയ്യുന്നത്. പടിഞ്ഞാറെ ചക്രവാളത്തിൽ പെരുന്നാൾ അമ്പിളി തെളിഞ്ഞാൽ വിശ്വാസികൾ ധാന്യപ്പൊതികളുമായി ദരിദ്രവീടുകളിൽ കയറിയിറങ്ങി എങ്ങും പട്ടിണിയില്ലെന്ന് ഉറപ്പുവരുത്തുന്നു. ഇതാണ് പെരുന്നാളിലെ ഒന്നാമത്തെ അനുഷ്ഠാനം. സ്തുതി കീർത്തനങ്ങൾ റമദാനിൽ ഉള്ളുനടുങ്ങുന്ന സ്വകാര്യ മന്ത്രങ്ങളായിരുന്നു. എന്നാൽ, പെരുന്നാൾ ദിനത്തിൽ അത് സമൂഹത്തിൽ മുഴങ്ങുന്ന പ്രഘോഷണങ്ങളായി മാറുന്നു. റമദാനിൽ നമസ്കാരം പള്ളികൾക്കകത്തും വീടകങ്ങളിലുമാണ് നടന്നിരുന്നത്. എന്നാൽ, പെരുന്നാൾ ദിനത്തിൽ പൊതു മൈതാനികളിലാണ് നടക്കുന്നത്. നമസ്കാരശേഷം നടക്കുന്ന ഗൃഹസന്ദർശനങ്ങൾ സൗഹൃദ സംഗമങ്ങൾ, ഈദ് മിലനുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാം സോഷ്യൽ എൻഗേജ്മെന്റിന്റെ ആവിഷ്കാരങ്ങൾ തന്നെ. എല്ലാ ജനവിഭാഗങ്ങളോടും സ്നേഹബഹുമാനങ്ങളോടെയും സഹാനുഭൂതിയോടെയും സമാധാനപരമായി സഹവർത്തിക്കാനുള്ള ആഹ്വാനമാണ് യഥാർഥത്തിൽ ചെറിയ പെരുന്നാൾ.

നമ്മുടെ സമൂഹത്തിൽ വിവിധ ജനവിഭാഗങ്ങളുടേതായി ആയിരക്കണക്കായ ആഘോഷങ്ങളുണ്ട്, എല്ലാ ആഘോഷങ്ങളും മനുഷ്യസമൂഹങ്ങളെ പരസ്പരം കൂട്ടിയോജിപ്പിക്കാൻ ഉള്ളതാണ്. എല്ലാം സമാധാനത്തിനും പുരോഗതിക്കുമുള്ള ഈടുവെപ്പുകളാണ്. എന്നാൽ, ഇന്ന് എന്താണ് അവസ്ഥ? അനുഷ്ഠാനങ്ങളെന്നും ആഘോഷങ്ങളെന്നും കേൾക്കുമ്പോൾതന്നെ പേടിയാവുന്നു. ആഘോഷങ്ങളെയും അനുഷ്ഠാനങ്ങളെയും ധ്രുവീകരണത്തിലേക്കും വംശഹത്യയിലേക്കുമുള്ള കുറുക്കു വഴികളാക്കി മാറ്റിയിരിക്കുന്നു തൽപരകക്ഷികൾ. കഴിഞ്ഞ മാസം രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് എട്ടു സംസ്ഥാനങ്ങളിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അക്രമിസംഘങ്ങളിൽനിന്ന് യഥാർഥവിശ്വാസികൾ ആഘോഷങ്ങളെ തിരിച്ചുപിടിക്കുകയും സമാധാനത്തി‍െൻറ ഈടുവെപ്പുകളായി അവയെ മാറ്റുകയും ചെയ്യേണ്ടതുണ്ട്, ഇല്ലെങ്കിൽ പണിപ്പെട്ട് നാം വളർത്തിയെടുത്ത ഒരേ ഒരിന്ത്യ എന്ന സ്വപ്നം തകർന്നടിയും.

വിവിധ കോണുകളിൽനിന്ന് പൗരത്വ നിഷേധത്തി‍െൻറയും വംശഹത്യയുടെയും ഭീഷണികൾ മുഴങ്ങിക്കേൾക്കുന്ന സവിശേഷ സന്ദർഭത്തിലാണ് ഇന്ത്യയിലെ മുസ്‌ലിംകൾ ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. ഇന്ത്യ വിഭജനത്തോടെ മുസ്ലിംമുക്ത ഭാരതം രൂപപ്പെടുമെന്ന് സ്വപ്നം കണ്ടിരുന്നവരുണ്ടായിരുന്നു. അവരുടെ പിന്മുറക്കാർ തന്നെയാണ് ഇപ്പോൾ നാടുകടത്തലിന്റെയും വംശഹത്യയുടെയും ദിവാസ്വപ്നം കാണുന്നത്. അന്ന് പൂവണിയാത്ത സ്വപ്നം ഇപ്പോൾ സാക്ഷാത്കരിക്കാമെന്ന് അവർ വ്യാമോഹിക്കുന്നു.

ആഗോളതലത്തിൽ പടർന്നുപിടിച്ച ഇസ്‌ലാമോഫോബിയ അതിന് സഹായകമാകുമെന്നാണ് അവരുടെ വിചാരം. സർക്കാറിന്റെ തുറന്ന പിന്തുണ അവർക്ക് ആവേശം പകരുന്നു. കുത്തകകളും ഭരണകൂടവും ചേർന്ന് വിലക്കെടുത്ത മാധ്യമ ഭീമന്മാർ അവസരം ഒരുക്കിക്കൊടുക്കുമെന്ന് അവർ കണക്ക് കൂട്ടുന്നു. വെറുപ്പിന്റെ പൊതുബോധം സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയെ കൂട്ടുപിടിക്കാൻ കഴിയുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

എന്നാൽ, ഇരുനൂറ് മില്യൺ വരുന്ന ഒരു ജനതയെ കൊന്നുതീർക്കുകയോ തിരസ്കരിക്കുകയോ ചെയ്യാൻ ലോകത്ത് ആർക്കുമാവില്ല. വംശഹത്യയുടെയും തിരസ്കാരത്തിന്റെയും ഏത് ആഹ്വാനത്തെയും തള്ളിക്കളയുന്ന ചരിത്രമാണ് ഇന്ത്യയുടേത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്തി അതിന്റെ നായകനായിരുന്ന മുഗൾ രാജാവ് ബഹദൂർഷാ സഫറിനെ മ്യാന്മറിലേക്ക് നാടുകടത്തി. ഡൽഹിയിലെ മുസ്ലിം ആവാസ കേന്ദ്രങ്ങളിൽ ബ്രിട്ടീഷ് സൈന്യം താണ്ഡവമാടി. നിരവധി സമരനേതാക്കളെ കൊല ചെയ്തു. അനേകായിരം വീടുകളും കടകളും അഗ്നിക്കിരയാക്കി. ഒരിക്കലും തിരിച്ചുവരാനാവാത്തവിധം മുസ്‌ലിം ശക്തി തരിപ്പണമായി എന്നു കരുതിയതാണ്. എന്നാൽ, സ്വാതന്ത്ര്യസമരം വീണ്ടും കരുത്താർജിച്ചപ്പോൾ അതിന്റെ മുന്നണിപ്പോരാളികളായി മുസ്ലിംകൾ ഉണ്ടായിരുന്നു.

ഇന്ത്യ വിഭജിച്ച് കഴിഞ്ഞാൽ മുസ്‌ലിം സമുദായം അപ്രസക്തമാവുന്ന ഭാരതമാണ് ചിലർ സ്വപ്നം കണ്ടത്. വിഭജനത്തോടെ വടക്കെ ഇന്ത്യയിൽ നടന്ന രൂക്ഷമായ വർഗീയ കലാപങ്ങളിൽ ലക്ഷക്കണക്കായ മനുഷ്യർ മരിച്ചുവീണു. ഗാന്ധിജി, അംബേദ്കർ, നെഹ്റു, ആസാദ്, തുടങ്ങിയ രാഷ്ട്രശില്പികൾ മുസ്‌ലിംകളെ ചേർത്തുപിടിച്ചപ്പോൾ ഇന്ത്യയുടെ ആത്മാവ് അവരോടൊപ്പമായിരുന്നു. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നത് മുസ്‌ലിം സമൂഹത്തിന്റെ കരുത്തുറ്റ പങ്കാളിത്തം ഉണ്ടാകണമെന്നാണ് ഇന്ത്യൻ ജനത ആഗ്രഹിച്ചത്. ഭാരതീയർ ഇന്നും അതുതന്നെ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ ഇസ്ലാമികസമൂഹത്തിന് 14 നൂറ്റാണ്ടി‍െൻറ പാരമ്പര്യമുണ്ട്.

ഖുതുബ് മിനാറും ചെങ്കോട്ടയും താജ്മഹലും ഉൾപ്പെടെ സൗധങ്ങളും സ്മാരകങ്ങളും നിരവധിയായ പശ്ചാത്തല സൗകര്യങ്ങളും മാത്രമല്ല, ഐഡിയ ഓഫ് ഇന്ത്യയുടെ മർമപ്രധാന അടിത്തറകളെല്ലാം ഇസ്ലാമിക സമൂഹത്തി‍െൻറ സംഭാവനകൾ തന്നെ. അനവധി നാട്ടുരാജ്യങ്ങളായിരുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തെ ഒരു രാജ്യമായി വളച്ചുകെട്ടിയത് മുസ്‌ലിം ഭരണാധികാരികളാണ്. ഇസ്‌ലാം വിഭാവന ചെയ്യുന്ന സാഹോദര്യവും ജനക്ഷേമത്തിലധിഷ്ഠിതമായ സാമ്പത്തിക ഘടനയും നീതിയുക്തമായ ജുഡീഷ്യറി സമ്പ്രദായവും രാഷ്ട്രനിർമിതിയിൽ വഹിച്ച പങ്ക് നിസ്തുലമാണ്. ഇന്ത്യയിൽനിന്ന് ഇസ്ലാമിനെ തിരസ്കരിക്കുക എന്നതിനർഥം ഈ മൂല്യങ്ങളെ കൂടി തിരസ്കരിക്കുക എന്നാണ്. ഇന്ത്യയും ഇന്ത്യക്കാരും നിലനിൽക്കുവോളം മുസ്ലിംകളും ആത്മവിശ്വാസത്തോടെ ഇവിടെ നിലനിൽക്കും. ഈ രാജ്യത്തിന്റെ പുനർനിർമാണത്തിന് കരുത്തുറ്റ പങ്കാളിത്തമർപ്പിക്കാൻ അവർ കഠിനാധ്വാനം ചെയ്യും. മുസ്ലിംകൾ ഒരു വംശീയവിഭാഗമല്ല; ആദർശസമൂഹമാണ്.

നിയതമായ ദൗത്യം ഏൽപിക്കപ്പെട്ടതിനാലാണ് ഖുർആൻ 'ഉമ്മത്ത്' എന്ന് ഇസ്ലാമികസമൂഹത്തെ വിളിച്ചത്. ഈ ഉമ്മത്തിന്റെ നിയോഗം മുഴുവൻ മനുഷ്യരാശിക്കുവേണ്ടിയാണ്. സമൂഹത്തിൽ നന്മപരത്താനും തിന്മയെ പ്രതിരോധിക്കാനുമുള്ള ചുമതല മുസ്ലിംസമൂഹത്തിനുണ്ട്. ഈ ദൗത്യം ഏറെ പ്രസക്തമായ ഒരു സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് ഓരോ വർഷവും തൊഴിലില്ലായ്മയും പട്ടിണിയും വിലക്കയറ്റവും വർധിച്ചേ വരുകയാണ്. മുസ്ലിംകൾക്കു പുറമെ, ആദിവാസികളും ദലിതരും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പീഡനകാലത്തേക്ക് ആട്ടിത്തെളിക്കപ്പെടുന്നു. ഇങ്ങനെ ഇന്ത്യ നേരിടുന്ന പൊതുപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാൻ മുസ്ലിംസമൂഹത്തിനു ബാധ്യതയുണ്ട്. കർമശേഷിയും സ്ഥിരോത്സാഹവും ആവശ്യമുള്ളതാണ് ഓരോ പ്രവർത്തന മേഖലയും. സംഘ്പരിവാരം സംഘടിപ്പിക്കുന്ന സൻസദുകളും വിദ്വേഷപ്രഭാഷണങ്ങളും കൊലവിളികളും മുസ്ലിംകളെ ഭയപ്പെടുത്താനും പ്രകോപിപ്പിക്കാനുമാണ്. ഇതു തിരിച്ചറിഞ്ഞെങ്കിലേ ബുദ്ധിപൂർവം പെരുമാറാനാവൂ.

റമദാനിൽ മുസ്ലിംകൾ നേടിയെടുത്ത ഏറ്റവും വലിയ ഗുണം ക്ഷമയാണ്. ദീർഘവും സ്ഥായിയുമായ ലക്ഷ്യങ്ങൾക്കുവേണ്ടി ക്ഷണികവും അപ്രധാനവുമായ പ്രശ്നങ്ങളെ അവഗണിക്കുന്നതിന്റെ പേരാണ് ക്ഷമ. ക്ഷമ ഭീരുത്വമല്ല, നിസ്സംഗതയുമല്ല. ലക്ഷ്യം കേന്ദ്രീകരിച്ചുള്ള മുന്നേറ്റമാണത്. ലക്ഷ്യം വിസ്മരിച്ചു പ്രതിയോഗികളുടെ അജണ്ടകൾക്കു പിറകെ പോകുന്നത് അക്ഷമ മാത്രമല്ല, ബുദ്ധിശൂന്യതയുമാണ്. ഇന്ത്യയിൽ ഫാഷിസത്തിനെതിരായ ക്രിയാത്മക മുന്നേറ്റത്തിന് മുസ്ലിം സമുദായത്തിനേ കഴിയൂ. ഇസ്ലാമികാദർശത്തെ പ്രസന്റ് ചെയ്തുകൊണ്ട് ഇസ്ലാം പേടിയെയും ഇസ്ലാമിക സംസ്കാരത്തെ റപ്രസന്റ് ചെയ്ത് വെറുപ്പിനെയും ദുർബലപ്പെടുത്താൻ കഴിയണം. വീക്ഷണങ്ങളിലും സ്റ്റ്രാറ്റജിയിലും ഗുണപരമായ മാറ്റംവരുത്താൻ സമുദായം തയാറാകണം.

''ഒരു സമൂഹത്തിന്റെയും അവസ്ഥയിൽ അല്ലാഹു മാറ്റം വരുത്തില്ല; അവർ സ്വയം മാറുന്നതുവരെ''(ഖുർആൻ.13:11).

(ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ആണ് ലേഖകൻ)

Tags:    
News Summary - Eid al-Fitr is a message of change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.