''വില്ലുവണ്ടിയിലേറി വന്നതാരുടെ വരവോ
കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ
വിത്തെറിഞ്ഞൊരു കൈകളെ
വിയർപ്പണിഞ്ഞൊരു മെയ്ക്കളെ
ഉരുക്കുപോലെ ഉറച്ചതാക്കിയതാരുടെ വരവോ''
മഹാത്മ അയ്യൻകാളിയുടെ സമരസാമൂഹികതയെ ഓർമപ്പെടുത്തുന്ന ഒരു സ്മരണദിനത്തിലൂടെയാണ് കടന്നുപോവുന്നത്. ഒരർഥത്തിൽ മലയാളിയെ വിമോചന സാമൂഹികതയെപ്പറ്റി ഒരിക്കൽകൂടി ഓർമപ്പെടുത്തുന്ന ചരിത്രസ്മരണയും നവോത്ഥാന കർതൃത്വവുമാണ് മഹാത്മ അയ്യൻകാളി. ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ട നിയമപാഠമായി നിലവിൽ വരുന്നതിനും മുമ്പാണ് അദ്ദേഹം 'സമതക്കും ജനതക്കു'മായുള്ള സമരസാമൂഹികതയെ പ്രോജ്വലിപ്പിച്ചത് എന്നതുതന്നെയാണ് ആ ചരിത്രസ്മരണയെ ഇത്രമേൽ വിമോചനാത്മകമായ ഓർമയാക്കി തിളക്കം വർധിപ്പിക്കുന്നത്.
1915ൽ പഞ്ചമിയെയും കൂട്ടിയുള്ള വിദ്യാലയ പ്രവേശനത്തിലൂടെ മഹത്തായൊരു സന്ദേശമാണ് നൽകപ്പെട്ടത്. ഊരുട്ടമ്പലം സ്കൂൾ പ്രവേശനം പുതിയൊരു പാത സൃഷ്ടിച്ചു. ''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്നും ''വസുധൈവ കുടുംബകം'' എന്നും പേർത്തും പേർത്തും ഉദ്ഘോഷിക്കുന്ന ആർഷപാരമ്പര്യത്തിന്റെ പതാകവാഹകർതന്നെയാണ് പഞ്ചമി പ്രവേശിച്ച വിദ്യാലയത്തെ അഗ്നിക്കിരയാക്കിയതും. ഇപ്പോൾ മഹിതമെന്ന് പ്രഘോഷിക്കുന്ന 'ആർഷഭാരത'ത്തിന്റെ വിവേചനരൂപങ്ങളോട് കെട്ടടങ്ങാത്ത സമരരീതിതത്വങ്ങൾ മുൻനിർത്തിയാണ് അയ്യൻകാളി കേരളത്തിൽ ഒരു പൊതുമണ്ഡലം നിർമിച്ചെടുത്തത്. പങ്കാളിത്ത സാമൂഹികത എന്ന ആശയരൂപത്തിന്റെ സ്വാധീനം അത്രമേൽ അയ്യൻകാളിയിൽ പ്രകടമായിരുന്നു. ചില മനുഷ്യർക്കുമാത്രം സവിശേഷ അധികാരവും സ്ഥാനമാന പദവികളും കൈവരുന്ന സാമൂഹിക സാഹചര്യങ്ങളെ എല്ലാം മനുഷ്യർക്കും തുല്യമായ വിഭവവിതരണത്തിലും അധികാര ഭരണരംഗങ്ങളിലുമുള്ള പ്രാതിനിധ്യവും അവകാശപ്പെടുന്നതിലൂടെ പങ്കാളിത്ത സാമൂഹികതയുടെ ആശയം പ്രവൃത്തിപഥത്തിലേക്കെത്തിക്കാനാണ് ആ മഹാനുഭാവൻ പോരാടിയത്.
പ്രജാസഭയിലെ ആദ്യപ്രസംഗത്തിൽതന്നെ ഭൂമി സംബന്ധിച്ച പ്രശ്നം ഉന്നയിക്കുന്നതിലൂടെ വിഭവവിതരണത്തിൽ സാമൂഹിക നീതി പാലിക്കപ്പെടണം എന്നുറപ്പുവരുത്തുകയായിരുന്നു. അയ്യൻകാളിയുടെ പ്രജാസഭ പ്രസംഗങ്ങളെല്ലാം തന്നെ അധികാരികളെയും ഭരണവർഗത്തെയും സാമൂഹികനീതിയെ സംബന്ധിച്ചുള്ള വ്യത്യസ്ത സ്ഥലികൾ ചൂണ്ടിക്കാണിച്ചിട്ടുള്ളവയായിരുന്നു. 1920 മാർച്ച് രണ്ടിലെ പ്രസംഗത്തിൽ തൊഴിലും വ്യവസായവും അവർണർക്കായി ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതുവൽ ഭൂമി രജിസ്റ്റർ ചെയ്തുകിട്ടുന്നതിന് അധഃസ്ഥിതർ നേരിടുന്ന പ്രശ്നങ്ങൾ (1921 മാർച്ച് 1), സ്കൂളുകളിൽ ഉച്ചഭക്ഷണവും കോളജ് പഠനത്തിന് മുഴുവൻ ഫീസ് ഇളവും അനുവദിക്കണം (1928 മാർച്ച് 7), വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കണം (1932 മാർച്ച് 18) എന്നു തുടങ്ങിയ നിരവധി വിഷയങ്ങളിലൂന്നി നിന്നുകൊണ്ടാണ് അയ്യൻകാളി വിഭവവിതരണത്തിലെ തുല്യതയെ സംബന്ധിച്ചും പങ്കാളിത്ത സാമൂഹികതയെ സംബന്ധിച്ചും സംസാരിച്ചുകൊണ്ടിരുന്നത്.
അയ്യൻകാളിയുടെ ചരിത്രസ്മരണ ഇന്ത്യ അഭിമുഖീകരിക്കുന്ന ചില വിപത്സന്ധികളുടെ വിശകലനത്തിനും ഒരുപാധിയാണ്. മഹത്തായ 'ഹിന്ദുരാഷ്ട്രം' സ്ഥാപിതമായാൽ എന്തൊക്കെയാണോ സംഭവിക്കുക അതിനെയെല്ലാം പ്രത്യക്ഷമായി നേരിട്ടുകൊണ്ടാണ് അയ്യൻകാളി നവസമൂഹസൃഷ്ടിക്കായി യത്നിച്ചത്. ഹിന്ദുത്വർ ആഖ്യാനം ചെയ്യുന്ന ''വസുധൈവ കുടുംബകം'' എന്ന ആശയവും ''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന ആശയവും എത്രമേൽ ചരിത്രത്തെ കീഴ്മേൽ മറിക്കുന്നതിനും പരിഹസിക്കുന്നതുമാണെന്ന് അയ്യൻകാളിയുടെ സാമൂഹിക സമരങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്.
ജാതിയുടെ ശ്രേണീകൃത മണ്ഡലങ്ങളായി വേർതിരിവു രൂപങ്ങളായി സമൂഹം പ്രവർത്തനക്ഷമമായിരുന്നിടത്തുനിന്ന് സമൂഹത്തിലെ മുഴുവൻ മനുഷ്യർക്കും ഇടപെടാവുന്ന ഒരു പൊതുമണ്ഡലത്തിന്റെ സൃഷ്ടിക്ക് അയ്യൻകാളി വേഗം കൂട്ടി. വില്ലുവണ്ടി സമരവും, വിദ്യാലയ പ്രവേശനവും ഭൂമിക്കായുള്ള നീതിയുക്ത കർമങ്ങളും എല്ലാംതന്നെ മലയാളി സമൂഹത്തിന് ആകമാനമുള്ള ഒരു പൊതുമണ്ഡല സൃഷ്ടി സാധ്യമാക്കി. ചില പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്കുമാത്രം നടന്നുപോകുവാൻ കഴിയുന്ന 'പൊതുവീഥി'യെ അക്ഷരാർഥത്തിൽ പൊതുവീഥിയാക്കിയത് അയ്യൻകാളിയുടെ വില്ലുവണ്ടി സമരത്തിലൂടെയായിരുന്നു.
അയ്യൻകാളി സ്വപ്നം കണ്ട പത്ത് ബി.എ.ക്കാർക്ക് പകരം ആയിരക്കണക്കിന് ബിരുദധാരികളും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരും ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, അർഹമായ പ്രാതിനിധ്യം അധികാര ഭരണരംഗങ്ങളിൽ കരഗതമായെങ്കിൽ മാത്രമേ അയ്യൻകാളിയുടെ സ്വപ്നം മൂർത്തമായി സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. ഇന്ത്യൻ സർവകലാശാലകൾ പല നിലകളിൽ ഇന്നും ജാതീയമായ ഹിംസയുടെ പുറന്തള്ളൽ രൂപം കൈയൊഴിയാൻ തയാറാവാതെ നിൽക്കുമ്പോൾ പങ്കാളിത്ത സാമൂഹികതയെ സംബന്ധിച്ച മൂല്യമേറിയ ഭരണഘടനാദത്തമായ നീതിതത്വമാണ് അട്ടിമറിക്കപ്പെടുന്നത്. കഠിനമായ രീതിയിൽ രാജ്യത്ത് വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും തീപ്പൊരികൾ വിതറാൻ ബ്രാഹ്മണ്യ ശക്തികൾ ശ്രമിക്കുമ്പോൾ ഫ്രെഡറിക് ജയിംസൺ സൂചിപ്പിച്ചതുപോലെ 'ആപത്തിന്റെ നിമിഷത്തിൽ എത്തിപ്പിടിക്കാവുന്ന ചരിത്രത്തിലെ' ഉജ്വലസ്മരണയായി മഹാത്മ അയ്യൻകാളി മാറിത്തീരുന്നു.●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.