കോണ്‍ഗ്രസിന് ഇനിയെങ്കിലും നന്നായിക്കൂടെ?

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പക്ഷെ ഇത്രയും പൈതൃകം പേറുന്ന ഈ ദേശീയ ജനാധിപത്യ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ അത്യന്തം വേദനാജനകമാണ്. 1998ലാണ് സോണിയഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. 2017 വരെ പലതവണ പാളയത്തില്‍ പടകൾ ഉണ്ടായെങ്കിലും ആ പദവിയില്‍ തുടര്‍ന്നു. 2017 ഡിസംബറില്‍ യുവരക്തം രാഹുല്‍ ഗാന്ധി വലിയ പ്രതീക്ഷകളുണര്‍ത്തി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നു. എന്നാല്‍ 2019 പാര്‍ലമെന്റ് ഇലക്ഷനില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞ് വീണ്ടും സോണിയ താല്ക്കാലിക പ്രസിഡന്റായി.


വർഷങ്ങൾ പിന്നിടുമ്പോഴും കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് അനുയോജ്യനായ ഒരുവ്യക്തിയെ കണ്ടുപിടിച്ചില്ല. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പു വേളകളിലൊക്കെ സ്വന്തം സ്ഥാനം ഉറപ്പിക്കുക എന്നതില്‍കവിഞ്ഞ് പാര്‍ട്ടിയുടേയോ രാജ്യത്തിന്റെയോ നന്മ ലക്ഷ്യം വച്ച് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തനരംഗത്ത് സജീവമായില്ല. ഇപ്പോൾ നടന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പിലും ദയനീയ തോൽവി ഏറ്റുവാങ്ങി.

ചിലരുടെ സ്വാര്‍ത്ഥ ചിന്തകളില്‍നിന്ന് കോണ്‍ഗ്രസ് പോലുള്ള മഹാ പ്രസ്ഥാനം മോചിതമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവരുടെ പിടിപ്പുകേടും സ്വാര്‍ത്ഥതയും കൊണ്ടു മാത്രമാണ് പല സംസ്ഥാനങ്ങളിലും കൈയില്‍ കിട്ടിയ അധികാരം പോലും നഷ്ടമാകുന്നതും ജനസമ്മതരായ ചെറുപ്പക്കാരായ നേതാക്കൾ ഇവരെ മടുത്ത് പാര്‍ട്ടി വിട്ടുപോകുന്നതും. ഇവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ വളര്‍ത്തുകയല്ല, അധികാരപ്രമത്തതയ്ക്കും സുഖലോലുപതയ്ക്കും വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതിന് മാറ്റം ഉണ്ടാകണം.

72 വയസുള്ള സോണിയ ഗാന്ധിയിൽ നിന്നും 80 വയസുള്ള മല്ലികാർജുൻ ഖാർഗെയിലേക്കു പ്രസിഡന്റ് സ്ഥാനം വന്നു ചേർന്നാൽ ഇനിയും കോൺഗ്രസിന് നന്നാകാൻ അല്ല സ്വയം ആണി അടിക്കാനാണ് താല്പര്യം എന്ന് മാത്രമേ കരുതാൻ കഴിയൂ. പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണം. പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം. സംസ്ഥാന ഘടകങ്ങളെ ശാക്തീകരിക്കണം.

എന്തുകൊണ്ട് ഡോ. ശശി തരൂര്‍ ?

ഈയവസരത്തിലാണ് ഡോ. ശശി തരൂര്‍ എന്ന നാമം നമുക്കു മുന്‍പില്‍ ഉയര്‍ന്നു വരുന്നത്. നേതൃത്വശേഷിയുള്ള വ്യക്തി, പ്രഗത്ഭ എഴുത്തുകാരന്‍, ചിന്തകന്‍, രാഷ്ട്ര തന്ത്രജ്ഞന്‍, വിദേശകാര്യ വിദഗ്ധന്‍, പാര്‍ലമെന്റ് അംഗം, ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഏറെ പരിചയസമ്പന്നതയുള്ളയാള്‍, ഭാഷ നിപുണന്‍, മതേതര നിലപാടും ദീര്‍ഘവീക്ഷണവുമുള്ള വ്യക്തി. അസാമാന്യ നേതൃപാടവവും ധൈഷണിക മികവും കൈമുതലായിട്ടുള്ള ഡോ. തരൂരിനെ പോലുളള യഥാര്‍ത്ഥ നേതാവാണ് ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും പ്രാപ്തനായിട്ടുള്ളത്.

ഇന്ത്യാ മഹാരാജ്യം ഇന്ന് നേരിടുന്ന നിരവധിയായ വെല്ലുവിളികള്‍ക്കു കൃത്യമായ ഉത്തരമാണ് തരൂര്‍. ഇന്ത്യയിലെ യുവാക്കളുടെ ശക്തമായ പ്രതീക്ഷയും മാതൃകയും ആവാന്‍ കോണ്‍ഗ്രസില്‍ ഇന്ന് മറ്റൊരു നേതാവ് ഉണ്ടാകുമോ എന്ന് സംശയമാണ്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അടിവേരായ മതേതരത്വം കാത്തു സൂക്ഷിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം കൃത്യമായ രീതിയില്‍ നടപ്പിലാക്കാന്‍ കെല്പുള്ള കോണ്‍ഗ്രസിലെ അറിവും പരിചയവുമുള്ള ശക്തനായ നേതാവാകാന്‍ ഡോ. തരൂരിന് കഴിഞ്ഞേക്കും.

ഇന്ത്യന്‍ ജനാതിപത്യം പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും അടിയുറച്ചു നില്കുന്നതാവണം. അത് നിലനിര്‍ത്തുവാന്‍ കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന് കഴിയണമെങ്കില്‍ ശശി തരൂരിനെ പോലെ നിഷ്പക്ഷ നിലപാടും അറിവും കഴിവും പരിചയവും കൈ മുതലായുള്ള വ്യക്തികള്‍ നേതൃത്വം ഏറ്റെടുക്കണം. ശത്രു പക്ഷത്തുള്ളവര്‍ പോലും അദ്ദേഹത്തിന്റെ നിലപാടുകളെ പലപ്പോഴും പരസ്യമായും രഹസ്യമായും അനുകൂലിക്കുന്നത് നാം കാണുന്നു. വിദേശ രാജ്യങ്ങളിലേതുപോലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയമോ മതമോ ജാതിയോ പണസ്വാധീനമോ ഒന്നും നോക്കാതെ തങ്ങളുടെ രാജ്യത്തിനും അതിലൂടെ എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ക്കും നന്മയും ക്ഷേമവും മാത്രം ലക്ഷ്യം വയ്ക്കുന്ന കാഴ്ചപ്പാടുള്ള ഒരു നേതാവിനെയാണ് ഇന്ന് ഇന്ത്യയ്ക്ക് ആവശ്യം.

ഏതു വിഷയങ്ങളെ കുറിച്ചും കൃത്യമായ ഗവേഷണവും ഗ്രഹപാഠവും നടത്തി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ പാടവം അസൂയാവഹമാണ്. അഴിമതിയും സ്വാര്‍ത്ഥതയും സ്വജനപക്ഷപാതിത്വവുമാണ് കോണ്‍ഗ്രസ് പോലുള്ള ഒരു വടവൃക്ഷത്തെ സാധാരണക്കാരില്‍ നിന്നും അകറ്റിയത് എന്നത് ഇനിയും തിരിച്ചറിയാത്ത സ്വയം പ്രഖ്യാപിത നേതാക്കള്‍ അല്പമെങ്കിലും സ്നേഹവും കടപ്പാടും രാജ്യത്തോടും ജനങ്ങളോടും കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


വന്ദ്യ വയോധികരായ പ്രിയപ്പെട്ട നേതാക്കളേ, രാജ്യത്തിന്റെ ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ നിങ്ങള്‍ സ്വയം വിശ്രമ ജീവിതം തിരഞ്ഞെടുക്കണം. തെക്കന്‍ സംസ്ഥാനത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ പാര്‍ലമെന്റിലും വടക്കേ ഇന്ത്യക്കാര്‍ അടക്കി വാഴുന്ന പല കാര്യാലയങ്ങളിലും തന്റെ അവകാശങ്ങളെ ചോദിച്ചു വാങ്ങുവാന്‍ കഴിവുള്ള വ്യക്തി തന്നെയാണ് ഡോ. ശശി തരൂര്‍. അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാല്‍ യുവാക്കള്‍ അദ്ദേഹത്തോടൊപ്പം അണിനിരക്കും എന്നുള്ള കാര്യത്തില്‍ ചില കടല്‍കിഴവന്മാര്‍ക്ക് ഒഴികെ മറ്റാര്‍ക്കും സംശയം ഉണ്ടാവില്ല.

ഇപ്പോഴത്തെ സര്‍ക്കാരിന്റെ അധികാര ദുര്‍വ്വിനിയോഗങ്ങളും കെടുകാര്യസ്ഥതയും വസ്തുനിഷ്ടമായി വിമര്‍ശിക്കുവാന്‍ ചങ്കൂറ്റം കാട്ടുന്ന നേതാവ്. ഇത്രയും സത്യസന്ധനായ ഒരു നേതാവ് ഉണ്ടായിട്ടും കോണ്‍ഗ്രസ് എന്ത് കൊണ്ട് തീരുമാനം എടുക്കുന്നില്ല? ഡോ. ശശി തരൂരിന് അര്‍ഹമായ സ്ഥാനം പാര്‍ട്ടിയുടെ സിരാകേന്ദ്രത്തില്‍ നല്കി അദ്ദേഹത്തിന്റെ ഭരണപരവും രാഷ്ട്രീയപരവുമായ കഴിവുകളെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി ഉപകാരപ്പെടുത്തണം.

Tags:    
News Summary - Mallikarjun kharge and Shashi tharoor: Congress President Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.