രണ്ടു പതിറ്റാണ്ടിനിടെ സംഭവിച്ചതിൽവെച്ച് അതിമാരകം എന്നു പറയപ്പെടുന്ന ഒരു ഭൂകമ്പം അഫ്ഗാനിസ്താനെ പിടിച്ചുലച്ചിരിക്കുന്നു. ജൂൺ 22ന് നടന്ന ദുരന്തത്തിൽ ആയിരത്തോളം പേർക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. അതിവിദൂരങ്ങളിലുള്ള, പുറം ലോകവുമായി ഒറ്റപ്പെട്ടുനിൽക്കുന്ന പ്രദേശങ്ങളിൽനിന്നുള്ള കണക്കുകൾ വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാകയാൽ ആദ്യ 24 മണിക്കൂറിനകം രക്ഷാപ്രവർത്തനങ്ങൾ നടത്തുക എന്നത് പരമപ്രധാനമാണ്. കടുത്ത മഴയെത്തുടർന്ന് പലയിടത്തും രക്ഷാപ്രവർത്തനങ്ങൾക്ക് വിഘ്നം നേരിട്ടിരിക്കുന്നു. ഗ്രാമങ്ങൾ ഒന്നാകെ നശിച്ച് ഇല്ലാതായിരിക്കുന്നുവെന്നാണ് ദുരന്തത്തിൽ നിന്ന് അതിജീവിച്ചവരെ ഉദ്ധരിച്ച് വരുന്ന വാർത്തകൾ.
ഈ സംഭവം വിലയിരുത്തുമ്പോൾ മൂന്നു കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. കുറെയേറെക്കാലമായി കടുത്ത മാനുഷിക പ്രതിസന്ധിയിലൂടെയാണ് അഫ്ഗാനിസ്താൻ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ കാര്യം. നേരത്തേതന്നെ ഭക്ഷ്യലഭ്യത കുറവായ അവിടെ ഇരകൾക്ക് ഭക്ഷണം, രക്ഷാഉപകരണങ്ങൾ, ആരോഗ്യ-വൈദ്യസഹായ ഉപകരണങ്ങൾ എന്നിവയിൽ വലിയ ക്ഷാമം അനുഭവപ്പെട്ടേക്കാം.
രണ്ടാമതായി, സംഘർഷങ്ങളും ബോംബാക്രമണങ്ങളും മൂലം ഇതിനകംതന്നെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നതാണ്. സംഘർഷത്തിന്റെയും അതിദാരിദ്ര്യത്തിന്റെയും ചുറ്റുപാടിൽ വീടുകളുടെ പുനർനിർമാണമോ അറ്റകുറ്റപ്പണികളോ നടത്താനാകുമായിരുന്നില്ല. സ്ഫോടകവസ്തുക്കളുടെ നിരന്തര ഉപയോഗം വീടുകളുടെ തകർച്ചാസാധ്യത വർധിപ്പിച്ചു. കൂടുതൽ മണ്ണിടിച്ചിലിനും വഴിവെച്ചു. ഇത് ഗതാഗതം മുടങ്ങാനും വിദൂര ദേശങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമാക്കാനും കാരണമായി.
മൂന്നാമതായി, അടുത്ത കാലത്തായി വിവേചനവും ശത്രുതയും നേരിടുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും ഒരു വിവേചനവുമുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ അഫ്ഗാനിലേക്ക് അന്താരാഷ്ട്ര സഹായം അടിയന്തരമായി എത്തേണ്ടതുണ്ട്. ഈ മാനുഷിക സഹായദൗത്യം സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രതിനിധികളുൾപ്പെടെ ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി മികച്ച ആസൂത്രണത്തിൽ വേണം നടപ്പാക്കാൻ.
നേരിട്ടുള്ള സഹായം എത്തിക്കുന്നതിലും ഇവിടേക്ക് ദുരിതാശ്വാസ സാമഗ്രികളുടെ ഗതാഗതം സുഗമമാക്കുന്നതിലും അയൽരാജ്യങ്ങൾക്ക് പ്രധാന പങ്ക് വഹിക്കാനാവും. ഗതാഗതം സുഗമമാക്കുന്നതിന് ഇന്ത്യയും മറ്റുരാജ്യങ്ങളും പാകിസ്താനുമായി ചേർന്ന് ഭക്ഷണ-മരുന്ന് വിതരണത്തിന് സഹായിക്കണം.ദുരിതാശ്വാസ ഫണ്ടുകളുടെ വർധിത ആവശ്യം നിലനിൽക്കുന്ന ഈ ഘട്ടം അമേരിക്ക അഫ്ഗാനിൽനിന്ന് 'കൊള്ള'ചെയ്ത 3.5 ബില്യൺ ഡോളർ തിരിച്ചുനൽകേണ്ട ഉചിതമായ സമയമാണ്.
ഫെബ്രുവരിയിൽ അഫ്ഗാനിസ്താന്റെ ഏഴു ബില്യൺ ഡോളറിന്റെ ആസ്തി സ്വതന്ത്രമാക്കിയപ്പോൾ 9/11 ഇരകളെ സഹായിക്കാൻ യു.എസ് 3.5 ബില്യൺ ഡോളർ വകമാറ്റി. 9/11 ദുരന്തബാധിതർ ലഭിക്കാവുന്ന എല്ലാ സഹായവും അർഹിക്കുന്നുണ്ടെങ്കിലും, അതിനുള്ള പണം അമേരിക്കയുടെ സ്രോതസ്സുകളിൽനിന്നാണ് വരേണ്ടതെന്നും ഈ ദരിദ്ര രാജ്യങ്ങളിലൊന്നിന്റെ പരിമിതമായ വിഭവങ്ങളിൽനിന്ന് എടുക്കരുതെന്നുമുള്ള വാദം അക്കാലത്ത് പരക്കെ ഉയർന്നിരുന്നു. അത്യധികം വിനാശകരമായ ഈ ഭൂകമ്പത്തോടെ, 3.5 ബില്യൺ ഡോളർ അമേരിക്ക അഫ്ഗാനിസ്താനിലേക്ക് തിരികെ നൽകണമെന്ന ആവശ്യത്തിന്റെ യുക്തി കൂടുതൽ ശക്തമായി.
സൈനിക ബജറ്റിനായി അമേരിക്ക പ്രതിവർഷം 800 ബില്യൺ ഡോളറും മദ്യത്തിനായി ചെലവിടുന്ന 250 ബില്യൺ ഡോളറും വെച്ചുനോക്കുമ്പോൾ ഈ 3.5 ബില്യൺ ഡോളർ തീരെ ചെറിയൊരു തുകയാണ്. മറുവശത്ത്, വിഭവങ്ങളുടെ കാര്യത്തിൽ കടുത്ത പരിമിതി നേരിടുന്ന അഫ്ഗാനിസ്താന് 3.5 ബില്യൺ ഡോളർ എന്നത് വളരെ വിലപ്പെട്ടതുമാണ്. ഈ തുക ഭൂകമ്പദുരിതത്തിൽപെട്ട ജനങ്ങളിലേക്ക്, വിശിഷ്യാ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി തിരിച്ചെത്തിക്കുന്നതിനായി ഒരു അന്താരാഷ്ട്ര കാമ്പയിൻതന്നെ ഉയരേണ്ടതുണ്ട്.
(നിരവധി പുരസ്കാരങ്ങൾ നേടിയ മാധ്യമപ്രവർത്തകനായ ലേഖകൻ കാമ്പയിൻ ഫോർ സേവ് എർത്ത് നൗ എന്ന കൂട്ടായ്മയുടെ സംഘാടകനാണ്)
നന്ദി: countercurrents.org
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.