'ഞാനാണ് സർവ സൈന്യാധിപൻ, ഒരു യുദ്ധമുണ്ടായാൽ എെൻറ ജനതയെയോ സൈന്യത്തേയോ ഞാൻ കൈയൊഴിയില്ല. എനിക്ക് അധികാരത്തിൽ കൊതിയില്ല, ഇവിടെയൊരു വ്യവസ്ഥയുണ്ടാക്കുവാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. അഫ്ഗാൻ സമൂഹം അതാഗ്രഹിക്കുന്നു. രാജ്യത്തിനു വേണ്ടി മരണം വരിക്കേണ്ടി വന്നാൽ അതിനും ഞാനൊരുക്കമാണ്'.
മേയ് 17ന് പി.ബി.എസ് ന്യൂസ് അവറിൽ സംസാരിക്കവെ അഫ്ഗാനിസ്താൻ പ്രസിഡൻറ് അശ്റഫ് ഗനി പറഞ്ഞ വാക്കുകളാണിത്. താലിബാന് കളം പിടിക്കാൻ കഴിയില്ലെന്നും അമേരിക്ക നൽകുന്ന പിന്തുണ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
മൂന്നു മാസത്തിനിപ്പുറം ആഗസ്റ്റ് 15ന് തന്ത്രപ്രധാന മേഖലകൾ കൈയേറി താലിബാൻ കാബൂളിലേക്ക് പ്രവേശിക്കവെ ഭാര്യയെയും അടുത്ത സഹായികളെയും കൂട്ടി സർക്കാർ വിമാനം കയറി അശ്റഫ് ഗനി ദുഷൻബെയിലേക്ക് പറന്നിരിക്കുന്നു.
കാബൂൾ നഗരഹൃദയത്തിലെ പ്രസിഡൻഷ്യൽ പാലസ് സംരക്ഷിക്കാൻ വഴിതേടവെ അമേരിക്കൻ പോർവിമാനങ്ങളും അപ്പാചെ ഹെലികോപ്റ്ററുകളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെത്തിക്കാനുള്ള തിരക്കിലായിരുന്നു.
താലിബാൻ വളഞ്ഞ നഗരത്തിൽനിന്ന് യു.എസ്. നയതന്ത്ര പ്രതിനിധികളെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിന് മാത്രം സൈനികരെ നിയോഗിക്കാൻ ബൈഡൻ ഭരണകൂടം ശനിയാഴ്ച തീരുമാനിക്കുകയായിരുന്നു.
നയതന്ത്ര ഉദ്യോഗസ്ഥരോട് രേഖകളും യു.എസ് പതാകകളും ഉൾപ്പെടെ എംബസിയിലുള്ള സാധനസാമഗ്രികളെല്ലാം ഒഴിവാക്കാൻ നിർദേശിച്ച ശേഷമായിരുന്നു സഖ്യകക്ഷികളോടും രാജ്യത്തെ സാധാരണ ജനങ്ങളോടും ഇനി സ്വന്തം വഴി കണ്ടെത്തിക്കോളൂ എന്നു പറയുന്ന ഈ തീരുമാനം. അതോടെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ, രണ്ടു ട്രില്യൺ ഡോളർ ചെലവിട്ട യുദ്ധത്തിന് ഔദ്യോഗിക പര്യവസാനമായി.
സ്വന്തം രാജ്യത്ത് രണ്ട് പതിറ്റാണ്ട് അധീശത്വം നടപ്പാക്കിയ വിദേശ ശക്തികളോട് അമിത ആശ്രയത്വം പുലർത്തിയതാണ് ഗനിയുടെ തകർച്ചക്ക് വഴിവെച്ചത്. അമേരിക്ക വന്നത് കൃത്യമായ ഒരു അജണ്ടയുമായാണ്. അത് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതോടെ ഈ രാജ്യം വിട്ട് അവർ കടന്നു കളയുകയായിരുന്നു. മുമ്പ് വിയറ്റ്നാമിലും ഗ്വാട്ടിമാലയിലും എൽസാൽവഡോറിലും പാനമയിലും ക്യൂബയിലും നികരാഗ്വയിലും കോംഗോയിലും ഹൈതിയിലും ഗ്രനേഡയിലും ഗ്രീസിലും കംബോഡിയയിലുമെല്ലാം അവർ ഇതു തന്നെയാണ് ചെയ്തത്. അതാണവരുടെ രീതിയും
താലിബാൻ സേന ഗനിയുടെ പഴയ കാര്യാലയമായ അർഗിലേക്ക് നീങ്ങവെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ സി.എൻ.എന്നിൽ പറഞ്ഞത് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്- അഫ്ഗാനിസ്താനിൽ ഇനിയും ഒന്നോ അഞ്ചോ പത്തോ വർഷം തുടരുക എന്നത് അമേരിക്കയുടെ ദേശീയ താൽപര്യമല്ല. അതായത് താലിബാൻ അതിശക്തരായി നിൽക്കെ ഇനിയും ഒരു പോരാട്ടത്തിന് അമേരിക്കക്ക് തീരെ താൽപര്യമില്ലെന്ന്. 2001ൽ അമേരിക്കൻ സൈനിക അധിനിവേശം ആരംഭിച്ചത് തന്നെ ഈ സായുധ സേനയെ ഇല്ലാതാക്കാനായിരുന്നു.
9/11 ആക്രമണ ശേഷം ഉസാമ ബിൻ ലാദനെ മൂന്നാമതൊരു രാജ്യത്തിന് കൈമാറാമെന്ന് താലിബാൻ സന്നദ്ധത അറിയിച്ചിരുന്നു. അത് വകവെക്കാതെ ഭയാനകമായ വ്യോമാക്രമണങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു അന്നത്തെ ബുഷ് ഭരണകൂടം.
ഒരുവേള പോരാട്ടം നിർത്താനും ആയുധങ്ങൾ കൈയൊഴിയാനും തയാറാണെന്ന് കാണിച്ച് താലിബാൻ മുൻ അഫ്ഗാൻ പ്രസിഡൻറ് ഹമീദ് കർസായിക്ക് എഴുതിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അമേരിക്കൻ പിന്തുണയുള്ള ഗോത്രത്തലവൻ ഗുൽ ആഗ ഷെർസായി ഇടപെട്ടാണത് മുടക്കിയത്.
ഇക്കഴിഞ്ഞ ജൂണിൽ ആറു മാസത്തിനകം കാബൂൾ നഷ്ടപ്പെട്ടേക്കുമെന്നൊരു അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട് വന്നപ്പോളും ഗനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. മുൻപും ഇതുപോലെ ഒരുപാട് പ്രവചനങ്ങൾ വന്നിട്ടുണ്ടെന്നും അതൊക്കെ പൊളിഞ്ഞുപോയില്ലേ എന്നുമായിരുന്നു പെൻറഗൻ ഉന്നതരുമായി സംസാരിക്കാൻ പോകവെ അദ്ദേഹം പറഞ്ഞത്.
അത് സംഭവിക്കുമെന്ന് അമേരിക്കക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ നിർണായക സുരക്ഷാ പിന്തുണ തുടരുമെന്ന യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിെൻറ വാക്കും വിശ്വസിച്ച് നടക്കുകയായിരുന്നു ഗനി.
ഞായറാഴ്ച അൽ ജസീറ റിപ്പോർട്ടർ താലിബാൻ അധികൃതരെ ഉദ്ധരിച്ച് പറഞ്ഞത് കാബൂളിലേക്കുള്ള കടന്നുകയറ്റത്തിന് അമേരിക്കയുടെ ഭാഗത്തുനിന്ന് ഒരു വിയോജിപ്പും ഇല്ലായിരുന്നു എന്നാണ്. കാര്യങ്ങൾ തിരിച്ചറിയുന്നതിലും ജനങ്ങളെ ചേർത്തുപിടിക്കുന്നതിലും പരാജയപ്പെട്ട ഗനിയുടെ കൊട്ടാരത്തിൽ താലിബാൻ സൈനികർ നിരന്നിരിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു. അധികാര കൈമാറ്റം സുഗമമാക്കുന്നതിന് താൽകാലിക കൗൺസിൽ നിലവിൽ വന്ന വാർത്തയും പുറത്തുവന്നിരിക്കുന്നു.
രാജ്യത്തെ വിവിധ രാഷ്ട്രീയ ശക്തികളെ ഒരുമിച്ചു ചേർക്കാനും ഗനിക്ക് കഴിഞ്ഞില്ല. പല രാഷ്ട്രീയ സഖ്യകക്ഷികളെയും ഒതുക്കാനും ചില ന്യൂനപക്ഷങ്ങളോട് വിവേചന ബുദ്ധിയോടെ പെരുമാറാനുമൊക്കെയായിരുന്നു അദ്ദേഹത്തിന് താൽപര്യം. അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനുമായി നയതന്ത്രബന്ധങ്ങൾ മരവിപ്പിച്ചിരിക്കുന്നു. ചില രാജ്യങ്ങളാവട്ടെ അവരെ രാഷ്ട്രീയ ശക്തിയായി അംഗീകരിക്കാനും മുന്നോട്ടുവന്നിരിക്കുന്നു. ഈ ഘട്ടത്തിൽ ഒന്നേ പറയാനുള്ളൂ, പുതിയ സർക്കാർ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാവണം. ഗനിയുടെ സർക്കാർ ദയനീയമായി പരാജയപ്പെട്ട കാര്യമാണത്. രാജ്യത്തിെൻറ പുരോഗതിയിലും വികസനത്തിലും മാത്രം ശ്രദ്ധിക്കണം. യുദ്ധം തകർത്ത് തരിപ്പണമാക്കിയ രാജ്യത്തിെൻറ വീണ്ടെടുപ്പിന് മറ്റൊരു മാർഗവുമില്ല തന്നെ.
(കാബൂളിൽ നിന്നിറങ്ങിയിരുന്ന 'അഫ്ഗാൻ സരിസ'യുടെ എഡിറ്ററായിരുന്നു ലേഖകൻ)
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.