മുഖ്യമന്ത്രി ക്യാമ്പ് ചെയ്തിട്ടും കണ്ണൂർ കോർപറേഷന് എന്ത് പറ്റി?

മുഖ്യമന്ത്രി ക്യാമ്പ് ചെയ്തിട്ടും കണ്ണൂർ കോർപറേഷന് എന്ത് പറ്റി?

കേരളത്തിലെ വിജയ ലഹരിക്കിടയിലും കണ്ണൂർ കോർപറേഷനിൽ നിന്ന് ഉയരുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പാർട്ടിക്കുള്ളിൽ മറുപടി പറയേണ്ടിവരും. ആഴ്ചയിലേറെ കണ്ണൂരിൽ ക്യാമ്പ് ചെയ്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അസിസ്റ്റന്‍റ്​ സെക്രട്ടറി സുകന്യയെ കണ്ണൂർ കോർപ്പറേഷനിൽ മേയർ സ്ഥാനത്തിരുത്താൻ നടത്തിയ അണിയറ നീക്കത്തെ പാർട്ടിയിൽ തന്നെ ഒരുവിഭാഗം തകർത്തു എന്ന നിലയിലാണ് അകത്തളങ്ങളിലെ സംസാരം. കോർപറേഷനിൽ എട്ട് ഡിവിഷനുകളിലാണ് എൽ.ഡി.എഫ്. മൂക്ക് കുത്തി വീണത്.

കോർപറേഷൻ കൈവിട്ടുപോകാനിടയായ സാഹചര്യങ്ങൾ പഠിക്കാൻ സി.പി.എം കമ്മീഷനെ നിർത്തുമെന്നാണ് കേൾക്കുന്നത്. കേരളത്തിലെ മൊത്തം വിജയത്തിെൻറ പകിട്ട് തകർക്കുന്ന രണ്ട് കാര്യങ്ങളാണ് കണ്ണൂർ ജില്ലയിൽ ഇത്തവണ ഉണ്ടായത്. എക്കാലവും സ്വന്തമാക്കി വെച്ചിരുന്ന ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ടിടത്ത് മേധാവിത്വം നഷ്ടപ്പെട്ടു. കണ്ണൂർ കോർപറേഷനിൽ പാർട്ടി പ്ലാൻ ചെയ്ത ഭരണ സംവിധാനത്തിലേക്ക് കടന്നു ചെല്ലാനാവാത്ത വിധം പരാജയപ്പെട്ടു.

കോർപറേഷന്‍റെ ആദ്യത്തെ ഭരണസമിതിയിൽ 27 സീറ്റുകൾ വീതം നേടി കഴിഞ്ഞ തവണ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. കോൺഗ്രസ് വിമതനെ പിടിച്ചാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ്. ഭരണം കയ്യാളിയത്. ഇത്തവണ 27 സീറ്റിൽ നിന്ന് ഇടതുമുന്നണി 19 സീറ്റിലേക്ക് താണു. യു.ഡി.എഫ് 27ൽ നിന്ന് 34 ലേക്ക് ഉയർന്നു. യു.ഡി.എഫിനെ തളർത്താൻ മൂന്ന് ഡിവിഷനുകളിൽ പ്ലാൻ ചെയ്ത ഓപ്പറേഷന്‍റെ ഫലമായി ഒരു ബി.ജെ.പി അംഗം കോർപറേഷനിൽ ആദ്യമായി കടന്നു വന്നു. മറ്റൊരിടത്ത് ഒരു കോൺഗ്രസ് വിമതനും ജയിച്ചു.

ഫലത്തിൽ കഴിഞ്ഞ തവണത്തെക്കാൾ കെട്ടുറപ്പുള്ള അംഗബലത്തിൽ കോർപറേഷൻ യു.ഡി.എഫിെൻറ കയ്യിലെത്തി. പോളിങ്ങിെൻറ അവസാനത്തെ ഒരാഴ്ചയിലേറെ മുഖ്യമന്തി പിണറായി വിജയൻ കണ്ണൂരിലായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി നേരിട്ടാണ് കോർപറേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ജില്ലാ സെക്രട്ടറിയേറ്റിൽ സംഘാടന ശേഷിയുള്ള ഒരാളെ കോർപറേഷൻ തെരഞ്ഞെടുപ്പിെൻറ ചുക്കാൻ പിടിക്കാൻ മുഴുസമയം നിർത്തി. ഇതെല്ലാമായിട്ടും കോർപറേഷൻ കൈവിട്ടു പോവുകമായിരുന്നു.

മേയർ പദവിയിലെ 'വർഗ' വിവാദം

നാല് കാര്യങ്ങളിലാണ് കോർപറേഷനിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഉത്തരം പറയേണ്ടി വരിക.

1.പുരുഷന് കോർപറേഷൻ മേയറാവാൻ പറ്റുന്ന ഒരിടത്ത് വനിതാ മേയർ സ്ഥാനാർഥിയെ കൊണ്ടു വന്നത് കോർപറേഷനിലെ അണികൾ ഇഷ്ടപ്പെട്ടില്ലേ?

2. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവനെ മേയർ സ്ഥാനാർഥിയാക്കാതിരുന്നതിൽ തൊഴിലാളികളിൽ അസ്വാരസ്യമുണ്ടായോ?

3. മുനസിപ്പിലിറ്റിയിൽ പ്രതിപക്ഷനേതാവായിരുന്ന അഡ്വ. പി.കെ. അൻവർ ജില്ലാ അഡീഷണൽ ഗവ. പ്ലീഡർ ആൻഡ്‌ പബ്ലിക്‌ പ്രോസിക്യുട്ടർ സ്ഥാനം രാജിവച്ച് കോർപറേഷനിൽ മൽസരിക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ അതിന് മുകളിൽ നിൽക്കാവുന്ന വിധം മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അസി.സെക്രട്ടറിയെ സ്ഥാനാർഥിയായി രംഗത്തിറക്കിയത് പാർട്ടിയിലെ ന്യൂനപക്ഷ വിഭാഗത്തിന് ഇഷ്ടമായില്ലേ?

4..പാർട്ടിയുടെ തീരുമാനത്തെ ലംഘിക്കുന്ന പ്രകടമായ അടിയൊഴുക്കിന് ആരെല്ലാം ഉത്തരവാദിയാണ്?

മേൽപറഞ്ഞ നാല് കാര്യങ്ങളിൽ ഒരു തരം 'വർഗ'രാഷ്ട്രീയം തന്നെ ഒളിഞ്ഞു നിൽക്കുന്നുണ്ട്. അത് കാണാൻ നേതൃത്വത്തിന് കഴിഞ്ഞില്ല.


സുകന്യ വന്ന വഴി

കോർപറേഷനിലെ സ്ഥാനാർഥി പട്ടികയിൽ മേയർ പദവിയിലിരിക്കാൻ പറ്റുന്ന ഭരണ നൈപുണ്യമുള്ള രണ്ട് പുരുഷൻമാർ വേറെ ഉണ്ട്. യാദൃശ്​ചികമായി കഴിഞ്ഞ തവണ ഭരണം കിട്ടിയപ്പോൾ വനിതാ സംവരണ മേയർ പദവി അത്രയൊന്നും പരിചിതയല്ലാത്ത ലതയെ ആണ് ഏൽപിച്ചത്. അപരിചിതയായതിനാൽ അവരുടെ കാര്യങ്ങൾ നോക്കിയിരുന്നത് പാർലമെന്‍ററി പാർടി നേതാവായിരുന്ന എൻ. ബാലകൃഷ്‌ണൻ മാസ്റ്ററാണ്. അദ്ദേഹത്തിന് പുറമെ മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷനേതാവായും രാഷ്ട്രീയ മേഖലയിലും കണ്ണൂരിൽ അറിയപ്പെടുന്ന അഡ്വ. പി.കെ. അൻവറും മേയർ സ്ഥാനത്തേക്ക് യോഗ്യനായിരുന്നു. ഇതിനെല്ലാം പുറമെ തൊഴിലാളി മേഖലയിൽ സംസ്ഥാനത്താകെയും കണ്ണൂരിലെ വ്യാപാരി വ്യവസായികൾക്കിടയിലും അറിയപ്പെടുന്ന പാർട്ടിയിെല മുതിർന്ന നേതാവ് കെ.പി. സഹദേവനുണ്ട്. സഹദേവൻ സ്ഥാനാർഥി പട്ടിയിൽ കടന്നു വന്നില്ല.

സമീപകാലത്ത് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായ സുകന്യയെ ആണ് കോർപറേഷനിൽ പാർട്ടി ഉയർത്തി കാട്ടിയത്. വനിതകൾക്ക് സംവരണം ചെയ്യാത്ത ഒരു പദവിയിലേക്ക് വനിതയെ കൊണ്ടുവരാൻ മാത്രം നേതൃദാരിദ്ര്യം കണ്ണൂരിലില്ല. സുകന്യയെ കൊണ്ടുവരാൻ ചില പാശ്ചാത്തലങ്ങൾ കൂടിയുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് നിലവിലെ വൈസ് പ്രസിഡൻറ് പി.പി. ദിവ്യയെ മൽസരിപ്പിക്കുേമ്പാൾ അവരെക്കാൾ സീനിയറായ സുകന്യ തഴയപ്പെടുമെന്ന് മഹിളാ അസോസിയേഷൻ ശക്തമായി ചൂണ്ടികാട്ടിയിരുന്നതായി പറയുന്നു. ഫസല്‍ വധക്കേസ് പ്രതിയായതിനെതുടർന്നുള്ള കോടതിവിധിക്ക് ശേഷം കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചപ്പോൾ താൽകാലിക ചുമതല ദിവ്യയെ ഏൽപിച്ചപ്പോൾ ജനറൽ സീറ്റിൽ വനിതയെ നിർത്താൻ മാത്രം എന്താണ് കാര്യമെന്ന് ചോദ്യമുയർന്നിരുന്നു. അതിന് ശേഷമാണ്. കെ.വി.സുമേഷ് അധ്യക്ഷനായത്. സുമേഷിനെ പുറത്തിരുത്തി ദിവ്യക്ക് ചുമതല നൽകിയപ്പോൾ ഉയർന്ന അതേ ചോദ്യമാണ് സുകന്യയെ ജനറൽ മേയർ പദവിയിൽ കോർപറേഷനിൽ ഉയർത്തികാട്ടിയപ്പോൾ ഉന്നയിക്കപ്പെട്ടത്.

തളിപ്പറമ്പ് എം.എൽ.എയായ ജയിംസ്മാത്യുവിെൻറ ഭാര്യയാണ് സുകന്യ. ആന്തൂർ നഗരസഭയിൽ വ്യവസായി ആത്മഹത്യ ചെയ്ത വിവാദത്തിൽ പെട്ടിരുന്ന മുനിസിപ്പാൽ ചെയർപേഴ്സൺ പി.കെ. ശ്യാമളക്ക് നിയമസഭയിലേക്ക് വഴിയൊരുക്കാൻ സുകന്യയെ കോർപറേഷനിൽ കുരുക്കിയിടുകയായിരുന്നുവെന്നും പറയപ്പെട്ടു. കോർപറേഷൻ ഭരണം കിട്ടാതായതോടെ സംഭവിച്ചതും അതാണ്. സുകന്യ വെറും കോർപറേഷൻ കൗൺസിലറായി കണ്ണൂരിൽ ഇനി ഒതുങ്ങണം.


അപ്രതീക്ഷിത തിരിച്ചടി

കോർപറേഷനിൽ ഇങ്ങനെയൊരു തിരിച്ചടി സി.പി.എം. ചിന്തിച്ചിട്ട് പോലുമില്ല. കഴിഞ്ഞ കോർപറേഷനിലെ പാർലമെൻറ് പാർട്ടി നേതാവായ ബാലകൃഷ്ണൻ മാസ്റ്റർ തലകുത്തി വീണത് സി.പി.എമ്മിെൻറ എക്കാലത്തെയും കോട്ടയായ തോട്ടട ഡിവിഷനിലാണ്. കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് കിട്ടിയ വോട്ട് ഇവിടെ അദ്ദേഹം പിടിച്ചിരുന്നു. പക്ഷെ, ഒരിക്കലും കിട്ടാത്ത വോട്ട് മാർജിൻ നേടിയാണ് യു.ഡി.എഫ് ഇവിടെ ജയിച്ചത്. തോറ്റുപോയ എട്ട് ഡിവിഷനുകളിൽ പകുതിയിലേറെയും മുന്നൂറ് മുതൽ നാനൂറ് വരെ വോട്ടുകൾ കഴിഞ്ഞ തവണത്തെക്കാൾ ഇടതുമുന്നണിക്ക് ചോർന്നു.

കോർപറേഷനിൽ നേരിയ ഭൂരിപക്ഷമേ ഉണ്ടാവുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ ഇടതുപക്ഷം യു.ഡി.എഫിെൻറ സിറ്റിങ്​ സീറ്റിൽ വിള്ളൽ വരുത്താനുള്ള ഓപറേഷനാണ് ആവീഷ്കരിച്ചത്. ബി.ജെ.പി ജയിച്ചു കയറാനിടയുള്ള മൂന്ന് ഡിവിഷനുകളിൽ അവർ ജയിച്ചു വന്നാൽ കോർപറേഷനിലെ യു.ഡി.എഫിെൻറ അംഗബലം ചുരുക്കി തങ്ങൾക്ക് അധികാരത്തിൽ വരാമെന്ന് ഇടതുപക്ഷം ചിന്തിച്ചു. കോൺഗ്രസിലെ രണ്ട് വിമതരെയും അവസാന വട്ടം നിരീക്ഷണത്തിന് ശേഷം വിജയിപ്പിക്കാൻ കരു നീക്കി. ബി.ജെ.പി വിജയിച്ച ഡിവിഷനിലെ വോട്ട് നില ഈ ചിന്തയെ പ്രതിഫലിപ്പിക്കുന്നു. ബി.ജെ.പി ജയിച്ച പള്ളിക്കുന്ന് വാർഡിൽ യു.ഡി.എഫ് കഴിഞ്ഞ തവണത്തെ വോട്ട് പിടിച്ചു നിർത്തി. എന്നാൽ. ഇടതുമുന്നണി കഴിഞ്ഞ തവണത്തെ വോട്ട് ചോർന്ന് മൂന്നാം സ്ഥാനത്തായി. മറ്റ് രണ്ട് ഡിവിഷനുകളിൽ ഒന്ന് കോൺഗ്രസ് വിമതനാണ് ജയിച്ചത്. ഇവിടെയും വോട്ട് നില ഒത്തുകളിയുടെ സൂചകമാണ്.

മുഖ്യമന്ത്രി കണ്ണൂരിൽ ക്യാമ്പ് ചെയ്ത് കൊണ്ടുള്ള ഇടതുമുന്നണിയുടെ ഈ തന്ത്രം തകർക്കുന്നതിന് കെ. സുധാകരൻ മറുഭാഗത്ത് ഓരോ വീടുകളിലും രാവും പകലും സന്ദർശിച്ച് പഴുതടക്കുകയായിരുന്നു. കോർപറേഷനിൽ കഴിഞ്ഞ തവണ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കി നേടിയ ചില ഡിവിഷനുകളിൽ ഇടതുമുന്നണി ഇത്തവണ വിയർത്തു. കോർപറേഷനിൽ രണ്ടിടത്ത് ഒറ്റക്ക് മൽസരിച്ചുവെങ്കിലും വെൽഫെയർ പാർട്ടി മറ്റ് ചില ഡിവിഷനുകളിൽ കോൺഗ്രസ്-മുസ്​ലിംലീഗ് കക്ഷികളെ അടിയൊഴുക്കിൽ നിന്ന് രക്ഷിക്കാനുള്ള അണിയറ നീക്കം നിർവഹിച്ചു.

രണ്ട് വോട്ടിന് വിമതനോട് കോൺഗ്രസ് സ്ഥാനാർഥി ജയിച്ചു കയറിയ തായത്തെരു ഡിവിഷനിൽ ഉൾപ്പെടെ അറിയപ്പെടാത്ത ഈ അണിയറ നീക്കമാണ് ഇടതുമുന്നണിക്ക് തിരിച്ചടിയായത്. മുസ്​ലിംലീഗ് പ്രതീക്ഷ പോലും അർപ്പിച്ചിട്ടില്ലാത്ത ചില സംവരണ മണ്ഡലങ്ങൾ ഇടതുമുന്നണിയുടെ അടിയൊഴുക്കിൽ അൽഭുതകരമായി അട്ടിമറിയുകയായിരുന്നു. കോർപറേഷനിൽ ഉണ്ടായ ഈ തിരിച്ചടിയുടെ കാരണം സി.പി.എം അന്വേഷിച്ച് കണ്ടുപിടിച്ചാലും കഴുകി തീരാത്തതാണ് അതിെൻറ പേരിൽ അണികളിൽ ഉയർന്നിരിക്കുന്ന രാഷ്ട്രീയമായ നിരാശ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.