നടുവിൽ (കണ്ണൂർ): സ്ഥാനാർഥിക്ക് ചിഹ്നം ലഭിക്കണമെങ്കിൽ രാഷ്ട്രീയപാർട്ടികളുടെ ഔദ്യോഗിക കത്ത് വേണം. ഒരുവാർഡിൽ ഒരാൾക്കാണ് ഔേദ്യാഗിക ചിഹ്നം ലഭിക്കുക. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ നടുവിൽ പഞ്ചായത്തിലെ കോൺഗ്രസ് ഈ കീഴ്വഴക്കം 'തിരുത്തിക്കുറിച്ചു'. പഞ്ചായത്തിലെ ആറാം വാർഡായ പാത്തൻപാറയിൽ രണ്ട് സ്ഥാനാർഥികൾക്കാണ് ചിഹ്നം അനുവദിച്ച് ഡി.സി.സി പ്രസിഡൻറ് കത്ത് നൽകിയത്.
സ്ഥാനാർഥിത്വത്തെ ചൊല്ലി തർക്കം രൂക്ഷമായ വാർഡിൽ ആൻറണി കുര്യനും സെബാസ്റ്റ്യൻ വർഗീസുമാണ് കൈപ്പത്തി ചിഹ്നം ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡിൻറിെൻറ കത്ത് ഹാജരാക്കിയത്. കത്ത് വ്യാജമാണെന്ന ആക്ഷേപം ഒരു കൂട്ടർ ഉയർത്തിയതോടെ റിട്ടേണിങ് ഓഫിസർ ആധികാരികത തേടി ഡി.സി.സി പ്രസിഡൻറിനെ നേരിട്ട് വിളിച്ച് വിശദീകരണം തേടി. ആൻറണിക്ക് അറിയാതെ കത്ത് നൽകിയതാണെന്നും, യഥാർഥ സ്ഥാനാർഥി സെബാസ്റ്റ്യൻ ആണെന്നും വിശദീകരിച്ച ഡി.സി.സി പ്രസിഡൻറ് റിട്ടേണിങ് ഓഫിസർക്ക് മറുപടി ഇ മെയിൽ ചെയ്തു നൽകി. എന്നാൽ, ഇതുകൊണ്ടൊന്നും കളം വിടാൻ ആൻറണി തയ്യാറല്ല. 'കൈപ്പത്തി' അനുവദിച്ചില്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നാണ് ഇദ്ദേഹത്തിെൻറ നിലപാട്.
കോൺഗ്രസ് ഐ ഗ്രൂപ്പിൽപെട്ടവരാണ് രണ്ടു സ്ഥാനാർഥികളും. ആൻറണിയെ തന്നെ ആയിരുന്നത്രെ ആദ്യം സ്ഥാനാർഥിയായി ഡി.സി.സി പ്രഖ്യാപിച്ചതും കത്ത് നൽകിയതും. തർക്കങ്ങൾക്കും ചർച്ചകൾക്കൊടുവിൽ സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കാനും ആൻറണിയെ ഒഴിവാക്കാനും തീരുമാനിക്കുകയായിരുന്നുവത്രെ. അണിയറനീക്കം ആൻറണിയെ നേരിട്ട് അറിയിക്കുക പോലും ചെയ്തില്ലെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.