കായംകുളം: ഗ്രൂപ്പുപോരും തമ്മിലടിയും സ്ഥാനാർഥി തർക്കങ്ങളും കാരണം നേതാക്കളുടെ കൂട്ടത്തോൽവിയിൽ കോൺഗ്രസിനുള്ളിൽ അസംതൃപ്തി പുകയുന്നു. ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും മത്സരിച്ച മുതിർന്ന നേതാക്കളാണ് പാളയത്തിലെ പട കാരണം കാലിടറി വീണത്. ഇടതുതരംഗത്തിന് ആക്കം കൂട്ടുന്ന തരത്തിൽ പാർട്ടിക്കുള്ളിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിക്ക് കാരണമായത്. സ്ഥാനാർഥി നിർണയം കഴിഞ്ഞതോടെ കെ.പി.സി.സി-ഡി.സി.സി ഭാരവാഹികൾ കോവിഡ് ബാധിതരായി കൂട്ടത്തോടെ ക്വാറൻറീനിൽ പോയത് ഏകോപനത്തിനും തടസ്സമായി.
രോഗം ഭേദമായി പലരും പുറത്തിറങ്ങിയപ്പോഴേക്കും താഴെതട്ടിൽ കാര്യങ്ങൾ കൈവിട്ടിരുന്നു. തെരഞ്ഞെടുപ്പിന് നേതൃപരമായി ഇടപെടൽ നടത്തുന്നതിലും നേതൃത്വത്തിന് പരാജയം സംഭവിച്ചു. ഒരിടത്തും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിക്കാനാകാതിരുന്നതാണ് പ്രശ്നമായത്.
സ്ഥാനാർഥികളും സുഹൃത്തുക്കളും സ്വന്തംനിലക്ക് പ്രചാരണം നടത്തേണ്ട സാഹചര്യമായിരുന്നു. ഏകോപനമില്ലായ്മ കാരണം സംഭവിച്ച പരാജയങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അണികളുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്. കെ.പി.സി.സി ഭാരവാഹികളടക്കമാണ് പരാജയത്തിെൻറ രുചി അറിഞ്ഞതെന്നതാണ് ശ്രദ്ധേയം. കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ കൃഷ്ണപുരം ജില്ല ഡിവിഷനിൽ പരാജയപ്പെട്ടപ്പോൾ മറ്റൊരു സെക്രട്ടറി എൻ. രവി കൃഷ്ണപുരം പഞ്ചായത്ത് വാർഡിലാണ് തോൽവി അറിഞ്ഞത്.
സീറ്റിനായി നേതാക്കൾ തമ്മിൽ പിടിവലി നടന്ന ഭരണിക്കാവ് ഡിവിഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി അവിനാശ് ഗംഗനും പത്തിയൂരിൽ കെ.എസ്.യു ജില്ല സെക്രട്ടറി വിശാഖ് പത്തിയൂരും തോൽവി അറിഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭ മുൻ ചെയർപേഴ്സനുമായ ഗായത്രി തമ്പാനും കെ.എസ്.യു ജില്ല പ്രസിഡൻറ് നിതിൻ എ. പുതിയിടവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. രാജേന്ദ്രനും നഗരസഭ വാർഡിലാണ് പരാജയപ്പെട്ടത്. ഇതിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നിർദേശം മറികടന്ന് മത്സരിക്കാൻ എത്തിയ കെ.എസ്.യു നേതാവിനെ ആയിരത്തോളം വോട്ടിൽ 68 പേരാണ് പിന്തുണച്ചത്. ഇവിടെ വാർഡ് കമ്മിറ്റിയുടെ സ്ഥാനാർഥിയായി മത്സരിച്ച വിമതനാണ് വിജയിച്ചത്. കെ.എസ്.യു ജില്ല സെക്രട്ടറി സുറുമി ഷാഹുൽ പഞ്ചായത്തിലേക്ക് അഞ്ച് വോട്ടിനും യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മീനു സജീവ് ബ്ലോക്ക് ഡിവിഷനിലേക്ക് ആറ് വോട്ടിനും പരാജയപ്പെട്ടതിന് പിന്നിലും പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണെന്നാണ് വിമർശനമുയരുന്നത്. കൂടാതെ മറ്റിടങ്ങളിലെ തോൽവികൾക്കും പ്രകടമായ ഗ്രൂപ്പുതർക്കങ്ങൾ പ്രധാന കാരണമായതായി ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.