കാളികാവ്: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മത്സരം തീപാറിയപ്പോൾ വാർഡിൽ പന്തയങ്ങളുടെ പെരുമഴക്കാലം. എക്കാലത്തും ലീഗിെൻറ ഉരുക്ക് കോട്ടയായിരുന്ന ഒന്നാം വാർഡ് കർത്തേനിയിൽ തീപാറും പോരാട്ടമാണ് ഇക്കുറി അരങ്ങേറിയത്. ലീഗിൽനിന്ന് 2015ൽ പിടിച്ചെടുത്ത സീറ്റ് നിലനിർത്താൻ പഞ്ചായത്തംഗം സി.ടി. സക്കറിയയുടെ നേതൃത്വത്തിൽ സി.പി.എം അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോൾ ത്രികോണ മത്സരത്തിൽ നഷ്ടമായ സീറ്റ് എന്ത് വില കൊടുത്തും തിരിച്ചുപിടിക്കാനുള്ള മരണക്കളിയാണ് യു.ഡി.എഫ് കളിച്ചത്.
അതിനാൽ വിലപ്പെട്ട പന്തയങ്ങളാണ് വാർഡിൽ പിറവിയെടുത്തത്. ജീവിതോപാധിയായ ഓട്ടോറിക്ഷ വരെ ചിലർ പന്തയം വെച്ചു. പുറമെ ബൈക്കുകൾ, മൊബൈൽ ഫോൺ, തല മൊട്ടയടിക്കൽ, പാലിയേറ്റിവിന് സംഭാവന എന്നിങ്ങനെ ചെറുതും വലുതുമായ പന്തയങ്ങൾ നിരവധി. എന്നാൽ, എൽ.ഡി.എഫ് സീറ്റ് നിലനിർത്തി വിജയം നേടിയപ്പോൾ പന്തയം വെച്ച വസ്തുക്കൾ സന്തോഷപൂർവം വിട്ടുകൊടുക്കാൻ ബന്ധപ്പെട്ടവർ തയാറായി മാതൃകയായി. അതിൽ പാലിയേറ്റിവിന് നൽകാമെന്ന് പന്തയം വെച്ച 10,000 രൂപ മാത്രമാണ് കൊടുക്കേണ്ടി വന്നത്.
രണ്ടു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും ഉടമകൾക്ക് തന്നെ നൽകി. വാശിയേറിയ പ്രചാരണത്തിനിടെ അയൽവാസികളും അടുത്ത സുഹൃത്തുക്കളുമാണ് പരസ്പരം കൊമ്പുകോർത്ത് പന്തയത്തിനിറങ്ങിയത്. ഫലം പുറത്ത് വരികയും ആഹ്ലാദ പ്രകടനം കഴിയുകയും ചെയ്തതോടെ വിജയികളുടെ മനസ്സ് മാറി പന്തയ വസ്തുക്കളെല്ലാം സുഹൃത്തുക്കൾക്ക് വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.