കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കിട്ടിയ ജയത്തിന് പിന്നിൽ കത്തോലിക്ക സഭയുടെ ഇടപെടലും. വിമോചന സമരകാലത്തിനും മുേമ്പ തുടങ്ങിയ കമ്യൂണിസ്റ്റ് വിരുദ്ധത മറന്ന് കത്തോലിക്ക സഭാ വിശ്വാസികൾ പോളിങ് ബൂത്തിലേക്ക് പോയതാണ് യഥാർഥത്തിൽ ഇടതുമുന്നണിക്ക് ഗുണകരമായത്. മധ്യകേരളത്തിലെ യാഥാസ്ഥിതിക ക്രൈസ്തവർക്ക് വോട്ടുകുത്താൻ പാകത്തിൽ മിക്ക സ്ഥാനാർഥികൾക്കും പാർട്ടി ചിഹ്നം ഒഴിവാക്കി നൽകി സി.പി.എമ്മും അവസരമൊരുക്കി. എന്നാൽ, മലബാർ മേഖലയിൽ പാർട്ടി ചിഹ്നമാണെങ്കിലും വോട്ടുചെയ്യാനുള്ള നിർദേശമാണ് സഭാനേതാക്കൾ പരോക്ഷമായി നൽകിയത്.
ചരിത്രത്തിലാദ്യമായി ക്രിസ്ത്യൻ വോട്ട് ധ്രുവീകരണം സംഭവിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയതെന്ന് സഭാ നേതൃത്വവും ചൂണ്ടിക്കാണിക്കുന്നു. സാധാരണ തെരഞ്ഞെടുപ്പിനുമുമ്പ് ഇടയലേഖനം ഇറക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. എന്നാൽ, സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കണമെന്ന് ആർച്ച് ബിഷപ്പും മറ്റ് ബിഷപ്പുമാരും ആഹ്വാനം ചെയ്തിരുന്നു. സാമ്പത്തിക സംവരണം നടപ്പാക്കിയതും എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിൽ നിലനിന്ന ആശയക്കുഴപ്പം പരിഹരിച്ചതും ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമീഷനെ നിയോഗിച്ചതും യു.ഡി.എഫിനെക്കാൾ ഇടതുസർക്കാർ സഭയെ പരിഗണിച്ചതിന് തെളിവായി മതമേലധ്യക്ഷന്മാർ ചൂണ്ടിക്കാട്ടിയതോടെ ഉദ്ദേശ്യം വ്യക്തമായിരുന്നു.
മാത്രമല്ല കേരള കോൺഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോയതിനെ വിവിധ ക്രൈസ്തവ സഭ നേതാക്കളിൽ ആരും തള്ളിപ്പറഞ്ഞതുമില്ല. യു.ഡി.എഫ് നിയന്ത്രിക്കുന്നത് മുസ്ലിം ലീഗ് ആണെന്നും അവിടെനിന്നാൽ ൈക്രസ്തവർക്ക് ഗുണം കിട്ടില്ലെന്നുമുള്ള പ്രചാരണം വിശ്വാസികൾക്കിടയിൽ ബോധപൂർവം നടത്താൻ വിശ്വാസികളുടെ വിവിധ ഗ്രൂപ്പുകൾ ശ്രദ്ധിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തിനു മാത്രം കിട്ടാൻ ഇതാണ് കാരണമെന്ന വാദത്തിന് വലിയ സ്വീകാര്യതയും കിട്ടി. മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമീഷൻ റിപ്പോർട്ടിനെ തുടർന്ന് ആരംഭിച്ച മൈനോറിറ്റി കോച്ചിങ് സെൻററുകളുടെ േപരിൽ വ്യാപക പ്രചാരണമാണ് നടന്നത്.
ന്യൂനപക്ഷ ക്ഷേമത്തിെൻറ പേരിൽ നൽകുന്ന ആനുകൂല്യങ്ങളിൽ 80 ശതമാനം മുസ്ലിം വിഭാഗം കൊണ്ടുപോകുന്നുവെന്നും ബാക്കി 20 ശതമാനം മാത്രമാണ് തങ്ങൾക്ക് കിട്ടുന്നതെന്നും പ്രചരണം നടന്നു. നീതിപൂർവമായ വീതംവെക്കൽ എന്നാൽ 58-- 42 എന്നതാണെന്നും പ്രചരിപ്പിച്ചു. ഇതുസംബന്ധിച്ച നിരവധി നിവേദനങ്ങൾ അധികൃതർക്ക് സമർപ്പിക്കപ്പെടുകയും ചെയ്തു. ലീഗിനെതിരെ മറ്റു രീതികളിലും പ്രചരണങ്ങളും നടന്നു.
മലബാറിലെ കുടിയേറ്റ കർഷകർ ഈ വാദം ഏറ്റെടുത്തതോടെ മധ്യകേരളത്തിൽ കൂടാതെ വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ മലയോര മേഖലകളിൽ യു.ഡി.എഫ് കൈയടക്കിയിരുന്ന പല പഞ്ചായത്തുകളും യു.ഡി.എഫിന് നഷ്ടപ്പെട്ടു. സുൽത്താൻ ബത്തേരി, നിലമ്പൂർ നഗരസഭകളും ഉദയഗിരി പഞ്ചായത്തുമെല്ലാം ഇങ്ങനെ യു.ഡി.എഫിന് തിരിച്ചടിയേറ്റ സ്ഥലങ്ങളാണ്. തീരദേശത്ത് ലത്തീൻ വിശ്വാസികളും എൽ.ഡി.എഫിന് വോട്ടുകുത്തിയതോടെ ആലപ്പുഴയിലും സമാന സ്ഥിതിയുണ്ടായി.
ഫലത്തിൽ ക്രൈസ്തവർക്കിടയിൽ മുസ്ലിം ഇതര വികാരം ശക്തിപ്പെടാനാണ് മാണിഗ്രൂപ്പിെൻറ ഇടതുമുന്നണി പ്രവേശനവും തുടർന്നു ഇടതുമുന്നണി മുൻകൈ എടുത്തു നടത്തിയ തെരഞ്ഞെടുപ്പു പ്രചരണവും വഴിയൊരുക്കിയത്. തൊടുപുഴയിലെ കൈവെട്ട് കേസും തുർക്കിയിലെ ഹാഗിയ സോഫിയ വിവാദവും ഉയർത്തിക്കാട്ടി ഇൗ വികാരം ആളിക്കത്തിക്കാനും ശ്രമം നടന്നു.
കൂട്ടുകെട്ട് വിജയം കണ്ട സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാനുള്ള നടപടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഭരണം തീരാൻ മാസങ്ങൾമാത്രം അവശേഷിക്കെ കഴിയുന്നത്ര ആവശ്യങ്ങൾ നേടിയെടുക്കാൻ സഭ ശ്രമിക്കുന്നുണ്ട്.
ഒപ്പം, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ വിശ്വാസത്തെ എതിർക്കുന്നില്ലെന്നും തൊഴിൽ സമരങ്ങളും മറ്റും നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇടഞ്ഞു നിൽക്കുന്ന വിശ്വാസികളെ കൂടെ നിർത്താനും ശ്രമം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.