ഇന്നോളമറിയാത്ത ഭരണകൂട രഹസ്യങ്ങളുടെ കലവറ തുറക്കുകയാണ് ജോസി ജോസഫിന്‍റെ 'നിശബ്ദ അട്ടിമറി' എന്ന പുസ്തകം. ജീവിത സ്വാതന്ത്ര്യത്തിന്‍റെ കൊടുങ്കാടുകൾ ഉണ്ടായിരുന്ന നാട് എങ്ങനെ മരുഭൂമിയായി മാറുന്നുവെന്ന അന്വേഷണമാണ് ജോസി നടത്തുന്നത്. ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത്, ടി.ഡി. രാമകൃഷ്ണന്റെ ‘അന്ധര്‍ ബധിരര്‍ മൂകർ," "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്നീ നോവലുകൾ വായനയിൽ സൃഷ്ടിക്കുന്ന ഭീതിക്കും അപ്പുറമാണ് ജോസിയുടെ ഈ അനുഭവകഥ. എഴുത്തുകാരുടെ ഭാവനയിൽ വിരിയുന്ന മിത്തും യാഥാർത്ഥ്യവും തമ്മിൽ ഇടകലർന്നാണ് സാഹിത്യ കൃതികളിൽ ആവിഷ്കരിക്കുന്നത്. ഒരുപക്ഷേ അതിനേക്കാൾ ഭയാനകമാണ് ജോസിന്റെ അനുഭവങ്ങളുടെ സത്യസന്ധമായ എഴുത്ത്. മുസ്ലിംകളെ കേസുകളിൽ കുടുക്കുക എന്ന ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ വേട്ടയുടെ കഥകൂടിയാണ് ഈ പുസ്തകം.
ഇന്ത്യൻ ഭരണകൂടം സ്വന്തം ജനതക്കെതിരായി നടത്തുന്ന ആഭ്യന്തര യുദ്ധത്തിൻറെ ചരിത്രമാണ് അദ്ദേഹം അടയാളപ്പെടുത്തുന്നത്. വസ്തുനിഷ്ഠമായ തെളിവുകളുടെ പിൻബലത്തിലാണ് നരേന്ദ്ര മോദിയുടെ സുരക്ഷാ വാസ്തുവിദ്യയുടെ ലോകത്തെ, അഥവാ അധോലോകത്തെ അവതരിപ്പിക്കുന്നത്. അത് ഗുജറാത്തിനു വേണ്ടി സൃഷ്ടിച്ചതും 2014ൽ ദേശീയ തലസ്ഥാനത്തേക്ക് വ്യാപിച്ചതുമായ സുരക്ഷ വിദ്യയാണെന്ന് ഈ പുസ്തകം പറയുന്നു. അതിന് ജനാധിപത്യ വിരുദ്ധമായൊരു മുഖമുണ്ട്. സാധാരണ പൗരന് അപരിചിതമായ ഭരണകൂട ഭീകരതയുടെ ഇരുണ്ട ലോകത്തിലേക്കാണ് നമ്മെ ജോസി കൂട്ടിക്കൊണ്ടുപോകുന്നത്.
ഇപ്പോൾ നടക്കുന്നതൊന്നും മോദി പുതുതായി കണ്ടുപിടിച്ച ഒരു വിദ്യയല്ല. പല സർക്കാരുകളും പല കാലങ്ങളിലായി ഉപയോഗിച്ച വിദ്യയുടെ അത്യാധുനിക രൂപമാണിത്. രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിർദേശങ്ങൾക്കും ഇച്ഛകൾക്കും അനുസരിച്ച് നമ്മുടെ സേന പ്രവർത്തിക്കുമ്പോൾ ജനാധിപത്യത്തിന്റെ വഴികളെല്ലാം ഇരുണ്ടതാവും. അടിയന്തരാവസ്ഥ കാലത്തിൽ ഒഴികെ ഗുജറാത്തിലെ നീതിന്യായ സംവിധാനം നാവടക്കി നിന്നൊരു കാലമുണ്ടായിട്ടില്ല. ഭരണകൂല കൊലപാതകങ്ങളെ ഏറ്റുമുട്ടൽ മരണങ്ങൾ ആയി ചിത്രീകരിക്കുന്ന കാലത്തിലൂടെയാണ് പുസ്തകം സഞ്ചരിക്കുന്നത്.
ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ചിലത് സുരക്ഷാ സംവിധാനങ്ങൾ തന്നെ ആസൂത്രണം ചെയ്തതാണോ എന്ന് സംശയത്തിന്റെ നിഴലിലാണെന്ന് ഗ്രന്ഥകാരൻ തുറന്നു പറയുന്നു. അതിലൊന്നാണ് ഇന്ത്യൻ പാർലമെൻറിന് നേരെയുണ്ടായ ആക്രമണമെന്ന സംശയവും പുസ്തകം പങ്കുവെക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം അഫ്സൽ ഗുരു കാരവൻ പത്രാധിപർ വിനോദ് ജോസിന് നൽകിയ അഭിമുഖത്തിൽ ജമ്മു-കാശ്മീർ പൊലീസ് ഓഫിസർ നിയോഗിച്ച ദൗത്യമായിരുന്നു താൻ നിർവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2013 ഫെബ്രുവരി ഒൻപതിന് അദ്ദേഹത്തെ തൂക്കിലേറ്റി.
ഭീകരാക്രമണം നടക്കുമെന്ന് സ്വപ്നദർശനം ഉണ്ടായ പൊലീസ് ഏജൻറാണ് ആദ്യത്തെയാൾ. വിവരദാതാക്കൾ പട്ടാള വളപ്പിൽ ആദരണീയ അതിഥികളായിട്ടാണ് പരിഗണിക്കുന്നത്. ഓഫിസർമാർക്ക് വേണ്ടപ്പെട്ടയാളുകളാണിവർ. പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ലഭിക്കുന്ന അസംബന്ധങ്ങൾ നിറഞ്ഞ വിവരങ്ങൾ ഇവരിലൂടെയാണ് രഹസ്യ ഉദ്യോഗസ്ഥർ ശേഖരിക്കുന്നത്. പലപ്പോഴും പാകിസ്ഥാനികളായ വിവരദാതാക്കളെ മന:പൂർവം അതിർത്തി കടക്കാൻ അനുവദിക്കുന്നു. വിവരങ്ങൾ ലഭിക്കുന്നതിന് അവർക്ക് പ്രതിഫലവും മദ്യവും നൽകുന്നു. എന്നാൽ, അവർ നൽകുന്ന വിവരങ്ങൾക്ക് യാതൊരു സത്യസന്ധതയും ഉണ്ടാകാറില്ല. എന്നാൽ, ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയും. കശ്മീർ അതിർത്തിയിൽ ഇങ്ങനെ ഒട്ടേറെ പട്ടാളക്കാർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പുസ്തകം വ്യക്തമാക്കുന്നത്.
മനുഷ്യവകാശ പ്രവർത്തകർക്കെതിരെ യു.എ.പി.എ
പുസ്തകത്തിൻറെ ഒടുവിൽ വിശദീകരിക്കുന്നത് 2017 ഡിസംബറിലെ ഭീമ കൊറേഗാവ് സംഭവത്തെ തുടർന്നുള്ള കേസിന്റെ ചരിത്രത്തിലേക്കാണ്. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു സംഘം മനുഷ്യരെയാണ് ഭീകരവാദ ഗൂഢാലോചനയിൽ പങ്കാളികളായി മഹാരാഷ്ട്ര പൊലീസ് കുറ്റപത്രം ഫയൽ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. സുരക്ഷാ ഏജൻസികൾ സ്വന്തം തിരക്കഥ രചിക്കുന്നതിന് ഉദാഹരണമാണ് ഈ സംഭവം എന്ന് ഗ്രന്ഥകാരൻ പറയുന്നു.
ആക്ടിവിസ്റ്റായ മലയാളി റോണ വിൽസന്റെ ലാപ്ടോപ്പിൽ നിന്ന് കണ്ടെടുത്ത ഫയലുകളാണ് ഈ കേസിന്റെ പ്രധാന തെളിവ്. കമ്പ്യൂട്ടറിൽ സൈബർ ആക്രമണം നടത്തി വർഷങ്ങൾക്കു മുമ്പ് അത് പ്ലാൻറ് ചെയ്തതാണെന്ന് പരിശോധനയിൽ ആഗോളതലത്തിൽ ഏറെ ബഹുമാനിക്കുന്ന ഫോറൻസിക് വിദഗ്ധർ കണ്ടെത്തി. 2001ലെ പാർലമെൻറ് ആക്രമണ കേസിൽ അറസ്റ്റിലായ എസ്.എ.ആർ. ഗീലാനിയെ മോചിപ്പിക്കുന്നതിനെ തുടർന്ന് രൂപംകൊണ്ട കമ്മിറ്റി ഫോർ റിലീസ് പൊളിറ്റിക്കൽ പ്രിസണേഴ്സിന്റെ സ്ഥാപക അംഗമായിരുന്നു റോണ വിൽസൺ. യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായവരെ കേന്ദ്രീകരിച്ചായിരുന്നു റോണയുടെ പ്രവർത്തനം. കേന്ദ്ര സർക്കാരിന്റെ കണ്ണിലെ കരടായി ഈ മലയാളി.
അമേരിക്കൻ ആസ്ഥാനമായുള്ള ഫോറൻസിക്ക് സംഘമായ ആഴ്സണൽ കൺസൾട്ടിങ് മുംബൈ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 'ധാരാളം സമയമടക്കം ധാരാളം വിഭവങ്ങൾ' ഉള്ള ആരോ 2016 ജൂൺ 13 കമ്പ്യൂട്ടറിൽ പ്രവേശിക്കുകയും രണ്ടു വർഷത്തോളം അതിൽ കൃത്രിമങ്ങൾ നടത്തുകയും ചെയ്തു എന്നാണ്. വരവരറാവുവിന്‍റെ ഇ-മെയിൽ ഉപയോഗിക്കുന്ന ആരോ അയക്കുന്ന ഇ-മെയിൽ വഴിയാണ് റോണയുടെ കമ്പ്യൂട്ടർ നിയന്ത്രിക്കാനുള്ള നീക്കം ആരംഭിച്ചത്.
ഗൂഢാലോചന സ്ഥാപിക്കാൻ പൊലീസും പിന്നീട് എൻ.ഐ.എയും ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട പത്ത് രേഖകളും റോണാ വിൽസൻ ഒരിക്കൽ പോലും തുറന്നിട്ടില്ല എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ കൃത്രിമ തെളിവുകൾ സൃഷ്ടിച്ചത് ആര് എന്ന ചോദ്യമാണ് ഈ പുസ്തകം ഉന്നയിക്കുന്നത്. റോണ വിൽസന്‍റെ കമ്പ്യൂട്ടർ സൈബർ ആക്രമണം വഴി നിയന്ത്രിക്കുന്നതിന് പങ്കാളിയായ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഏതെങ്കിലും കാലത്ത് ശിക്ഷിക്കപ്പെടുമോ? അതിലെല്ലാം അടിയന്തരമായി പൊലീസിന്റെയും എൻ.ഐ.എയുടെയും കഥകളുടെ കള്ളി വെളിച്ചത്താവുന്ന സാഹചര്യത്തിൽ, ഈ പ്രതികൾക്ക് എത്രകാലം ജാമ്യം നീതിയും നിഷേധിക്കും? എന്നാണ് ജോസിയുടെ ചോദ്യം.
രാഷ്ട്രീയ ആഖ്യാനങ്ങളുടെ തിരക്കഥ സുരക്ഷാസംവിധാനം ഏറ്റെടുക്കുന്നതിന്റെ ഗതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അനുഭവകഥകളിലൂടെ ഈ പുസ്തകം പറയുന്നു. ഇന്ത്യൻ സുരക്ഷാ സംവിധാനത്തിനുള്ളിൽ ആഴത്തിൽ വേരുന്നിയ മുസ്ലിം വിരുദ്ധത നിലനിൽക്കുന്നുണ്ടെന്ന് ജോസി ചൂണ്ടിക്കാണിക്കുന്നു. പൊലീസിന്റെയും ജയിൽ അധികൃതരുടെയും ക്രൂരതകളും അധികാര ദുർവിനിയോഗവും അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ഇതിലുടനീളം മുഴങ്ങുന്ന ഒരു വാക്യം നിനക്ക് പ്രതിയാകണോ മാപ്പുസാക്ഷി ആകണോ എന്ന പൊലീസിന്റെ ചോദ്യമാണ്. രാജാവിന്റെ കിരീടത്തിൽ കൊരുത്ത ഫാഷിസ്റ്റ് കൊമ്പ് ആരു പിഴുതെറിയും എന്ന ചോദ്യം തന്നെയാണ് ജോസി ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.